അവനെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി പറഞ്ഞു, ‘അതിജീവനത്തിന്റെ സന്ദേശമാണ് ഈ കൊച്ചുകുട്ടി’

മുഖ്യമന്ത്രി പിണറായി വിജയൻ അവ്യക്തിനോട് സംസാരിക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ അവ്യക്തിനോട് സംസാരിക്കുന്നു

കല്പറ്റ : കറുത്തയുടുപ്പിട്ട് നിറഞ്ഞചിരിയുമായി അവ്യക്തും അമ്മ രമ്യയ്ക്കൊപ്പം തറക്കല്ലിടൽ ചടങ്ങിനെത്തിയിരുന്നു. അതിജീവനത്തിന്റെ സന്ദേശമാണ് ഈ കൊച്ചുകുട്ടി -മുഖ്യമന്ത്രി പിണറായി വിജയൻ അവ്യക്തിനെ സദസ്സിനൊന്നാകെ പരിചയപ്പെടുത്തിയത് അങ്ങനെയാണ്. മൂക്കിലും വായിലും നിറയെ ചെളിനിറഞ്ഞു, ശ്വാസകോശത്തിൽവരെ ചെളിനിറഞ്ഞ അവസ്ഥയിലായിരുന്നു അവ്യക്ത്. കുത്തിയൊലിച്ചെത്തിയ പാറക്കല്ലുകൾക്കിടയിൽനിന്നാണ് അവനെ ആശുപത്രിയിലെത്തിച്ചത്. അവ മാറ്റി അവ്യക്ത് പുതുജീവനിലേക്ക് കടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിറഞ്ഞകൈയടികളോടെയാണ് സദസ്സ് അവ്യക്തത്തിന്റെ പോരാട്ടത്തിന്റെ കഥകേട്ടത്.

സദസ്സിലിരിക്കുകയായിരുന്ന അവ്യക്തിനെ മന്ത്രി കെ. രാജനാണ് വേദിയിലേക്ക് കൊണ്ടുപോയി മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത്. അവ്യക്തിനെ ചേർത്തുപിടിച്ച്‌ അടുത്തുനിർത്തി മുഖ്യമന്ത്രി. ഏതു ക്ലാസിലാണ്, പഠിക്കുന്നുണ്ടോ - മുത്തശ്ശന്റെ വാത്സല്യത്തോടെ മുഖ്യമന്ത്രിയുടെ അന്വേഷണങ്ങൾ. എല്ലാറ്റിനും ഉത്തരമൊക്കെ പറഞ്ഞുവെന്നാണ് അവ്യക്തിന്റെ മറുപടി. എന്താവശ്യത്തിനും ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായും അവ്യക്ത് പറഞ്ഞു.

Related News: ഉരുൾപൊട്ടലിൽ ​ഗുരുതരപരിക്കേറ്റ അവ്യക്ത് എത്തിയത് തിരിച്ചറിയാൻപോലും ആവാതെ, മടക്കം മിടുക്കനായി

ഉറങ്ങിക്കിടക്കുമ്പോൾ ഉരുളെടുത്ത കുടുംബത്തിൽ ബാക്കിയായത് അവ്യക്തും അമ്മ രമ്യയും മാത്രമാണ്. ഇരുവർക്കും ഗുരുതര പരിക്കുണ്ട്. അച്ഛൻ മഹേഷ്, സഹോദരി ആരാധ്യ, മുത്തച്ഛൻ വാസു, മുത്തശ്ശി ഓമനയെന്നിങ്ങനെ കുടുംബമൊന്നാകെ ദുരന്തത്തിൽ മരിച്ചു. അവ്യക്തിന്റെ കൂട്ടുകാരനായ നിവേദാണെന്ന് തെറ്റിദ്ധരിച്ച് നിവേദിന്റെ കുടുംബത്തിന്റെ പരിചരണത്തിലായിരുന്നു കുട്ടി. ആശുപത്രിയിൽ കൂട്ടിരുന്നതെല്ലാം നിവേദിന്റെ കുടുംബമായിരുന്നു. ദിവസങ്ങൾക്കുശേഷം അവ്യക്തിന് ബോധം വന്നപ്പോഴാണ് കുടുംബം വിവരമറിഞ്ഞത്. ഇപ്പോഴും ചികിത്സ തുടരുന്നുണ്ട് അവ്യക്തും അമ്മ രമ്യയും.

Content Highlights: CM Pinarayi Vijayan meets Chooralmala-Mundakkai landslide survivor Avyakth