ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കാറപകടം വയനാട് സ്വദേശിനിയായ നവവധു മരിച്ചു

#ന്യൂസ് ഡെസ്ക്
അഫ്രീന
അഫ്രീന

മാനന്തവാടി: ബെംഗളൂരു-മൈസൂരു ദേശീയപാതയിലുണ്ടായ കാറപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. തൊണ്ടർനാട് കുഞ്ഞോത്തെ മോന്തോൽ അഫ്രീന (23)യാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം.

അഫ്രീനയുടെ ഭർത്താവ് മാനന്തവാടി ചങ്ങാടക്കടവ് സ്വദേശി ഉവൈസാണ് കാറോടിച്ചിരുന്നത്. മൂന്നുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. സഹോദരനെയും ഭാര്യയെയും ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെ ബിടതിയിൽവെച്ചാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഉവൈസിനും അഫ്രീനയ്ക്കും പുറമേ ഉവൈസിന്റെ മാതാവ് സാജിദ, സഹോദരി സഹല, സഹലയുടെ രണ്ടുവയസ്സുകാരിയായ മകൾ ഖദീജ എന്നിവരും കാറിലുണ്ടായിരുന്നു. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമാണെന്ന് കരുതുന്നു. മറ്റാർക്കും സാരമായ പരിക്കില്ല.

ഓൾ ഇന്ത്യ കെ.എം.സി.സി. ബെംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഭരത് കെമ്പണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്രീനയുടെ മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മോന്തോൽ ഹാരിസിന്റെയും സഫീറയുടെയും മകളാണ് അഫ്രീന.

സഹോദരങ്ങൾ: അഫ്രാദ്, അബ്സർ, ആയിഷ. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. തുടർന്ന് കുഞ്ഞോം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.

Content Highlights: A 23-year-old newlywed, Afreenah, died in a car accident on the Bengaluru-Mysuru highway., The accident occurred near Bidadi while returning from Kempegowda International Airport., Driver fatigue is suspected to be the cause of the crash., Other family members in the car escaped with minor injuries., The funeral will be held at Kunjom Juma Masjid kabristan.