കള്ളാടി ദുരന്തം: ‘എന്നെയീ മണ്ണിൽ തനിച്ചാക്കല്ലേ’... പ്രിയതമൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കല്പന

മേപ്പാടി: ''എനിക്ക് മറ്റൊന്നും അറിയേണ്ട, കേൾക്കേണ്ട. അദ്ദേഹം തിരിച്ചുവന്നാൽ മാത്രംമതി...'' - വീട്ടുവാതിൽക്കൽ എളിയിൽ കൈകുത്തിനിന്ന് ഇങ്ങനെ പറയുമ്പോഴും കല്പനയെന്ന ഇരുപതുകാരിയുടെ കൺകോണിൽ നിറയുന്നത് പ്രിയതമൻ തിരിച്ചുവരുമെന്ന പ്രതീക്ഷ. ഭർത്താവ് രാഹുൽ ശർമയെ (27) വിഴുങ്ങിയ മൺകൂനയുടെ വലുപ്പം അവളറിഞ്ഞിട്ടില്ല.
എപ്പോൾ വേണമെങ്കിലും നിറചിരിയുമായി അദ്ദേഹം തിരിച്ചെത്തുമെന്ന ഉറപ്പിലായിരുന്നു അവൾ. നെറുകയിലിപ്പോഴും നിറയെ സിന്ദൂരം. കൈകളിൽ ഉത്തരേന്ത്യൻ നവവധു അണിയുന്ന ചുവന്ന വളകൾ (ചൂട). നവവധുവിന്റെ സ്വപ്നങ്ങളുടെ അഴകുണ്ട് ചെമ്പ്രറോഡിലെ ആ വാടക വീടിനൊന്നാകെ.
'ബാബി'യോട് (സഹോദരഭാര്യ) പൂർണമായി ഒന്നും പറഞ്ഞിട്ടില്ല - രാഹുലിന്റെ സഹോദരൻ റോഹിത് അടുത്തേക്ക് ഓടിയെത്തി പറഞ്ഞു. ഹിമാചൽ പ്രദേശിലെ മൺഡി സ്വദേശിയാണ് എൻജിനിയറായ രാഹുൽ. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് പോയത്.
ദുബായിയിൽ ഷെഫായ സഹോദരൻ അപകടവിവരമറിഞ്ഞാണ് വയനാട്ടിലെത്തിയത്. രാഹുൽ ജോലിചെയ്ത തുരങ്കപാതയുടെ കരാറെടുത്ത ദിലീപ് ബിൽഡ് കോൺ ലിമിറ്റഡ് ഉദ്യോഗസ്ഥരാണ് വിവരമറിയിച്ചത്. ഹിമാചലിൽ നിന്നുവന്ന അച്ഛൻ രൂപ്ദേവ് ശർമയും അമ്മാവൻ രാംവീർ ശർമയുമാണ് ഒപ്പമുള്ളത്. മൂവരും ചെമ്പ്രറോഡിലെ വാടകവീട്ടിലെത്തിയപ്പോഴാണ് കല്പന അപകടത്തെക്കുറിച്ച് അറിയുന്നത്.
''മകളോട് ഞങ്ങളെന്താണ് പറയുക'' - രാഹുലിന്റെ പിതാവ് രൂപ്ദേവ് വിതുമ്പുന്നു. കഴിഞ്ഞ ഫെബ്രുവരി 21-നായിരുന്നു രാഹുലിന്റെയും കല്പനയുടെയും വിവാഹം. ദുരന്തഭൂമി സന്ദർശിച്ചതോടെ ആകെ പകപ്പിലാണ് സഹോദരൻ റോഹിത്. ''വയനാട്ടിലെത്തിയെങ്കിലും ആരെ ബന്ധപ്പെടണം, ആരോട് പരാതി പറയണം -ഒന്നിലും വ്യക്തതയില്ല. ഇതുവരെ കണ്ടതും സംസാരിച്ചതും രാഹുൽ ജോലിചെയ്ത കമ്പനിയിലെ ഉദ്യോഗസ്ഥരോടു മാത്രമാണ്. കേരളത്തിൽനിന്ന് ആരും വിളിച്ചിട്ടില്ല. ഞാനെന്താ ചെയ്യേണ്ടത്, ഒന്നും അറിയുന്നില്ല'' - റോഹിത് ആകെ നിസ്സഹായനായി.
വിഷമിക്കരുതെന്നാശ്വസിപ്പിച്ച് ഉടനെ മന്ത്രി ടി. സിദ്ദിഖിനെ ഫോണിൽ വിളിച്ചുനൽകി. വിവരങ്ങൾ അതതുസമയം അറിയിക്കാൻ സംവിധാനമൊരുക്കാമെന്നും മുഖ്യമന്ത്രി വി.ഡി. സതീശനെ കളക്ടറേറ്റിൽ കാണാൻ അവസരമൊരുക്കാമെന്നും സിദ്ദിഖ് ഉറപ്പുനൽകി.
അപ്പോഴും വീട്ടിലെ ഒരു മുറിയിൽ തിരക്കിലായിരുന്നു കല്പന. ഇനി നാട്ടിൽത്തന്നെ താമസിച്ചാൽ മതിയെന്നാണ് അച്ഛൻ പറയുന്നത്. ഞാൻ ബാഗുകൾ തയ്യാറാക്കുകയാണ്- കല്പന പറഞ്ഞു.
വ്യാഴാഴ്ച 'ബാബി'യും അച്ഛനും നാട്ടിലേക്കു തിരിക്കുമെന്ന് റോഹിത് പറഞ്ഞു. 'ബാബി'യുടെ വീട്ടിലും അറിയിക്കണം. അമ്മ മഞ്ജുകുമാരിക്കും ഒന്നും അറിയില്ല. അപ്പോഴും മകന്റെ വിവാഹചിത്രങ്ങൾ മൊബൈലിൽ നോക്കുകയാണ് രൂപ്ദേവ്. ''നോക്കൂ എന്റെ മകൻ സുന്ദരനല്ലേ, മരുമകളെ നോക്കൂ...''- അയാൾ ഓരോ ചിത്രങ്ങളും കാണിച്ചുതന്നു.
എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നറിയിച്ച് ഇറങ്ങാനൊരുങ്ങുമ്പോൾ കല്പന അരികിലേക്കെത്തി. അവളുടെ കണ്ണുകൾ നിറഞ്ഞു, അതുവരെ കാണിച്ച ധൈര്യം പാടെ തകർന്നു. ''അദ്ദേഹം വരില്ലേ, എന്നെ തനിച്ചാക്കുമോ...'' അവളുടെ കരച്ചിലുയർന്നു... പ്രിയപ്പെട്ടവളുടെ കണ്ണീരിന്റെ പിൻവിളിയിൽ രാഹുൽ തിരികെയെത്തുമെന്ന്് പ്രത്യാശിക്കാനല്ലേയാവൂ....
Content Highlights: Chronicles the emotional ordeal of Kalpana, a 20-year-old newlywed waiting for her husband Rahul Sharma., Details the uncertainty faced by the family of the Himachal Pradesh engineer missing in the Wayanad landslide., Highlights the lack of coordination and communication faced by victims' families with local authorities., Documents the intervention of Minister T. Siddique to provide support and administrative clarity.