വിഴിഞ്ഞത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; യുവാവിനും യുവതിക്കും ദാരുണാന്ത്യം

#സ്വന്തം ലേഖകൻ
സുജി, അർച്ചന രാജ്
സുജി, അർച്ചന രാജ്

വിഴിഞ്ഞം: നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ വൈദ്യുതത്തൂണിലിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ യുവാവും യുവതിയും മരിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമല കോഴിക്കക്കുഴി മേലെ പുത്തൻവീട്ടിൽ സജീവിന്റെയും ഷേർളിയുടെയും മകൻ സുജി (26), സുഹൃത്തും മെഡിക്കൽകോളേജ് മുറിഞ്ഞപാലം തോട്ടുവരമ്പ് എൻ.ആർ.എ. 16-ൽ രാജന്റെയും മിനിയുടെയും മകൾ അർച്ചന രാജ് (31) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ വെങ്ങാനൂർ-പള്ളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മൃതിമണ്ഡപത്തിന് സമീപത്തുവെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച് മറിഞ്ഞാണ് അപകടമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു.

അർച്ചന രാജ് അപകടസ്ഥലത്തും സുജി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയുമാണ് മരിച്ചത്. പള്ളിച്ചൽ ഭാഗത്തുനിന്ന് വെങ്ങാനൂരിലേക്ക് പോകവെയായിരുന്നു അപകടം. സംഭവത്തെത്തുടർന്ന് വിഴിഞ്ഞം പോലീസെത്തി ആംബുലൻസിലാണ് പരിക്കേറ്റ സുജിയെയും മരിച്ച അർച്ചനയുടെ മൃതദേഹവും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

സംഭവസ്ഥലത്ത് വിഴിഞ്ഞം പോലീസും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി. ആവണി, അനുശ്രീ, അവിനാഷ് എന്നിവരാണ് മരിച്ച അർച്ചനയുടെ മക്കൾ. ചന്തുവാണ് മരിച്ച സുജിയുടെ സഹോദരൻ. അപകടത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു. ഇരുവരുടെയും സംസ്‌കാരം നടത്തി.