വിഴിഞ്ഞം കടലിൽ മീൻപിടുത്തതിനെത്തിച്ച ഫൈബർ വള്ളത്തിന്റെ രേഖകൾ വ്യാജം; വള്ളമുടമയും സുഹൃത്തും അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
പിടിച്ചെടുത്ത വള്ളം കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍
പിടിച്ചെടുത്ത വള്ളം കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ നേത്യത്വത്തിൽ വിഴിഞ്ഞം കടലിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ ഫൈബർ വള്ളത്തിന്റെ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി. വ്യാജൻമാരെ കണ്ടെത്താൻ ശക്തമായ പരിശോധന നടത്തുമെന്ന് ഫിഷറീസ് അധികൃതർ. കേന്ദ്രസർക്കാർ നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലൈസൻസുമാണ് വ്യാജമായി നിർമിച്ചതെന്ന് കണ്ടെത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് വള്ളയുടമയും തമിഴ്നാട് സ്വദേശിയുമായ സൂസൈ മൈക്കിൾ (44), ഇയാളുടെ സുഹൃത്തും വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയുമായ അന്തോണി ദാസ് (40) എന്നിവരെയാണ് വിഴിഞ്ഞം കോസ്റ്റൽ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ഫിഷറീസിന്റെ ഇൻബൗണ്ടിങ് ഓഫീസറായ നിബിന്റെ നേത്യത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റിനൊപ്പം നടത്തിയ പട്രോളിങ്ങിലായിരുന്നു ബോട്ടിനൊപ്പമുണ്ടായിരുന്ന ഫൈബർ വള്ളം പിടിച്ചെടുത്ത്.

ബോട്ടുടമയും സ്രാങ്കുമായ സുസൈ മൈക്കിൾ സുഹൃത്തായ അന്തോണി ദാസിന് 10,000 രൂപ നൽകിയാണ് സർട്ടിഫിക്കറ്റുകൾ വാങ്ങിയത്. അന്തോണിദാസ് ഇത്തരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണം നടത്തുമെന്ന് കോസ്റ്റൽ എസ്‌ഐ കെ.ജി. പ്രസാദ് പറഞ്ഞു. 25 ലധികം പേർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ അന്തോണിദാസ് നിർമിച്ച് നൽകിയിട്ടുണ്ടെന്നാണ് സൂചന.

അന്തോണി ദാസ് 2023-ൽ ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ കേസിലും സൂസൈ മൈക്കിൾ ഭാര്യയുടെ ആൺസുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലും പ്രതികളാണെന്ന് കോസ്റ്റൽ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Content Highlights: Vizhinjam Coastal Police arrested two men, including a boat owner, after Fisheries officials uncovered forged central registration certificates and fishing licenses for a fiber boat seized during sea patrolling.