കനത്ത മഴയ്ക്ക് സാധ്യത: സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: പിടിഐ
പ്രതീകാത്മക ചിത്രം | ഫോട്ടോ: പിടിഐ

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു. 

വയനാട്

മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്‍പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും പ്രവർത്തിക്കാം.

ആലപ്പുഴ 

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും നാളെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

കാസർകോട് 

മഴയിൽ ജില്ലയിൽ പലയിടങ്ങളിലും ജലാശയങ്ങൾ കര കവിഞ്ഞൊഴുകി വെള്ളക്കെട് രൂപപ്പെട്ടതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

ഇടുക്കി

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ബുധനാഴ്ച അവധി ആയിരിക്കും. സ്കൂളുകൾ, മദ്രസകൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുഴുവൻ വിദ്യാർഥികളും താമസിച്ചുപഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കോഴ്സുകൾക്ക് അവധി ബാധകമല്ല.

പത്തനംതിട്ട

കനത്ത മഴയും പ്രളയബാധിത ക്യാമ്പുകൾ സ്‌കൂളുകളിൽ പ്രവർത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

കോട്ടയം

പ്രൊഫഷണൽക കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

എറണാകുളം

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. 

തൃശ്ശൂർ

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും, ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും, വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി, ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികൾ, കേന്ദ്രീയവിദ്യാലയങ്ങൾ, CBSE, ICSE സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ, ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമില്ല.

കണ്ണൂർ

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

കോഴിക്കോട്

ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്.

നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പ് അവസാനിക്കുന്നതുവരെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ചുരങ്ങളിലൂടെയുള്ള യാത്ര അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തണം. അത്തരം യാത്രകളിൽ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി.), ടൂറിസം വകുപ്പ് എന്നിവയ്ക്കു കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടുമെന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

Content Highlights: Educational institutions are closed on Wednesday due to heavy rainfall., A Red Alert has been officially issued for the district.