420 ഏക്കറിൽ തണ്ണിമത്തൻ ! വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഇത്തവണയും കുടുംബശ്രീയുടെ തണ്ണിമത്തൻ കൃഷി

നീലേശ്വരം: വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഇത്തവണയും കുടുംബശ്രീയുടെ തണ്ണിമത്തൻ കൃഷി. മുൻവർഷങ്ങളെ പോലെ ഇത്തവണയും വിപുലമായാണ് ജില്ലാ കുടുംബശ്രീമിഷന്റെ നേതൃത്വത്തിൽ തണ്ണിമത്തൻകൃഷി ഒരുക്കുന്നത്. ആറ് ബ്ലോക്കുകളിൽനിന്നായി 42 സിഡിഎസുകളിലും പത്ത് ഏക്കർസ്ഥലത്ത് തണ്ണിമത്തൻ കൃഷിചെയ്യുന്നുണ്ട്. 420-ലധികം ഏക്കറിൽ കാസർകോടൻ തണ്ണിമത്തൻ വിളയും.
തണ്ണിമത്തൻ കൃഷിയിൽ വേനൽക്കാലം വലിയ പ്രതീക്ഷയാണ് നൽകുന്നത്. വിഷമയമില്ലാത്ത തണ്ണിമത്തൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്വ സംഘങ്ങൾ അഥവാ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെഎൽജി) ചേർന്ന് തണ്ണിമത്തൻ കൃഷിചെയ്യുന്നത്.
പൊന്നുവിളയും മണ്ണ്
കാസർകോടൻ മണ്ണിന് ഏറ്റവും അനുയോജ്യമായ കൃഷിയാണ് തണ്ണിമത്തൻ. കഴിഞ്ഞവർഷം കുടുംബശ്രീയുടെ വേനൽമധുരം പദ്ധതി വഴിയും അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി വഴിയും 880-ലധികം ടൺ വിളവ് ലഭിച്ചു. എല്ലാ ചെലവും കഴിച്ച് മൂന്നുകോടിയോളം രൂപയാണ് ഇതിലൂടെ ലാഭം കിട്ടിയത്. ഹോൾസെയിൽ വിലയിലാണ് വില്പന നടത്തിയത്. ഇത്തവണ സെപ്റ്റംബർ-ഒക്ടോബർ, ജനുവരി-ഫെബ്രുവരി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലാണ് കൃഷിചെയ്യുന്നത്. ആയിരം ടൺ വിളവ് ഇത്തവണ കുടുംബശ്രീ പ്രതീക്ഷിക്കുന്നുണ്ട്. വിത്താണ് കൃഷിക്കായി കൂടുതലും ഉപയോഗിച്ചിരുന്നത്. ഓപ്പൺ പ്രിസിഷൻ ഫാമിങ്ങിലൂടെയാണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. ചെങ്കളയിലെ ഹരിത ജെഎൽജിയാണ് ഇത്തവണയും ഏറ്റവും കൂടുതൽ തണ്ണിമത്തൻ കൃഷി ചെയ്യുന്നത്.
ഇത്തവണത്തെ താരം 'മുക്കാസ'
കുടുംബശ്രീയുടെ 'കണി' എന്ന പദ്ധതിയിലൂടെ അഞ്ചുവർഷം മുമ്പാണ് ജില്ലയിൽ തണ്ണിമത്തൻ കൃഷി വ്യാപിപ്പിച്ചത്. ഇത്തവണ മുക്കാസ എഫ് വൺ എന്ന ഇനം തണ്ണിമത്തൻ ആണ് കൂടുതൽ ഉത്പാദിപ്പിക്കുന്നത്. കൂടാതെ, കഴിഞ്ഞവർഷങ്ങളിൽ കൃഷിചെയ്ത ഹൈബ്രിഡ് ഇനത്തിൽപ്പെടുന്ന അരോഹി, കിരൺ, നാംധാരി എൻഎസ് 777 (വരയൻ വലിയ തണ്ണിമത്തൻ), കിരൺ, മഹാരാജ, അപൂർവ, ഷുഗർ ബേബി, പക്കീസ, ഷുഗർ ക്വീൻ, ജൂബിലി കിങ്, യെല്ലോ മഞ്ച്, ഓറഞ്ച് ഡിലൈറ്റ് തുടങ്ങിയ വിവിധ ഇനം തണ്ണിമത്തനും കൃഷിചെയ്യുന്നുണ്ട്.
ഹൈബ്രിഡ് ഇനം ആയതിനാൽ വിത്തിട്ട് 30 ദിവസത്തിനകം പൂക്കൾ വിരിഞ്ഞുതുടങ്ങുന്നു. 68 മുതൽ 72 ദിവസമാണ് വിളയുടെ ദൈർഘ്യം. താരതമേന്യന കീടങ്ങളും രോഗങ്ങളും കുറവാണെന്ന പ്രത്യേകതയും ഈ കൃഷിക്കുണ്ട്.
ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുക്കുന്നത്. വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളർച്ചയ്ക്ക് അനുയോജ്യം.
Content Highlights: watermelon farming