വയനാട്: 2219 കോടിയുടെ അപേക്ഷ പരിഗണനയിലെന്ന് കേന്ദ്രം; സംസ്ഥാന സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയല്‍)
മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയല്‍)

കൊച്ചി:വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസത്തിനായി 2219.033 കോടിയുടെ അധികസഹായത്തിനായി നവംബര്‍ 13-ന് സംസ്ഥാനം നല്‍കിയ അപേക്ഷ പരിഗണനയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലായ ദുരന്തനിവാരണ വിഭാഗം ഡയറക്ടര്‍ ആശിഷ് വി. ഗവായുടെ വിശദീകരണം സീനിയര്‍ പാനല്‍ കൗണ്‍സല്‍ ടി.സി. കൃഷ്ണയാണ് ഫയല്‍ ചെയ്തത്.

സാധാരണ ദുരന്തങ്ങളില്‍ എസ്.ഡി.ആര്‍.എഫില്‍നിന്നാണ് തുക ചെലവഴിക്കേണ്ടത്. വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ദേശീയ ദുരന്തപ്രതികരണ നിധിയില്‍നിന്നും തുക അനുവദിക്കും. ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥയില്ല.

2024-25 വര്‍ഷം എസ്.ഡി.ആര്‍.എഫിലേക്ക് 380 കോടി അനുവദിച്ചെന്നും വ്യക്തമാക്കി.

കണക്കില്ല, കണക്കിന് കിട്ടി

സംസ്ഥാന ദുരന്തപ്രതികരണ നിധിയിലുള്ള (എസ്.ഡി.ആര്‍.എഫ്.) 677 കോടി എന്തിനുവേണ്ടി ചെലവഴിക്കാനുള്ളതാണെന്നതില്‍ വ്യക്തമായ വിശദീകരണം നല്‍കാനാവാത്ത സംസ്ഥാനസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കടം വാങ്ങാന്‍ പോകുമ്പോള്‍ കടം തരുന്നവരോട് കൃത്യമായി കണക്കുപറയേണ്ടേ എന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ച് ചോദിച്ചു.

677 കോടിയില്‍നിന്ന് എത്രരൂപ വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ചെലവഴിക്കാന്‍ കഴിയുമെന്നറിയില്ലെങ്കില്‍ പിന്നെ എങ്ങനെ പണമില്ലെന്നു പറയും. ഇതില്‍ എത്രരൂപ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളതാണെന്ന് വ്യക്തമായി പറയണം. അതിനുശേഷം സഹായം അനുവദിക്കുന്നതിനെക്കുറിച്ച് കേന്ദ്രത്തോട് പറയാമെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കണക്കില്‍ വ്യക്തതവരുത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വിഷയം 12-ന് പരിഗണിക്കാന്‍ മാറ്റി.

എസ്.ഡി.ആര്‍.എഫില്‍ വിനിയോഗിക്കാതെകിടക്കുന്ന ഫണ്ടിന്റെപേരില്‍ കേന്ദ്രസഹായം വൈകുന്നത് കണക്കിലെടുത്താണ് കോടതിയുടെ ഇടപെടല്‍. ചൂരല്‍മല-മുണ്ടക്കൈ  പുനരധിവാസവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ആരെയാണ് വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത്

ഒരോ വര്‍ഷവും ശരാശരി 700 കോടിയിലധികം രൂപ എസ്.ഡി.ആര്‍.എഫില്‍നിന്ന് ചെലവഴിക്കേണ്ടതുണ്ടെന്ന് കോടതിയില്‍ ഹാജരായ അക്കൗണ്ട്‌സ് ഓഫീസര്‍ വിശദീകരിച്ചു. വയനാട്ടില്‍ ഉണ്ടായതുപോലുള്ള വലിയ ദുരന്തങ്ങള്‍ ഇതില്‍ വരില്ല.

677 കോടിയില്‍ എത്ര ഉപയോഗിക്കാമെന്നതില്‍ ഒരു ധാരണയുമില്ല, എന്നിട്ട് അടിയന്തരമായി 240 കോടി വേണമെന്ന് ആവശ്യപ്പെട്ടു. പരസ്പരം ആരോപണം ഉന്നയിക്കുന്നത് നിര്‍ത്തണം. ദുരന്തബാധിതരെ അപമാനിക്കരുത് -കോടതി പറഞ്ഞു.

677 കോടിയില്‍നിന്ന് എത്ര കൊടുക്കാനുണ്ടെന്ന ചോദ്യത്തിന് ആ വിവരം കളക്ടര്‍മാരില്‍നിന്ന് ശേഖരിക്കണമെന്നാണ് അക്കൗണ്ട്‌സ് ഓഫീസര്‍ അറിയിച്ചത്. കൃത്യമായി ഓഡിറ്റ് നടക്കുന്നുണ്ടോ എന്നും കോടതി ആരാഞ്ഞു. താന്‍ 12 ദിവസംമുന്‍പ് മാത്രമാണ് ചാര്‍ജെടുത്തതെന്നായിരുന്നു മറുപടി.

എത്ര തുക ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തിനായി ചെലവഴിക്കാം എന്ന് കൃത്യമായി പറയണം. അതല്ലാതെ ആരെയാണ് വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത് -കോടതി ചോദിച്ചു.

സ്ഥലംവാങ്ങാന്‍ എസ്.ഡി.ആര്‍.എഫിലെ തുക ഉപയോഗിക്കാനാകില്ല

എസ്.ഡി.ആര്‍.എഫിലുള്ള തുകയില്‍നിന്ന് പുനരധിവാസത്തിനായി ഭൂമി വാങ്ങുന്നതിനടക്കം തുക ചെലവഴിക്കാനാകില്ലെന്നത് അമിക്കസ് ക്യൂറി രഞ്ജിത് തമ്പാന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് ഇതിനടക്കം ഫണ്ട് വിനിയോഗിക്കുന്നതെന്നും വിശദീകരിച്ചു.


 

Content Highlights: wayanad landslide-HC slams Kerala govt over lack of clarity in SDRF balance