വിഴിഞ്ഞം കടലില്‍ ക്രൂചെയ്ഞ്ച്; ഏഴ് ജീവനക്കാരെ കരയിലെത്തിച്ചു, പകരം ഏഴ് പേരെ തിരിച്ചുകയറ്റി

തിരുവനന്തപുരം: വിഴിഞ്ഞം കടലിലെ ആങ്കറേജില്‍ തുടരുന്ന കപ്പലിലെ ജീവനക്കാരെ കരയിലെത്തിച്ചു. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ എം.എസ്.സി അക്കിറ്റെറ്റ എന്ന കപ്പലിലുണ്ടായിരുന്ന ജീവനക്കാരായ ഏഴു പേരെയാണ് അദാനി തുറമുഖ കമ്പനിയുടെ ഡോള്‍ഫിന്‍ 27 എന്ന ടഗ്ഗില്‍ കയറ്റി വിഴിഞ്ഞത്തുളള മാരിടൈം ബോര്‍ഡിന്റെ വാര്‍ഫിലെത്തിച്ചത്. ഇവര്‍ക്കു പകരം ഏഴുപേരെ കപ്പലില്‍ തിരികെ കയറ്റിയെന്നും കേരളാ മാരിടൈം ബോര്‍ഡധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ലൈന്‍ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് കമ്പനിയുടെ നേത്യത്വത്തിലാണ് ഇവരെ ടഗ്ഗില്‍ കടലില്‍ നിന്ന് കരയിലേക്കും മറ്റുളളവരെ കപ്പലിലേക്കും തിരികെ എത്തിച്ചത്. കഴിഞ്ഞയാഴ്ച ഇതേ കപ്പലില്‍ നിന്ന് 12 പേരെ കരയിലിറക്കിയിരുന്നു. പകരം 11 പേരെ തിരികെ കപ്പലില്‍ കയറ്റുകയും ചെയ്തിരുന്നു.
വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്കുകളുമായി പുറപ്പെട്ടിരുന്ന എം.എസ്.സിയുടെ എല്‍സാ-3 എന്ന കപ്പല്‍ കൊച്ചിക്കടലില്‍ മുങ്ങിതാഴ്ന്നിരുന്നു. ഈ കപ്പല്‍കാരണം കടലില്‍ മലീനികരണമുണ്ടായെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 9000 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് അക്കിറ്റെറ്റ എന്ന കപ്പലിനെ അറസ്റ്റുചെയ്ത് തുറമുഖത്ത് പിടിച്ചിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
ഈ കപ്പലിലുണ്ടായിരുന്നവര്‍ തങ്ങളുടെ ജോലിസമയം കഴിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കപ്പല്‍ കമ്പനി നടത്തിയ ശ്രമത്തെ തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതര്‍ കരയിലേക്കും പകരം ആളെ കപ്പലിലെത്തിക്കുന്നതിനും അനുമതി നല്‍കുകയായിരുന്നു.
Content Highlights: vizhinjam port crew change ship arrest