3000 രൂപയുടെ വൈദ്യുതി ബില്‍ അടച്ചില്ല; നാട്ടുകാരുടെ വെള്ളംകുടി മുട്ടിച്ച് നഗരസഭയും കെ.എസ്.ഇ.ബിയും

മൈത്രിപുരത്തെ മൈക്രോ ലെവൽ കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് ഊരാൻ കെ.എസ്.ഇ.ബി. ജീവനക്കാർ എത്തിയപ്പോൾ.
മൈത്രിപുരത്തെ മൈക്രോ ലെവൽ കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് ഊരാൻ കെ.എസ്.ഇ.ബി. ജീവനക്കാർ എത്തിയപ്പോൾ.

കാക്കനാട്: 'വാട്ടര്‍ അതോറിറ്റി വെള്ളം ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് വരുക. ആകെയുള്ള ആശ്വാസം തൃക്കാക്കര നഗരസഭ ടാങ്കറില്‍ വിതരണം ചെയ്യുന്ന കുടിവെള്ളമാണ്. മൂവായിരം രൂപ വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് അതും മുടക്കി. ഇനി ഞങ്ങള്‍ വെള്ളത്തിന് എവിടെ പോകും?' നഗരസഭാ അധികൃതരോട് സാമൂഹിക മാധ്യമങ്ങളിലൂടെ നാട്ടുകാരുടെ ചോദ്യങ്ങള്‍ ഇങ്ങനെ... തൃക്കാക്കര നഗരസഭയിലെ 28-ാം ഡിവിഷനില്‍ മൈത്രീപുരത്തെ പൊതുകിണര്‍ നവീകരിച്ചുള്ള മൈക്രോ ലെവല്‍ കുടിവെള്ള പദ്ധതിയുടെ ഫ്യൂസാണ് കെ.എസ്.ഇ.ബി. ഊരിയത്.

ഈ കിണറ്റിലെ വെള്ളം ഫില്‍റ്റര്‍ ചെയ്ത് നഗരസഭയുടെ കുടിവെള്ള ടാങ്കര്‍ ലോറിയില്‍ ഓരോവാര്‍ഡിലേക്കും സൗജന്യമായാണ് വിതരണം നടത്തുന്നത്. വേനലില്‍ തൃക്കാക്കരയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ഒരു ദിവസം രണ്ട് ഡ്രൈവര്‍മാര്‍ മാറിമാറി ഓടിച്ചാണ് ടാങ്കര്‍ വെള്ളം അടിച്ചുനല്‍കുന്നത്. 20,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്കറില്‍ പത്തുമുതല്‍ 15 ലോഡ് വരെയാണ് വിതരണം ചെയ്യുന്നത്. ഓരോ വാര്‍ഡിലേക്കും ടാങ്കര്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് മൂവായിരം രൂപയുടെ ബില്‍ അടയ്ക്കാതെ നഗരസഭ നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചത്. ചെറിയ തുകപോലും അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതുമൂലം നാട്ടുകാരുടെ ചീത്തവിളി തങ്ങളാണ് കേള്‍ക്കുന്നതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചതിന്റെപേരില്‍ പത്തുമുതല്‍ 15 ലക്ഷം രൂപയുടെ ബില്ലുകള്‍ മാറിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കേവലം മൂവായിരം രൂപയുടെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ എന്താണ് ഇത്ര ബുദ്ധിമുട്ടെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. കുടിവെള്ളം ഇല്ലെന്നുപറഞ്ഞ് ഓരോ വാര്‍ഡിലെയും ജനങ്ങള്‍ മുറവിളി കൂട്ടുകയാണ്. ചെറിയ തുകയുടെ പേരില്‍ ടാങ്കര്‍ വെള്ളത്തിന്റെ വിതരണം മുടങ്ങിയതറിഞ്ഞതോടെ ജനങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷം പുകയുകയാണ്.

പലതവണ മുന്നറിയിപ്പ് നല്‍കി

മൂവായിരം രൂപ വൈദ്യുതി ബില്‍ അടയ്ക്കണമെന്ന് നഗരസഭാ അധികൃതരെ അറിയിച്ചിരുന്നു. കുടിവെള്ള പദ്ധതി ആയതു കൊണ്ടുമാത്രം വൈദ്യുതി വിച്ഛേദിക്കേണ്ട സമയപരിധി കഴിഞ്ഞിട്ടും കുറച്ചുദിവസം സാവകാശം നല്‍കി. എന്നിട്ടും ബില്‍ അടയ്ക്കാത്തതിനാലാണ് ഫ്യൂസ് ഊരിയതെന്നു കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു.

Content Highlights: Water scarcity hits Thrikkakara municipality in Kerala due to unpaid electricity bill