കാടിനുള്ളിൽ ഉന്നതിവാസികളോടൊപ്പം പോലീസിന്റെ പുതുവർഷാഘോഷം

#ന്യൂസ് ഡെസ്‌ക്
പന്നിപ്പാട് ഉന്നതിയിൽ നടന്ന പോലീസിന്റെ പുതുവത്സരാഘോഷത്തിൽനിന്ന്
പന്നിപ്പാട് ഉന്നതിയിൽ നടന്ന പോലീസിന്റെ പുതുവത്സരാഘോഷത്തിൽനിന്ന്

വെള്ളമുണ്ട(വയനാട്): കാടിനുള്ളിലെ പന്നിപ്പാട് ഉന്നതിവാസികളോടൊപ്പം പുതുവത്സരം ആഘോഷിക്കാൻ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി സംഘവും ഉന്നതിയിലെത്തി. പുതുവത്സരസമ്മാനങ്ങളുമായെത്തിയ പോലീസ് സംഘത്തെ എല്ലാവരും സന്തോഷത്തോടെ വരവേറ്റു. കെയ്ക്ക് മുറിച്ചും മധുരം വിതരണംചെയ്തും കായികോപകരണങ്ങളും സോളാർ ലൈറ്റുകളും നൽകിയും പോലീസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചിരികളും കൈയടികളും പാട്ടുകളും നിറഞ്ഞ നിമിഷങ്ങൾ പോലീസിനെയും ഉന്നതിവാസികളെയും അതിവേഗം പരിചിതരാക്കി. ക്യാമ്പ് ഫയറിന് ചുറ്റും പോലീസ് ഉദ്യോഗസ്ഥരുടെ ഗാനങ്ങൾക്കൊപ്പം ഉന്നതിയിലെ ഏറ്റവും മുതിർന്ന അംഗവും മൂപ്പനുമായ ദാരപ്പൻ ചുവടുവെച്ചപ്പോൾ, പ്രായഭേദമില്ലാതെ എല്ലാവരുടെയും മുഖങ്ങളിൽ ആഹ്ലാദം തെളിഞ്ഞു. 73-കാരിയായ തേയി, എഴുപതുകളിലേക്കെത്തുന്ന രാമൻ, ചന്തു, അമ്മിണി, ലക്ഷ്മി, സരോജിനി തുടങ്ങിയവരും മിടുക്കരായ ഉന്നതിയിലെ കുട്ടികൾക്കൊപ്പം ആഘോഷത്തിന്റെ ആവേശം പങ്കുവെച്ചു. കാട്ടിൽനിന്ന് ശേഖരിച്ച നൂറാൻ കിഴങ്ങും കാച്ചിലും വേവിച്ചുനൽകിയാണ് ഉന്നതിവാസികൾ തങ്ങളുടെ സന്തോഷം പ്രകടമാക്കിയത്.

തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പന്നിപ്പാട് ഉന്നതിയിലാണ് എസ്ആർഇ പദ്ധതി ഗുണഭോക്ത വിതരണവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചത്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി പരിപാടി ഉദ്ഘാടനംചെയ്യുകയും ഉന്നതിനിവാസികൾക്ക് പുതുവത്സരസമ്മാനങ്ങൾ വിതരണംചെയ്യുകയും ചെയ്തു. എന്താവശ്യങ്ങൾക്കും പോലീസ് കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എസ്എംഎസ് ഡിവൈഎസ്പി ടി.എ. അഗസ്റ്റിൻ അധ്യക്ഷതവഹിച്ചു.

തൊണ്ടർനാട് പഞ്ചായത്തംഗം ചന്തു മണപ്പാട്ടിൽ, ഉന്നതി മൂപ്പൻ ദാരപ്പൻ, ഗിരീഷ് പന്നിപ്പാട്, ജനമൈത്രി ജില്ലാ അസി. നോഡൽ ഓഫീസർ കെ.എം. ശശിധരൻ, എസ്പിസി ജില്ലാ അസി. നോഡൽ ഓഫീസർ കെ. മോഹൻദാസ്, സീനിയർ സിപിഒ ബിനോയ് ഐസക്, തൊണ്ടർനാട് സ്റ്റേഷൻ എസ്എച്ച്ഒ അബ്ദുൾ അസീസ്, സീനിയർ സിപി പി.എം. രാജേഷ് എന്നിവർ സംസാരിച്ചു.

Content Highlights: Wayanad Police, led by SP Taposh Basumatary, celebrated New Year with the Panni Paadu Adivasi community in Vellamunda. Gifts, cake, and cultural exchange fostered joy.