സൂപ്പർ സ്പെഷ്യാലിറ്റിയിൽ ആകെ ഒരു ഡോക്ടർ; OP ആഴ്ചയിലൊരുദിവസം; വയനാട്ടിലുണ്ട് പേരിനൊരു മെഡിക്കൽ കോളേജ്

മാനന്തവാടി: കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവാൻ ഐ.സി.യു. സൗകര്യമുള്ള ഒരു ആംബുലൻസ് പോലുമുണ്ടായിരുന്നില്ല മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജിൽ. ആംബുലൻസിന് ഒരു ചാരിറ്റബിൾ സംഘടനയെ ആശ്രയിക്കേണ്ട നാണക്കേടുണ്ടായി മെഡിക്കൽ കോളേജിന്.
മൂന്നരമണിക്കൂർകഴിഞ്ഞാണ് ആംബുലൻസെത്തിയത്. മാത്രമല്ല, ജീവൻ രക്ഷിക്കാൻ പര്യാപ്തമായ സൗകര്യവും മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നില്ല. പോളിന്റെ മരണം, എന്തിനാണ് ഇങ്ങനെയൊരു മെഡിക്കൽ കോളേജ് എന്ന ചോദ്യമാണുയർത്തുന്നത്.
ആറുമാസമായി ഇവിടുത്തെ ഐ.സി.യു. ആംബുലൻസിന് കേടുപറ്റിയിട്ട്. അത് ഇതുവരെ നന്നാക്കാതെ ആരെ കാത്തുനിൽക്കുകയായിരുന്നുവെന്നാണ് ഉയരുന്ന ചോദ്യം. പുതിയ വാഹനമായതിനാൽ ഇൻഷുറൻസ് തുക കണക്കാക്കി വാഹനഡീലറുടെ സെന്ററിൽനിന്ന് പണികഴിപ്പിച്ച് ഇറക്കാൻ ശ്രമിച്ചിരുന്നു. സർക്കാർ അംഗീകൃത വർക്‌ഷോപ്പിൽ എത്തിക്കണമെന്ന കാരണം പറഞ്ഞ് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ അനുമതി നിഷേധിച്ചതുകൊണ്ടാണ് നന്നാക്കാൻ കഴിയാതിരുന്നതെന്നാണ് വിവരം. പക്ഷേ, ജില്ലയിലെ ഏറ്റവുംപ്രധാന ആശുപത്രിയിൽ പകരം സംവിധാനങ്ങൾ ഇല്ലെന്ന് പറയുന്നതിലുംവലിയ നാണക്കേടുണ്ടോ.
വയനാട് ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയിട്ട് മൂന്നുവർഷം പൂർത്തിയായി. വയനാട് ഗവ. മെഡിക്കൽ കോളേജിൽ കാർഡിയോ തെറാസിക് വാസ്കുലർ സർജറി സംവിധാനവും ഈ വിഭാഗത്തിലേക്കുള്ള ഡോക്ടർമാരും ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, പുല്പള്ളി പാക്കത്തെ പോളിനു തന്റെ ജീവൻ നഷ്ടമാവുമായിരുന്നില്ല. പോളിന്റെ പരിക്കിന്റെ സ്ഥിതി പരിഗണിച്ച് കാർഡിയോ വാസ്കുലർ സർജനെ മറ്റിടങ്ങളിൽനിന്നെത്തിച്ച് ചികിത്സനൽകാനുള്ള നീക്കം അധികൃതർ ശ്രമിച്ചെങ്കിലും ആവശ്യമായ സംവിധാനങ്ങളില്ലാത്തതിനാൽ ഇതിൽനിന്നു പിന്മാറുകയായിരുന്നു. ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കാർഡിയോ തെറാസിക് വാസ്കുലർ സർജറി വിഭാഗമില്ല.
എമർജൻസി മെഡിസിൻ സംവിധാനമില്ല; കാത്ത്‌ലാബും പ്രവർത്തനസജ്ജമായില്ല
അത്യാഹിതസാഹചര്യവുമായെത്തുന്ന രോഗികൾക്ക് തീവ്രപരിചരണം നൽകേണ്ട എമർജൻസി മെഡിസിൻ സംവിധാനം ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലുമില്ല. സ്വകാര്യ ആശുപത്രിയിൽ ഇത് വിരളമായുണ്ടെങ്കിലും ചെലവ് സാധാരണക്കാരനു താങ്ങാനാവുന്നതല്ല. താമരശ്ശേരി, പക്രംതളം, പേര്യ, പാൽച്ചുരം വഴിമാത്രമേ ജില്ലയിൽനിന്ന് പുറത്തേക്ക് പോകാനാവൂ. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രിയിലേക്കുംമറ്റും പോകാനായി കൂടുതൽപ്പേരും ആശ്രയിക്കുന്നത് താമരശ്ശേരി ചുരമാണ്. ഈ ചുരത്തിൽ ഗതാഗതക്കുരുക്കും പതിവാണ്.
ജില്ലാ ആശുപത്രിയായിരുന്ന സമയത്ത് 2018-ലാണ് വയനാട്ടിൽ കാത്ത്‌ലാബ് പ്രഖ്യാപിച്ചത്. പക്ഷേ, ഇനിയും പ്രവർത്തനസജ്ജമായില്ല. 2023 ഏപ്രിലിൽ മുഖ്യമന്ത്രി കാത്ത്‌ലാബ് ഉദ്ഘാടനംചെയ്തെങ്കിലും ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ ഇതുവരെ നൽകിയില്ല. നവകേരളസദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി ജില്ലയിലെത്തുന്നതിന്റെ തലേദിവസം രണ്ടുപേരെ എക്കോ കാർഡിയോഗ്രാമിനു വിധേയരാക്കി കാത്ത്‌ലാബ് പ്രവർത്തനം തുടങ്ങിയെന്നാണ് അറിയിച്ചത്. പിന്നീട് ഒന്നുമുണ്ടായില്ല.
സൂപ്പർ സ്പെഷ്യാലിറ്റിയിൽ ആകെ ഒരു ഡോക്ടർ; ഒ.പി. ആഴ്ചയിലൊരുദിവസം
കാർഡിയോളജി ഒ.പി.ക്കായി മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നുള്ള രണ്ട് സീനിയർ റെസിഡന്റുമാരെ നിയമിച്ച് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒ.പി. സൗകര്യമൊരുക്കിയിരുന്നു. കാത്ത്‌ലാബിന്റെ പ്രവർത്തനങ്ങൾക്കായി മറ്റൊരു കാർഡിയോളജിസ്റ്റിനെ വർക്കിങ് അറേഞ്ച്‌മെന്റിലും നിയമിച്ചു. കാലാവധി അവസാനിച്ച് സീനിയർ റെസിഡന്റുമാർ പോയതോടെ കാത്ത്‌ലാബിന്റെ കാര്യങ്ങൾ നോക്കുന്ന കാർഡിയോളജിസ്റ്റ് തന്നെയാണ് ആഴ്ചയിൽ ഒരുദിവസം (ചൊവ്വാഴ്ച) ഒ.പി.യിലിരിക്കുന്നത്. കാർഡിയോളജി ഒ.പി. ഒറ്റദിവസമായി ചുരുങ്ങിയിട്ടും വലിയ പ്രതിഷേധങ്ങളൊന്നുംതന്നെ ഉണ്ടായതുമില്ല. മെഡിസിൻ വിഭാഗത്തിലും ഡോക്ടർമാരുടെ കുറവ് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം യാഥാർഥ്യമാക്കിയാൽമാത്രമേ ജില്ലയിലെ ജനം അനുഭവിക്കുന്ന ദുരിതത്തിന് അറുതിയാകൂ.
വേണ്ടത് എയർ ആംബുലൻസ്
ജില്ലയിലെ യാത്രാക്ലേശവും മികച്ച ആശുപത്രികളില്ലാത്ത കാര്യവും പരിഗണിച്ച് വയനാടിനായി സ്ട്രച്ചർ സംവിധാനമുള്ള ഐ.സി.യു. എയർ ആംബുലൻസ് അനുവദിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. മുമ്പെങ്ങുമില്ലാത്തവിധം വന്യമൃഗശല്യം ജില്ലയിൽ ഇപ്പോൾ ഉണ്ടാവുന്നുണ്ട്. എന്തെങ്കിലും അത്യാഹിതവുമായി എത്തുന്നവരെ അടിയന്തരസാഹചര്യത്തിൽ ജില്ലയ്ക്കുപുറത്തുള്ള മറ്റ് ആശുപത്രികളിലെത്തിക്കാൻ എയർ ആംബുലൻസ് മാത്രമേ നിർവാഹമുള്ളൂ. അടിയന്തരസാഹചര്യം നേരിടുന്ന രോഗിയെ ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രത്തോടെ കളക്ടറുടെയോ മറ്റോ അനുമതിയോടെ കൊണ്ടുപോകാൻ സാധിക്കുന്നതരത്തിലുള്ള എയർ ആംബുലൻസ് വയനാട്ടിൽ യാഥാർഥ്യമാക്കുകയെന്നതാണ് ഇപ്പോൾ ഏറ്റവുംപെട്ടെന്നു ചെയ്യേണ്ട കാര്യം.
Content Highlights: wayanad medical college crisis