വിഴിഞ്ഞത്ത് പ്രാഥമിക കരാറെന്ന് അദാനി, വീണ്ടും കത്ത് നൽകി; സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചേക്കും

#രാകേഷ് കെ. നായര്‍
ലോകത്തിലെ ശേഷി കൂടിയ ചരക്ക് കപ്പല്‍ എം എസ് സി ഐറീനയെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കുന്നു |ഫോട്ടോ:ബി.മുരളീകൃഷ്ണന്‍/ മാതൃഭൂമി
ലോകത്തിലെ ശേഷി കൂടിയ ചരക്ക് കപ്പല്‍ എം എസ് സി ഐറീനയെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കുന്നു |ഫോട്ടോ:ബി.മുരളീകൃഷ്ണന്‍/ മാതൃഭൂമി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി എം.എസ്.സി. (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി)ക്ക് കൈമാറുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം രാഷ്ട്രീയവിവാദമായതോടെ, കരുതലോടെ നീങ്ങാൻ സർക്കാർ. ഓഹരിക്കൈമാറ്റത്തിന് അനുമതി നൽകുന്നത് പഠിക്കാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചേക്കുമെന്നാണ് സൂചന.

മൾട്ടിപ്പിൾ ഓപ്പറേറ്റർ തുറമുഖമായ വിഴിഞ്ഞം, സ്വകാര്യ കമ്പനിക്ക് നടത്തിപ്പവകാശമുള്ള പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (പൊതു അടിസ്ഥാനസൗകര്യമേഖല) ആണ്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവസരസമത്വം ഉണ്ടാകണമെന്നാണ് കരാർ വ്യവസ്ഥ. മുൻകൂർ അനുമതിയില്ലാതെ കരാറുണ്ടാക്കിയതിൽ സർക്കാർ അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടും.

അതിനിടെ എം.എസ്.സിയുമായി ഓഹരിക്കൈമാറ്റത്തിനുള്ള പ്രാഥമിക കരാർ മാത്രമാണ് തയ്യാറായിട്ടുള്ളതെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്.

വീണ്ടും കത്ത് നൽകി അദാനി

തുറമുഖ ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാനസർക്കാരിന് രണ്ടാമതും കത്ത് നൽകി. തീരുമാനം സർക്കാരിനെ മുൻകൂർ അറിയിച്ചില്ലെന്നത് വിവാദമായ പശ്ചാത്തലത്തിലാണിത്. അനുമതി ആവശ്യപ്പെട്ട് ബുധനാഴ്ച ആദ്യ കത്ത് നൽകിയിരുന്നു. കൈമാറ്റത്തിലെ വിശദാംശങ്ങളാണ് പുതിയ കത്തിൽ. സർക്കാരുമായുള്ള കരാർ ലംഘിച്ചില്ലെന്നും അനുമതി ലഭ്യമായശേഷമേ തുടർനടപടികൾ ഉണ്ടാകൂവെന്നും ഈ കത്തിൽ പറയുന്നു.

കേന്ദ്രാനുമതി നിർണായകം

വിഴിഞ്ഞം തുറമുഖ നടത്തിപ്പിലെ ഓഹരിപങ്കാളിത്തം ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്രനിലപാടും നിർണായകം. തന്ത്രപ്രധാനമേഖലയായ വിഴിഞ്ഞത്ത് വിേദശനിക്ഷേപം നടത്തണമെങ്കിൽ കേന്ദ്ര വിദേശ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതിവേണം. ഇവിടെ സൈനികകേന്ദ്രം സ്ഥാപിക്കാൻ കര, നാവിക, വ്യോമ സേനകളും കോസ്റ്റ്ഗാർഡും ലക്ഷ്യമിടുന്നുണ്ട്. സ്ഥലം അനുവദിക്കണമെന്ന് സൈനികവിഭാഗങ്ങൾ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബ് ആക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

ദേശീയ ആസൂത്രണ കമ്മിഷൻ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്കായി തയ്യാറാക്കിയ മാർഗരേഖയനുസരിച്ചാണ് 2015-ൽ വിഴിഞ്ഞം തുറമുഖക്കരാർ തയ്യാറാക്കിയത്. ഓഹരിക്കൈമാറ്റ വ്യവസ്ഥയുൾപ്പെടെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ആദ്യ കരാറിൽത്തന്നെയുണ്ടായിരുന്നു. 2024-ലെ സപ്ലിമെന്ററി കരാറിൽ, 2028-ൽ രണ്ടും മൂന്നും ഘട്ട നിർമാണം പൂർത്തിയാക്കണമെന്നും നിർമാണത്തിലെ കാലതാമസം കണക്കാക്കാതെ 2034 മുതൽ സംസ്ഥാനത്തിന്‌ വരുമാനം നൽകണമെന്നുമുള്ള വ്യവസ്ഥ കൂട്ടിച്ചേർത്തു. നിർമാണം വൈകിയതിന് അദാനി ഗ്രൂപ്പിൽനിന്ന് പിഴയീടാക്കുന്നതിൽ ‌ ഇളവുനൽകാനും തീരുമാനിച്ചു.

Content Highlights: Adani Group plans to transfer Vizhinjam Port stakes to Mediterranean Shipping Company (MSC)., Kerala government is considering an expert committee to evaluate the contract compliance., Adani Group claims the current agreement is preliminary and subject to government approval., The government is investigating potential violations of public infrastructure operational clauses.