സ്കൂൾവിട്ട് കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനെത്തി; വിഴിഞ്ഞത്ത് തിരയിൽപ്പെട്ട് ആറാം ക്ലാസുകാരനെ കാണാതായി

കാണാതായ ജോബില്‍ പത്രോസ്, അപകടം നടന്ന അടിമലത്തുറ പൊഴിക്കരക്കടുത്തുളള കടല്‍ത്തീരത്ത് തടിച്ചുകൂടിയവർ
കാണാതായ ജോബില്‍ പത്രോസ്, അപകടം നടന്ന അടിമലത്തുറ പൊഴിക്കരക്കടുത്തുളള കടല്‍ത്തീരത്ത് തടിച്ചുകൂടിയവർ

വിഴിഞ്ഞം: കൂട്ടുകാരനുമൊത്ത് അടിമലത്തുറയിലെ പൊഴിക്കരക്കടുത്തുളള കടലില്‍ കുളിക്കുന്നതിനിടയില്‍ വിദ്യാര്‍ഥിയെ തിരയില്‍പ്പെട്ട് കാണാതായി. കോട്ടുകാല്‍ വില്ലേജിലെ അടിമലത്തുറ അമ്പലത്തുമൂല സെന്റ് ആന്റണീസ് കുരിശടിക്കു സമീപം മത്സ്യത്തൊഴിലാളിയായ പത്രോസിന്റെയും ഡൈനയുടെയും മകന്‍ ജോബില്‍ പത്രോസിനെ (12) ആണ് കാണാതായത്.

വെളളിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടമെന്ന് വിഴിഞ്ഞം കോസ്റ്റല്‍ എസ്.എച്ച്.ഒ. വിപിന്‍ പറഞ്ഞു. അടിമലത്തുറ ലൂയീസ് മെമ്മോറിയല്‍ യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ജോബിൽ.

സ്‌കൂള്‍ വിട്ടതിനുശേഷം അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ കൂട്ടുകാരനൊപ്പമാണ് അടിമലത്തുറയിലെ പൊഴിക്കരത്തീരത്തുളള കടല്‍ത്തീരത്ത് ജോബിൽ എത്തിയത്. കുളിക്കുന്നതിനിടയില്‍ ജോബില്‍ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥി കരയിലേക്ക് ഓടിയെത്തി നാട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് അപകടമറിയുന്നത്. തുടര്‍ന്ന് വിഴിഞ്ഞം കോസ്റ്റല്‍ പോലീസിനെ വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് കുട്ടിയെ കാണാതായ ഭാഗത്ത് കോസ്റ്റല്‍ പോലീസും ഫിഷറീസിന്റെ മറൈന്‍ എന്‍ഫോഴ്സുമെന്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോസ്റ്റല്‍ പോലീസ് കേസെടുത്തു.