ബില്ലടയ്ക്കാതെ അനധികൃതമായി വെള്ളം ഊറ്റി; വീട്ടുകാരുടെ കള്ളക്കളി പൊളിച്ച് വാട്ടർ സ്ക്വാഡ്

കാക്കനാട്: ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ള വിതരണമുണ്ട്. എന്നാൽ മീറ്ററിൽ കാര്യമായ റീഡിങ് കാണുന്നുമില്ല. വീട്ടുകാരോട് ചോദിച്ചാൽ തങ്ങൾ അധികം വെള്ളമെടുക്കുന്നില്ലെന്ന് മറുപടി. മാസങ്ങളായി വാട്ടർ അതോറിറ്റിയെ കബളിപ്പിച്ച് വെള്ളം 'കവരുന്ന' വീട്ടുകാരുടെ കള്ളക്കളി ഒടുവിൽ പൊളിച്ചടുക്കി വാട്ടർ സ്ക്വാഡ്. ഇവരുടെ കണക്ഷൻ വിച്ഛേദിച്ച ഉദ്യോഗസ്ഥർ ഇവർക്ക് പിഴയും ചുമത്തും. കാക്കനാട് പാലച്ചുവട് ദൈവത്താൻ മുകൾ പ്രദേശത്തെ ഒരു കുടുംബമാണ് ബില്ലടയ്ക്കാതെ അനധികൃതമായി വെള്ളം ഊറ്റിയിരുന്നത്. ഈ ഭാഗത്തേക്ക് ഒന്നിടവിട്ടായിരുന്നു കുടിവെള്ള വിതരണം.
അനധികൃത കണക്ഷൻ പിടികൂടിയ വീട്ടുകാരുടെ വാട്ടർ മീറ്ററിലാണെങ്കിൽ കാര്യമായ കറക്കവുമില്ല. വെള്ളം അധികം എടുക്കുന്നില്ലെന്ന വീട്ടുകാരുടെ വാക്ക് ജീവനക്കാർ ആദ്യമൊക്കെ വിശ്വസിച്ചു. എന്നാൽ മാസങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും മീറ്ററിൽ ഒരു മാറ്റവും കാണാതെവന്നതോടെ ഉദ്യോഗസ്ഥരിൽ സംശയം ഉയർന്നു. തൃക്കാക്കര വാട്ടർ അതോറിറ്റി അസി. എൻജിനിയർ ഇ.എം. അപർണയുടെ നേതൃത്വത്തിൽ പ്രദേശത്തെ പമ്പിങ് സമയത്ത് പ്രത്യേക മീറ്ററുകൾ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി. ഇതോടെ കുടിവെള്ളത്തിൽ 300 യൂണിറ്റിന്റെ കുറവ് കണ്ടെത്തി. പൈപ്പ് പൊട്ടിയുള്ള ചോർച്ചയാണെന്നു സംശയിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
കുറഞ്ഞ ബില്ല് വന്ന വീട് കേന്ദ്രീകരിച്ചുള്ള 'പണി’യിലാണ് ഊറ്റൽ മനസ്സിലായത്. മീറ്ററിലൂടെയല്ലാതെ ഈ വീട്ടിലേക്ക് വാട്ടർ അതോറിറ്റിയുടെ വെള്ളം ഒഴുകുകയായിരുന്നു. വർഷങ്ങൾക്കു മുൻപ് ഈ വീട്ടുകാർ സ്ഥാപിച്ച പൈപ്പ് ലൈൻ വാട്ടർ അതോറിറ്റി വിച്ഛേദിച്ചിരുന്നു. വീട് പുതുക്കിപ്പണിതതോടെ കുടുംബം പുതിയ കണക്ഷൻ എടുത്തു. എന്നാൽ വീടിന് പുറത്തുവെച്ച് പണ്ട് അവസാനിപ്പിച്ച കണക്ഷൻ മണ്ണിനടിയിലൂടെ പൈപ്പിട്ട് വലിച്ച് ഇവർ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ കണക്ഷൻ പേരിന് നിലനിർത്തിയായിരുന്നു ഈ തട്ടിപ്പ്.
പരിശോധനയിൽ എൻആർഡബ്ല്യുഎം സ്ക്വാഡ് രശ്മി, മീറ്റർ ഇൻസ്പെക്ടർ പി.ജി. സുജിത്ത്, ഓവർസിയർ ഗീതുദാസ്, ഉദ്യോഗസ്ഥരായ എൻ.ജെ. ജെറിൻ, സഗീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരുംദിവസങ്ങളിൽ മറ്റിടങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: water authority investigation found illegal supply