വയനാട്ടിലെ കടുവ ഉള്ളതോ AI-യോ; കാല്പാട് കണ്ടെത്താനായില്ല, പരാതിയുമായി നാട്ടുകാർ, കുടുങ്ങുമോ ഡ്രൈവർ?

#ന്യൂസ് ഡെസ്ക്ക്
വയനാട് കമ്പളക്കാടിന് അടുത്ത് വണ്ടിയാമ്പറ്റ റോഡിന്റെ ഭാഗത്ത് കണ്ടെന്ന് തരത്തിൽ പ്രചരിക്കുന്ന കടുവയുടെ ചിത്രം
വയനാട് കമ്പളക്കാടിന് അടുത്ത് വണ്ടിയാമ്പറ്റ റോഡിന്റെ ഭാഗത്ത് കണ്ടെന്ന് തരത്തിൽ പ്രചരിക്കുന്ന കടുവയുടെ ചിത്രം

പനമരം (വയനാട്): കോട്ടത്തറ പഞ്ചായത്തിലെ വണ്ടിയാമ്പറ്റയിൽ കഴിഞ്ഞദിവസം ഇറങ്ങിയെന്നുപറയുന്ന കടുവ എഐ ചിത്രമെന്ന് സംശയം. കടുവയെ കണ്ടെന്ന്‌ കമ്പളക്കാട് ടൗണിലെ ഓട്ടോഡ്രൈവറായ അജ്മൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പ്രദേശത്ത് കടുവയുടെ കാല്പാടുകളോ സാന്നിധ്യമോ കണ്ടെത്താൻ സാധിക്കാത്തതോടെയാണ് ചിത്രം എഐ ആണെന്ന സംശയം വ്യാപകമായി പ്രചരിക്കുന്നത്. ഇതേത്തുടർന്ന് ഞായറാഴ്ച വണ്ടിയാമ്പറ്റയിലെ യുവജന ഗ്രന്ഥശാല കമ്പളക്കാട് പോലീസിൽ പരാതിനൽകി.

വാർഡംഗം എസ്.പി. സജീഷ്, ഗ്രന്ഥശാല സെക്രട്ടറി പുളിക്കൽ ശശിധരൻ, ഭാരവാഹികളായ ജലേഷ് വണ്ടിയാമ്പറ്റ, പി.കെ. സുരേഷ് എന്നിവരാണ് സ്റ്റേഷനിലെത്തി പരാതിനൽകിയത്. കടുവയുടെ ചിത്രം എഐ ആണെന്ന് പ്രദേശത്ത് പ്രചരിക്കുന്നുണ്ട്. അതിനാൽ നിജസ്ഥിതി അന്വേഷിച്ച് കണ്ടെത്തണമെന്നും ചിത്രം വ്യാജമാണെങ്കിൽ ഓട്ടോ ഡ്രൈവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതി.

ശനിയാഴ്ച പുലർച്ചെ 12.10-ഓടെയാണ് ഓട്ടോസവാരി കഴിഞ്ഞുവരുന്നതിനിടെ കമ്പളക്കാട് ടൗണിലെ ഓട്ടോഡ്രൈവറായ അജ്മൽ കടുവയെ കണ്ടെന്ന് പറയുന്നത്. കമ്പളക്കാടുനിന്നു വെണ്ണിയോട് കരിഞ്ഞകുന്നിലേക്ക് ഓട്ടംപോയി യാത്രക്കാരെ ഇറക്കി തിരിച്ചുവരുന്നതിനിടെ വണ്ടിയാമ്പറ്റയിലെ കയറ്റത്തിൽവെച്ച് കടുവയെ കണ്ടെന്നാണ് അജ്മൽ പറഞ്ഞത്. റോഡരികിലെ ഇല്ലിക്കൂട്ടത്തിൽ ഏതോ ഒരു ജീവിയുടെ തല കണ്ടു. തൊട്ടടുത്ത് വീടുകൾ ഉള്ളതിനാൽ പശുവാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ, ഇല്ലിക്കൂട്ടത്തിൽനിന്ന്‌ റോഡിലേക്കിറങ്ങിയതോടെയാണ് കടുവയാണെന്ന് മനസ്സിലായതെന്നും ഇതോടെ വാഹനം നിർത്തി കടുവയുടെ ഫോട്ടോ മൊബൈലിൽ പകർത്തുകയായിരുന്നെന്നുമാണ് അജ്മൽ പറയുന്നത്.

റോഡുമുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യം നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വനമേഖല ഇല്ലാത്ത പ്രദേശമായതിനാൽ പ്രചരിക്കുന്നത് എഐ ചിത്രമാണെന്നായിരുന്നു പലരും കരുതിയത്. എന്നാൽ, ശനിയാഴ്ച രാവിലെ കല്പറ്റ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ. ഹാഷിഫിന്റെ നേതൃത്വത്തിലുള്ള വനപാലകരും ആർആർടി ടീമും സ്ഥലത്തെത്തി അജ്മലിന്റെ ഫോണിലെ ചിത്രം പരിശോധിച്ചു.

അജ്മലിന്റെ സംസാരത്തിൽ സംശയമൊന്നും പ്രകടമായിരുന്നില്ല. ഇതോടെ പ്രദേശത്തെ ഭീതിയകറ്റുന്നതിനായി കടുവയ്ക്കായി തിരച്ചിൽ തുടങ്ങുകയായിരുന്നു. വനപാലകസംഘം സമീപത്തെ തോട്ടങ്ങളിലൂടെ പരിശോധന നടത്തി. എന്നാൽ, പാദങ്ങളോ, കടുവയുടെ സാന്നിധ്യമോ കണ്ടെത്താനായില്ല. ഉച്ചയോടെ സംഘം മൂന്നുകിലോമീറ്ററോളം ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തിയെങ്കിലും അതിലും ഒന്നും കണ്ടെത്താനായില്ല.

വൈകീട്ടോടെ ദൗത്യസംഘം പ്രദേശത്തുനിന്ന്‌ മടങ്ങിയിരുന്നു. രാത്രിയിൽ വീണ്ടും എത്തി പട്രോളിങ് നടത്തുകയും ചെയ്തിരുന്നു. ഒന്നും കണ്ടെത്താൻ സാധിക്കാതെവന്നതോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

Content Highlights: Wayanad Tiger Sighting Sparks AI Image Suspicion: Local Search Yields No Evidence