വിഴിഞ്ഞം പുറംകടലിൽ വീണ്ടും ക്രൂചെയ്ഞ്ച്: 14 പേരെ കപ്പലിലേക്കും 12 പേരെ കരയിലുമെത്തിച്ചു

ചൈനയില്‍ നിന്ന് വിഴിഞ്ഞം പുറംകടലിലെത്തിയ നെക്സോര്‍ എന്ന കപ്പല്‍
ചൈനയില്‍ നിന്ന് വിഴിഞ്ഞം പുറംകടലിലെത്തിയ നെക്സോര്‍ എന്ന കപ്പല്‍

വിഴിഞ്ഞം: വിഴിഞ്ഞം പുറംകടലിൽ വീണ്ടും ക്രൂചെയ്ഞ്ച് നടത്തി. ജോലിസമയം കഴിഞ്ഞിട്ടും ദിവസങ്ങളോളം കപ്പലിൽ തങ്ങേണ്ടിവന്നിരുന്ന ക്യാപ്്ടൻ ബോസ്‌ലെ വിജയ് അടക്കമുളള ജീവനക്കാരെ കരയിലേക്കും പകരം ജീവനക്കാരെ കപ്പിലേക്കും എത്തിച്ച ക്രൂചെയ്ഞ്ച് ആണ് നടത്തിയത്. ചൈനയിൽ നിന്ന് വിഴിഞ്ഞം പുറംകടലിലെത്തിയ നെക്സോർ എന്ന കപ്പലിലുണ്ടായിരുന്ന 14 -പേരെ കരയിൽ നിന്ന് കപ്പലിലെത്തിച്ചശേഷം പകരം 12- പേരെ കപ്പലിൽ നിന്ന് കരയിലുമെത്തിച്ചു. കോവിഡ് കാലത്താണ് വിഴിഞ്ഞം പുറംകടലിൽ ആദ്യമായി ജീവനക്കാരുടെ കൈമാറ്റം എന്നറിയപ്പെടുന്ന ക്രൂചെയ്ഞ്ച് നടന്നത്. സാങ്കേതിക തടസങ്ങളെ തുടർന്നായിരുന്നു ക്രൂചെയ്ഞ്ച് നിർത്തിവെച്ചിരുന്നത്. തുടർന്നാണ് വീണ്ടും ഇതേ പദ്ധതി തുടരുന്നതിന് അനുമതി ലഭിച്ചത്.

കപ്പലിലുളള ചീഫ് കുക്ക് ധനഞ്ജന്റെ അച്ഛൻ മരിച്ചതിനെ തുടർന്ന് നാട്ടിൽ പോകണമായിരുന്നു. ഇതിനൊപ്പം ജോലിസമയം കഴിഞ്ഞവർക്കും കരയിലെത്തണമായിരുന്നു. തുടർന്ന് ഇത് സംബന്ധിച്ചുളള നടപടികൾക്കായി കപ്പലുടമെയും ബന്ധപ്പെട്ട് അധികൃതരെയും അറിയിച്ചിരുന്നു. ഇതേ തുടർന്ന് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാട്ടർലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ കപ്പലുടമ വിളിച്ച് ആവശ്യമുന്നയിച്ചിരുന്നു. തുടർന്ന് കസ്റ്റംസിന്റെയും എമിഗ്രേഷന്റെയും അടക്കമുളള നടപടികളും പൂർത്തികരിച്ചായിരുന്നു ജീവനക്കാരുടെ ക്രൂചെയ്ഞ്ച് പൂർത്തിയാക്കിയത്. കേരളാ മാരിടൈംബോർഡിന്റെ സഹായത്തോടെ പുറംകടലിലെ കപ്പലിൽ നിന്ന് ജീവനക്കാരെ കരയിലേക്കും തിരികെ കപ്പലിലേക്കും എത്തിച്ച് ദൗത്യം പൂർത്തിയാക്കി. സിങ്കപ്പൂരിൽ നിന്ന് തിങ്കളാഴ്ചയും വിഴിഞ്ഞത്തെ പുറം കടലിൽ കപ്പലെത്തുന്നുണ്ട്. അറ്റ്ലാൻഡാ എന്ന കപ്പലാണെത്തുക. ഇതിൽ നിന്ന് അഞ്ചുപേർ കരയിലേക്കും പകരം അഞ്ചുപേർ തിരികെ കപ്പലിലേക്കും കയറുമെന്ന് മാരിടൈം ബോർഡ് അറിയിച്ചു.