വിഴിഞ്ഞത്ത് നിന്ന് വലൻസിയയിലേക്ക്; കയറ്റുമതിക്കായുള്ള ആദ്യ കണ്ടെയ്‌നർ വിഴിഞ്ഞം തുറമുഖത്ത്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുളള പ്രഥമ കണ്ടെയ്നറിന്റെ ട്രയൽ റൺ നടത്തി. നാൽപ്പതുവർഷത്തോളം വിദേശത്തേക്ക് ഭക്ഷ്യവസ്തുക്കൾ അടക്കമുളളവ കയറ്റുമതി ചെയത് പരിചയമുളള നിലമേൽ എക്സ്പോർട്ട്സാണ് തുറമുഖത്ത് കണ്ടെയ്നർ എത്തിച്ചത്.
വിഴിഞ്ഞം വഴി സ്പെയിനിലെ വലൻസിയയിലേക്ക് കൊണ്ടുപോകുന്ന കണ്ടെയ്നറിൽ വിവിധ തരത്തിലുളള മസാല വസ്തുക്കൾ ആണെന്നാണ് വിവരം.
തുറമുഖ കവാടത്തിലെത്തിയ കണ്ടെയ്നറിനെ തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തി. തുടർന്ന് കവാടത്തിലെ ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്‌കാനിങ്ങിനും വിധേയമാക്കിയശേഷം കണ്ടെയനറിനെ തുറമുഖ യാർഡിലേക്ക് കടത്തിവിട്ടു.
വിദേശത്ത് നിന്നെത്തുന്ന കപ്പലുകളിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കിയശേഷം മറ്റ് കപ്പലുകളുകൾ വഴി നടത്തുന്ന ട്രാൻഷിപ്പ്മെന്റ് മാത്രമായിരുന്നു ഇതുവരെ തുറമുഖത്ത് നടന്നിരുന്നത്. ഓഗസ്റ്റ് 18 മുതൽ തുറമുഖത്ത് നിന്ന് കയറ്റിറക്കുമതി (എക്സിം) പ്രവർത്തനങ്ങൾ തുടങ്ങും.
ഇവിടെനിന്ന് സ്പെയിനിലെ വാലൻസിയിലേക്ക് കയറ്റിവിടുന്ന ആദ്യ കണ്ടെയ്നറിന്റെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി വി.ഡി. സതീശൻ ചൊവ്വാഴ്ച നിർവ്വഹിക്കും.
ഇതിലേക്കായി എത്തിച്ച നിലമേൽ എക്സ്പോർട്ടിസിന്റെ കണ്ടെയ്നറുമായി ബന്ധപ്പെട്ട ഏകോപനപ്രവർത്തനങ്ങൾ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വാട്ടർലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയും ആസ്പിൻ വോൾ ഷിപ്പിങ്ങ് കമ്പനിയുമാണ് പൂർത്തിയാക്കിയത്. കയറ്റിറക്ക് തുടങ്ങുന്നതോടെ സമുദ്രവ്യാപാരത്തിൽ വിഴിഞ്ഞം പുതിയ ചരിത്രം കുറിക്കും.
Content Highlights: Vizhinjam International Seaport conducted the trial run for its first export container sent by Nilamel Exports containing spices bound for Valencia, Spain, marking the start of full EXIM cargo operations from August 18.