വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെതിരെ കടുപ്പിച്ച് സർക്കാർ; അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിന്റെ അനുമതിയോടെയെ ഓഹരി ഘടനയിൽ മാറ്റം വരുത്താനാകൂ. കരാറിലെ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിർദേശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ സർക്കാർ തുടർ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാന സർക്കാരിനെ അറിയിക്കുകയോ സർക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്‌മെന്റിനെ അറിയിച്ചുവെന്നും മുഖ്യമന്ത്രി ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായത്. സർക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കൺസഷെനയറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താനാകൂ. കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിർദേശങ്ങളും കർശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തിൽ സർക്കാർ തുടർ നിലപാട് സ്വീകരിക്കും. സംസ്ഥാനത്തിന്റെ താൽപര്യം പൂർണമായും സംരക്ഷിച്ച്, വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തിൽ മത്സരക്ഷമമായ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബെന്ന നിലയിൽ അതിന്റെ പൂർണ സാധ്യതകൾ കൈവരിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
നേരത്തെ, വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് കത്തുനൽകിയിരുന്നു. 49 ശതമാനം ഓഹരി എം.എസ്.സി.ക്ക് കൈമാറാനുള്ള തീരുമാനം അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ഔദ്യോഗികമായി ബുധനാഴ്ചയാണ് സർക്കാരിനെ അറിയിച്ചത്. തുറമുഖ നടത്തിപ്പിന് സർക്കാരുമായുള്ള കരാറിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറുന്നത് സംബന്ധിച്ച തീരുമാനം വിവാദമായതോടെയാണ് നടപടി വേഗത്തിലാക്കിയത്.
Content Highlights: The Kerala government has formally expressed its dissatisfaction with the Adani Group for announcing a 49% stake transfer of the Vizhinjam Port to the Mediterranean Shipping Company (MSC) without obtaining necessary prior approval as required by the existing concession agreement.