വിഷം കഴിച്ചു, കൈ മുറിച്ച് കുളത്തില്‍ ചാടി; നാടിന്റെ സ്വന്തം ജോസേട്ടന്‍, ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

ജോസ് നെല്ലേടത്തിന്റെ മൃതദേഹം പെരിക്കല്ലൂര്‍ മൂന്നുപാലത്തെ വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന ഭാര്യ ഷീജയും മകന്‍ ആദര്‍ശും
ജോസ് നെല്ലേടത്തിന്റെ മൃതദേഹം പെരിക്കല്ലൂര്‍ മൂന്നുപാലത്തെ വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന ഭാര്യ ഷീജയും മകന്‍ ആദര്‍ശും

പുല്പള്ളി(വയനാട്): കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായിരുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ നെല്ലേടത്ത് ജോസിനെ (55) വീടിനടുത്ത് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 9.45-ഓടെ കുളത്തിന് സമീപത്തുനിന്ന് ചുമയ്ക്കുന്ന ശബ്ദംകേട്ട് നോക്കിയ അയല്‍വാസിയാണ് അവശനിലയില്‍ ജോസിനെ കണ്ടത്. തുടര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യാശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വിഷംകഴിച്ചനിലയിലും ഇടതുകൈയിലെ ഞരമ്പ് മുറിഞ്ഞനിലയിലുമാണ് കണ്ടെത്തിയത്.

മരണത്തിന് കാരണമായത് പുല്ല് കരിക്കാന്‍ ഉപയോഗിക്കുന്നതരത്തിലുള്ള കീടനാശിനിയാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമികനിഗമനം. കൈ മുറിച്ചിട്ടുണ്ടെങ്കിലും രക്തധമനി മുറിഞ്ഞിട്ടില്ല. കുളത്തില്‍ ചാടിയപ്പോള്‍ വയറില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോസിന്റെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

പെരിക്കല്ലൂരിലെ കണ്‍സ്യൂമര്‍ സ്റ്റോറിന്റെ ഉടമയാണ് ജോസ്. പരേതരായ കുര്യന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: കൊച്ചുപുരയില്‍ ഷീജ. മക്കള്‍: അനീഷ (ദുബായ്), ആദര്‍ശ് (ബെംഗളൂരു). സഹോദരങ്ങള്‍: ലില്ലി പാലനില്‍ക്കുംതടത്തില്‍, സിസിലി കാര്യപ്ര, ചിന്നമ്മ (ബെംഗളൂരു), ജോണി കടമ്പൂര്‍, ഫാ. മാത്യു (ബേബി-സിഎംഐ പൂഞ്ച്, കശ്മീര്‍), സജി (ബെംഗളൂരു). സംസ്‌കാരം ശനിയാഴ്ച വൈകീട്ട് പട്ടാണിക്കൂപ്പ് പള്ളിയില്‍.

നാടിന്റെ സ്വന്തം ജോസേട്ടന്‍
പുല്പള്ളി: നാടിന്റെ വികസനത്തിനും പ്രശ്‌നപരിഹാരത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍നിന്ന ജനകീയനും തികഞ്ഞ മനുഷ്യസ്‌നേഹിയുമായിരുന്നു മുള്ളന്‍കൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടം. പഞ്ചായത്തംഗമെന്നതിനപ്പുറം മുള്ളന്‍കൊല്ലിയിലെയും ജില്ലയിലെ പല മേഖലകളിലും കര്‍മനിരതനായിരുന്നു അദ്ദേഹം. നാടിന്റെ വികസനസ്പന്ദനങ്ങളറിഞ്ഞ നേതാവ്. കടമാന്‍തോട് ഡാം പദ്ധതി നടപ്പാക്കണമെന്നതുള്‍പ്പെടെയുള്ള ജനകീയാവശ്യങ്ങള്‍ക്കായി മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു.

യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ജോസ് 2015-ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി പഞ്ചായത്തംഗമായി. 2020-ലെ തിരഞ്ഞെടുപ്പില്‍ വിമതനായാണ് മത്സരിച്ചത്. മൂന്ന് പ്രധാന പാര്‍ട്ടിസ്ഥാനാര്‍ഥികളെയും വെല്ലുവിളിച്ച് മത്സരിച്ച ജോസ് നൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചത് ജനകീയപിന്തുണയുടെ തെളിവായിരുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍നിന്ന് അടുപ്പിച്ച് രണ്ടുതവണയായി ജോസ് തിരഞ്ഞെടുക്കപ്പെട്ടു. വിമതനായി മത്സരിച്ചതോടെ കോണ്‍ഗ്രസ് പുറത്താക്കിയ ജോസ് അധികം വൈകാതെ പാര്‍ട്ടിയില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ സ്വീകാര്യത കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്തും എത്തിച്ചു.

പെരിക്കല്ലൂര്‍ പ്രദേശത്ത് മൈനര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ കനാലുകള്‍ നിര്‍മിച്ചുള്ള ജലസേചന പദ്ധതിക്ക് ചുക്കാന്‍പിടിച്ചത് ജോസായിരുന്നു. പെരിക്കല്ലൂര്‍ ഗവ. സ്‌കൂളിന് കോടിക്കണക്കിന് രൂപയുടെ വികസനപദ്ധതികള്‍ കൊണ്ടുവരുന്നതിനും നേതൃത്വം വഹിച്ചു. പെരിക്കല്ലൂരില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടേക്കറോളം സ്ഥലംവാങ്ങി യാര്‍ഡ് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൈയെടുത്തു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മാതൃകാപരമായ നേതൃത്വം വഹിച്ചു.

കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായ സുമേഷ് എന്നയാള്‍ക്കായി 40 ലക്ഷം രൂപ സ്വരൂപിക്കുന്നതിന് സ്വപ്രയത്‌നത്താലെന്നവണ്ണം അദ്ദേഹം പ്രവര്‍ത്തിച്ചു.

പെരിക്കല്ലൂരിലെ സ്വന്തം പലചരക്കുകടയില്‍ സഹായം തേടിയെത്തുന്നവരെ വെറുംകൈയോടെ മടക്കിയിരുന്നില്ലെന്നും സുഹൃത്തുകള്‍ പറയുന്നു. കോവിഡ് കാലത്ത് കടയില്‍നിന്ന് സാധനങ്ങളെടുത്ത് പ്രയാസമുള്ളവര്‍ക്ക് നല്‍കുന്നതിന് മടികാണിച്ചില്ല. പ്രളയകാലത്തും കണക്കുപോലുമില്ലാതെ ആളുകള്‍ക്ക് സാധനങ്ങള്‍ നല്‍കി.

കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നതിനുമുന്‍പ് പെരിക്കല്ലൂര്‍ പാല്‍ സൊസൈറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ജോസ് നെല്ലേടം നേതൃത്വംനല്‍കിയ ജനകീയ മുന്നണിക്കായിരുന്നു വിജയം. നിലവിലുണ്ടായ ആരോപണങ്ങളിലും മറ്റും ജോസ് പങ്കാളിയാവില്ലെന്നാണ് സുഹൃത്തുക്കളില്‍ പലരും പറയുന്നത്. മൂല്യബോധത്തോടെയുള്ള നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും ജോസിന്റെ മരണവാര്‍ത്തയറിഞ്ഞ് ഞെട്ടലോടെ സുഹൃത്തുക്കള്‍ പങ്കുവെക്കുന്നു.

ഞെട്ടല്‍മാറാതെ നാട്ടുകാരും പാര്‍ട്ടിപ്രവര്‍ത്തകരും
പുല്പള്ളി: പ്രിയങ്കരനായ നേതാവിന്റെ അവിചാരിതമായ വിടവാങ്ങലിന്റെ ഞെട്ടലിലായിരുന്നു നെല്ലേടത്ത് ജോസിന്റെ സുഹൃത്തുക്കളും നാട്ടുകാരും പാര്‍ട്ടിപ്രവര്‍ത്തകരും. കേട്ടവര്‍ അവിശ്വസനീയതോടെ ജോസിനെ അവസാനമായി ഒന്നുകാണാന്‍ ഓടി െയത്തി. എന്താവശ്യത്തിനും വിളിപ്പുറത്തുണ്ടായിരുന്ന തങ്ങളുടെ ജോസേട്ടന്റെ മരണത്തെ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കുമായില്ല.

രാവിലെ 9.30-ഓടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അയല്‍വാസി ബെന്നിയാണ് ജോസിനെ അവശനിലയില്‍ കുളത്തില്‍ കണ്ടത്. ചുമയ്ക്കുന്ന ശബ്ദംകേട്ട് കുളത്തിന് സമീപത്തേക്ക് എത്തിയത്. കൈയില്‍ മുറിവോടെ വെള്ളത്തിലാണ് കണ്ടത്. സമീപത്ത് വിഷക്കുപ്പിയുമുണ്ടായിരുന്നു. കുളത്തിലേക്കുവീണ ജോസിനെ കരയിലേക്ക് അടുപ്പിച്ച് ഓട്ടോയിലും മറ്റൊരു വാഹനത്തിലുമായി പുല്പള്ളിയിലെ ആശുപത്രിയിലെത്തിച്ചു. പെട്ടെന്ന് ബത്തേരിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞതോടെ 11.20-ഓടെ ആംബുലന്‍സില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തുമിനിറ്റിനുള്ളില്‍ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി 11.40-ഓടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഫൊറന്‍സിക് സര്‍ജന്‍ എം. രോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം.

അപ്പോഴേക്കും മരണവിവരമറിഞ്ഞ് മുള്ളന്‍കൊല്ലിയിലെയും പുല്പള്ളിയിലെയും പാര്‍ട്ടിപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിത്തുടങ്ങി. ഒന്നോടെയെത്തിയ പുല്പള്ളി എസ്‌ഐ സി. രാംകുമാറിന്റെ നേതൃത്വത്തില്‍ മൃതദേഹപരിശോധന തുടങ്ങി. ഇതിനിടെ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, ഭാരവാഹികളായ പി.ഡി. സജി, രാജേഷ്‌കുമാര്‍, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. എബ്രഹാം, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ തുടങ്ങിയവരും മോര്‍ച്ചറിയിലെത്തിയിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗങ്ങളും അടക്കമുള്ളവര്‍ എത്തിക്കൊണ്ടിരുന്നു. മരണത്തിലേക്ക് നയിച്ച വിവാദങ്ങളടക്കം അവിടെയും ചര്‍ച്ചയായി. തങ്ങള്‍ക്കറിയുന്ന ജോസ് ഇത്തരമൊരു ആരോപണത്തിന് വിധേയനായതിലെ പകപ്പും അവിശ്വസനീയതയും പലരും മറച്ചുവെച്ചില്ല. വൈകീട്ട് അഞ്ചോടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ആംബുലന്‍സില്‍ മുള്ളന്‍കൊല്ലിയിലേക്ക് കൊണ്ടുപോയി. പഞ്ചായത്ത് ഹാളില്‍ പൊതുദര്‍ശനവുമുണ്ടായി.

പ്രിയനേതാവിനെ ഒരുനോക്കുകാണാന്‍ ഒട്ടേറെപ്പേരാണ് മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസ് അങ്കണത്തിലെത്തിയിരുന്നത്. 5.15-ഓടെ ജോസ് നെല്ലേടത്തിന്റെ മൃതദേഹം ഇവിടെയെത്തിച്ചപ്പോള്‍ നാട്ടുകാരും പാര്‍ട്ടിപ്രവര്‍ത്തകരും കണ്ണീരണിഞ്ഞു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, കെപിസിസി നിര്‍വാഹകസമിതിയംഗം കെ.എല്‍. പൗലോസ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും അന്ത്യോപചാരമര്‍പ്പിച്ചു. പത്തുമിനിറ്റോളം പൊതുദര്‍ശനത്തിനു വെച്ചശേഷം 5.50-ഓടെ പെരിക്കല്ലൂര്‍ മൂന്നുപാലത്തെ വീട്ടിലേക്ക് മൃതശരീരമെത്തിച്ചു. ഭാര്യ ഷീബയും മകന്‍ ആദര്‍ശും അടക്കമുള്ളവരുടെ ദുഃഖം അണപൊട്ടി. ബന്ധുക്കളും നാട്ടുകാരും ആശ്വസിപ്പിക്കാനറിയാതെ നിസ്സഹായരായി. നേതാക്കളായ കെ.കെ. ഏബ്രഹാം, പി.ഡി. സജി, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍, പനമരം ബ്ലോക്ക് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ തുടങ്ങിയവരും പ്രാദേശികനേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ വീട്ടിലെത്തിയിരുന്നു.

ജോസിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് ഫൊറന്‍സിക് സംഘം പരിശോധനയ്ക്കായി കൈപ്പറ്റി. ഉള്ളടക്കംസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല.

കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്റെ വീട്ടില്‍ സ്‌ഫോടകവസ്തുക്കളും കര്‍ണാടക മദ്യവും കണ്ടെടുത്ത കേസിലാണ് ജോസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ആരോപണമുണ്ടായത്. കേസില്‍ അറസ്റ്റിലായ തങ്കച്ചന്‍ 16 ദിവസം ജയിലിലായിരുന്നു. ജയില്‍മോചിതനായശേഷം ജോസടക്കമുള്ളവരാണ് വ്യാജക്കേസിനു പിന്നിലെന്ന് തങ്കച്ചന്‍ ആരോപിച്ചിരുന്നു.

കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ് ജോസിനെ ചോദ്യംചെയ്തിരുന്നു. തങ്കച്ചന്‍ ജയില്‍മോചിതനായതോടെ കേസ് ബത്തേരി ഡിവൈഎസ്പി ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)

Content Highlights: Congress leader and Panchayat member Jose Nelledath found dead in a pond near his home