25 വനിതകള്‍ എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററാകുന്നു; 'വോള്‍വോ ഉരുക്കുവനിത' പദ്ധതിക്ക് ചവറയില്‍ തുടക്കമാകുന്നു

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊല്ലം: കേരളത്തിലെ ആദ്യത്തെ അംഗീകൃത എക്‌സ്‌കവേറ്റര്‍ (ഖനനയന്ത്രം) ഓപ്പറേറ്റര്‍, വനിതകളുടെ സംഘമാകാന്‍ കരിമണലിന്റെ നാട്ടില്‍നിന്നുള്ള 25 പേര്‍. സ്ത്രീശാക്തീകരണത്തിന്റെയും തൊഴില്‍ നൈപുണി വികസനത്തിന്റെയും ഭാഗമായ 'വോള്‍വോ ഉരുക്കുവനിത' പദ്ധതിക്ക് ചവറയിലാണ് തുടക്കമാകുന്നത്. നിര്‍മാണമേഖലയില്‍ വനിതാസാന്നിധ്യത്തിന് ഇതു വഴിത്തിരിവായിത്തീരുമെന്നാണ് പ്രതീക്ഷ.

70 ദിവസം നീളുന്ന 420 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പാഠ്യപദ്ധതിയില്‍ സിമുലേറ്റര്‍ അധിഷ്ഠിത പരിശീലനം, യന്ത്രപ്രയോഗം, തൊഴിലിടങ്ങളില്‍ നേരിട്ടുള്ള പരിശീലനം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നൈപുണിവികസന കോര്‍പ്പറേഷന്റെ കീഴിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ എക്വിപ്മെന്റ് സ്‌കില്‍ കൗണ്‍സില്‍ അംഗീകരിക്കുന്ന എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍4 സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 33,000 രൂപയാണ് ഒരാള്‍ക്ക് പരിശീലനത്തിനുള്ള ചെലവ്.

സംസ്ഥാന തൊഴില്‍വകുപ്പിനു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷ(ഐഐഐസി)നും വോള്‍വോ ഗ്രൂപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചവറ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. നവംബര്‍ മൂന്നിനു 11-ന് ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്യും.

പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതകള്‍ സ്വയംസഹായ സഹകരണസംഘം രൂപവത്കരിച്ച് സ്വന്തമായി മെഷീനുകള്‍ വാങ്ങി സംരംഭകരംഗത്തേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തില്‍ വനിതകള്‍ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തനസാന്നിധ്യം നേടുന്ന ചരിത്രപരമായ നീക്കമാണിതെന്ന് ഐഐഐസി ഡയറക്ടര്‍ പ്രൊഫ. ബി. സുനില്‍കുമാറും ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാഘവനും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Content Highlights: Kerala`s first accredited women excavator operator batch begins in Chavara under the Volvo Urrukuvanitha project. Empowering women in construction for skilled employment.