വയനാട് തിരഞ്ഞെടുപ്പ്; കുടിയേറ്റമേഖലകളില്‍ വേരോട്ടമുറപ്പിച്ച് ബിജെപി; രണ്ടിടത്ത് രണ്ടാം സ്ഥാനത്ത്

Photo: AFP
Photo: AFP

തിരുവമ്പാടി: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ക്രിസ്ത്യന്‍ കുടിയേറ്റപ്രദേശങ്ങളില്‍ വേരോട്ടമുറപ്പിച്ച് ബി.ജെ.പി. പോളിങ് ശതമാനം കുറഞ്ഞിട്ടും തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകള്‍ വര്‍ധിച്ചു. കൂടരഞ്ഞി പഞ്ചായത്തില്‍ കഴിഞ്ഞതവണത്തെ വോട്ട് നിലനിര്‍ത്താനുമായി. 

തിരുവമ്പാടി പഞ്ചായത്തില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ആകെ നേടിയത് 2041 വോട്ടുകളായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ 2110 വോട്ടുകളായി വര്‍ധിച്ചു. മാത്രമല്ല 74-ാം ബൂത്തിലും 76-ാം ബൂത്തിലും എല്‍.ഡി.എഫിനെ മറികടന്ന് രണ്ടാംസ്ഥാനത്തെത്തി. 75-ാം ബൂത്തില്‍ 226 വോട്ടുകള്‍ നേടി ഏതാണ്ട് രണ്ടാംസ്ഥാനത്തിനടുത്തെത്തി. 

ഇവിടെ രണ്ടാംസ്ഥാനത്തുള്ള എല്‍.ഡി.എഫിന് 228 വോട്ടുകളാണ് ലഭിച്ചത്. കോടഞ്ചേരി പഞ്ചായത്തില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെ ലഭിച്ച 1885 വോട്ടുകള്‍ ഇത്തവണ 1921 ആയി വര്‍ധിച്ചു. കോടഞ്ചേരിയില്‍ ആദ്യമായി ബി.ജെ.പി. രണ്ട് ബൂത്തുകളില്‍ രണ്ടാംസ്ഥാനത്തുമെത്തി. 48, 55 ബൂത്തുകളില്‍ ഇടതുപക്ഷത്തെ മറികടന്നാണ് ഈ മുന്നേറ്റം. 

പുതുപ്പാടി പഞ്ചായത്തിലെ കുപ്പായക്കോട് 28-ാം ബൂത്തില്‍ 104 വോട്ടുകള്‍ നേടി എല്‍.ഡി.എഫിനെ പിന്നിലാക്കി ബി.ജെ.പി. രണ്ടാമതെത്തി. കൂടരഞ്ഞി പഞ്ചായത്തിലെ 93-ാം ബൂത്തിലും ഇടതുപക്ഷത്തെ മറികടന്ന് ബി.ജെ.പി. രണ്ടാംസ്ഥാനത്തെത്തി. കൂടാതെ മുക്കം നഗരസഭയിലെ 106, 109, 110 ബൂത്തുകളിലും നവ്യാ ഹരിദാസ് രണ്ടാമതെത്തി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ കെ. സുരേന്ദ്രന് ലഭിച്ചത് 13,374 വോട്ടുകളായിരുന്നു. പോളിങ് ശതമാനം കുറഞ്ഞിട്ടും നവ്യാ ഹരിദാസിന് മണ്ഡലത്തില്‍ 11,932 വോട്ടുകള്‍ നേടാനായി. കുറവുവന്നത് 1382 വോട്ടുകള്‍. 2019-നെ അപേക്ഷിച്ച് 4225 വോട്ടുകള്‍ കൂടി. അതേസമയം ഇടതുപക്ഷത്തിന് കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ 7042 വോട്ടുകള്‍ കുറഞ്ഞു.

പ്രചാരണത്തിന്റെ തുടക്കംമുതല്‍തന്നെ ദേശീയ, സംസ്ഥാന നേതാക്കളായ പ്രകാശ് ജാവഡേക്കര്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. മുനമ്പം വഖഫ് വിഷയം, ഇ.എസ്.എ., ഇ.എഫ്.എല്‍. വിഷയങ്ങളില്‍ പാര്‍ട്ടിനിലപാട് ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ ഫലമാണ് വോട്ട് വര്‍ധനയെന്ന് സംസ്ഥാനസമിതിയംഗം ഗിരീഷ് തേവള്ളി പറഞ്ഞു.

Content Highlights: Wayanad Lok Sabha byelection, BJP Increase vote share in Christian majority areas