വയനാട് 'എന്റെ കേരളം' പ്രദർശന വിപണനമേള കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ മൈതാനത്ത് ഏപ്രിൽ 22 മുതൽ 28 വരെ

.
.

കല്പറ്റ : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷമായ 'എന്റെ കേരളം' പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിൽ പ്രദർശന വിപണന കാർഷിക ഭക്ഷ്യമേള കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ മൈതാനത്ത് ഏപ്രിൽ 22 മുതൽ 28 വരെയാണ് നടക്കുന്നത്.  

എന്റെ കേരളത്തിന്റെ ഭാഗമായുള്ള പ്രദർശനവിപണനമേളയ്ക്കായി കല്പറ്റ എസ്‌കെഎംജെ സ്‌കൂളിൽ ഒരുക്കിയ പവിലിയൻ ഉച്ചയ്ക്ക് ഒന്നിന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, വിപണനസ്റ്റാളുകൾ, സെമിനാറുകൾ, കലാ-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ- പുസ്തകമേള, കാർഷിക പ്രദർശനം എന്നിവ നടന്നു.

ഏപ്രിൽ 23-ന് കാർഷിക കർഷകക്ഷേമവകുപ്പിന്റെ 'കാപ്പി, കുരുമുളക് ശാസ്ത്രീയ പരിപാലനം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. 24-ന് ലൈബ്രറി കൗൺസിലിന്റെ 'ബഹുസ്വര സംസ്‌കാരത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ സെമിനാറും ജില്ലാ ലൈബ്രറിസംഗമവും നടന്നു. ഏപ്രിൽ 25- ന് തദ്ദേശസ്വയംഭരണവകുപ്പ് 'കെ-സ്മാർട്ട്: സ്മാർട്ടാകുന്ന കേരളം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. എക്‌സൈസ് വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി 'സെറ്റാകാം ബ്രോ ജീവിതത്തോട്' ലഹരിവിരുദ്ധ സംവാദ പരിപാടി 26-നും നടത്തും. 'തുടർവിദ്യാഭ്യാസം അനന്തസാധ്യതകൾ' എന്ന വിഷയത്തിൽ ജില്ലാ സാക്ഷരതാമിഷൻ സെമിനാർ അവതരിപ്പിക്കും. വിനോദസഞ്ചാരവകുപ്പ് 'സാഹസികവിനോദസഞ്ചാരം: വികസന കാഴ്ചപ്പാട്, ഡിജിറ്റൽ മാർക്കറ്റിങ്ങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്നീ വിഷയങ്ങളിലും പിന്നാക്കവികസനവകുപ്പ് കരിയർഗൈഡൻസ് വിഷയത്തിലും സെമിനാറുകൾ നടത്തും.

പുസ്തകമേള
മേളയിൽ ശ്രദ്ധേയമായ പുസ്തകങ്ങളുമായി മാതൃഭൂമി ബുക്‌സിന്റെയും മറ്റു പ്രസാധകരുടെയും പുസ്തകമേളയും ഉണ്ടായിരിക്കും. മാതൃഭൂമി ബുക്‌സിന് പുറമേ ഡിസി ബുക്സ്, നാഷണൽ ബുക്സ് സ്റ്റാൾ, പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റ് തുടങ്ങി മലയാളത്തിലെ മുൻനിര പ്രസാധകർ നാലുസ്റ്റാളുകളിലായി  പുസ്തകമേള സജ്ജീകരിക്കുന്നുണ്ട്.

കലാ-സാംസ്‌കാരിക പരിപാടികൾ
ഏപ്രിൽ 22-ന് ആൽമരം ബാൻഡ് സംഗീതവിരുന്ന് അവതരിപ്പിച്ചു. 23-ന് തുടിത്താളം നാടൻപാട്ടുകളും നാടൻകലകളും അവതരിപ്പിച്ചു. 24-ന് കൊയിലാണ്ടി കൊല്ലം സ്‌കോർപിയോൺസ് ഡാൻസ്‌കമ്പനി അക്രോബാറ്റിക് ഫയർഡാൻസ്, ഉണർവ് നാട്ടുത്സവം, 25-ന് സമീർ ബിൻസി നയിക്കുന്ന സൂഫിസംഗീതം, 26-ന് കണ്ണൂർ ഷെരീഫും ഫസീലബാനുവും നയിക്കുന്ന മ്യൂസിക് നൈറ്റ്, 27-ന് മാങ്കോസ്റ്റിൻ മ്യൂസിക് ബാൻഡിന്റെ സംഗീതവിരുന്ന്, 28-ന് സിനിമാതാരം കൃഷ്ണപ്രഭ നയിക്കുന്ന ലൈൻ ബാൻഡ് സംഗീതനിശ എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകീട്ട് എട്ട് മണിവരെയാണ് പരിപാടികൾ. മേളയിൽ പ്രവേശനം സൗജന്യമാണ്.
 

Content Highlights: Ente Keralam`s Agri Food Fest in Kalpetta, Wayanad, April 22-28.