പാർട്ടിയിൽ ചർച്ച നടത്തണമായിരുന്നു, ജനവികാരം ഉൾക്കൊണ്ട് മദ്യനയം പിൻവലിക്കണം- വി.എം. സുധീരൻ

വി.ഡി. സതീശൻ, വി.എം. സുധീരൻ | Photo: മാതൃഭൂമി
വി.ഡി. സതീശൻ, വി.എം. സുധീരൻ | Photo: മാതൃഭൂമി

തൃശ്ശൂർ: മദ്യനയവുമായി ബന്ധപ്പെട്ട ബജറ്റ് നിർദേശം ഫിനാൻസ് ബിൽ അവതരിപ്പിക്കുന്നവേളയിൽ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. നിയമസഭയിൽ അവതരിപ്പിക്കുന്നതിനു മുൻപേ പാർട്ടിതലത്തിലും യു.ഡി.എഫിലും ഇതേക്കുറിച്ച് ചർച്ചനടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘മദ്യനയം സംബന്ധിച്ച് മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്നും അവരുടെ വികാരംകൂടെ ഉൾക്കൊണ്ട് മദ്യവ്യാപനത്തിനെതിരേയുള്ള പ്രഖ്യാപിത നയം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രിയോടും എക്സൈസ് മന്ത്രിയോടും ആവശ്യപ്പെട്ടതാണ്. ഇക്കാര്യം ഉന്നയിച്ച് കത്തും നൽകിയിട്ടുണ്ട്. ബജറ്റ് തിരക്ക് കാരണമായിരിക്കാം പരിഗണിക്കാതെ നീണ്ടുപോയത്. എന്തുകാരണംകൊണ്ടാണെങ്കിലും മദ്യവ്യാപനത്തിന് സാഹചര്യമൊരുക്കുന്ന തീരുമാനം ഉണ്ടാകാൻ പാടില്ലാത്തതാണ്’, സുധീരൻ പറഞ്ഞു.

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആലപ്പുഴ തീരദേശത്തെ ജനങ്ങൾ വലിയ ആശങ്കയിലാണ്. ഒരുതരത്തിലുമുള്ള ഖനനവും ഉണ്ടാകില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചേ മതിയാകൂ. നിയമം ബാധകമല്ലാത്ത രീതിയിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്. ശ്രീനാരായണഗുരു പറഞ്ഞതിന് എതിരെയാണ് വെള്ളാപ്പള്ളിയുടെ പ്രവർത്തനങ്ങൾ. തന്റെ കുറ്റകൃത്യങ്ങൾക്ക് മറയിടാൻവേണ്ടിയാണ് വെള്ളാപ്പള്ളി പദവി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: VM Sudheeran demands withdrawal of liquor policy proposals in the 2026 budget., Criticizes lack of internal party and UDF consultation before policy announcement., Urges government to engage with anti-liquor movements., Raises concerns over black sand mining in Alappuzha coastal areas., Accuses Vellappally Natesan of misusing his position.