വിയ്യൂരിന്റെ പുലിക്കുട്ടികൾ; പുലിക്കളിയിലും പുലിവേഷത്തിലും ചമയത്തിലും ഒന്നാംസ്ഥാനം

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

തൃശ്ശൂർ : പുലിക്കളിയിലും പുലിവേഷത്തിലും ചമയത്തിലും ഒന്നാംസ്ഥാനം നേടി വിയ്യൂർ യുവജനസംഘം പുലിക്കളി മഹോത്സവത്തിന്റെ മിന്നും താരങ്ങളായി. പുലിവരയിൽ രണ്ടാംസ്ഥാനവും പുലികൊട്ടിലും പുലിവണ്ടിയിലും ഹരിതവണ്ടിയിലും മൂന്നാംസ്ഥാനവും വിയ്യൂർ സംഘത്തിനുതന്നെയാണ്. ടാബ്ലോ, പുലിവണ്ടി, ഹരിതവണ്ടി എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനവുമായി അയ്യന്തോൾ ദേശവും മിന്നിച്ചു. പുലികൊട്ടിലും പുലിവരയിലും സീതാറാം മിൽ ദേശവും അച്ചടക്കത്തിൽ നായ്ക്കനാൽ ദേശവും ഒന്നാമതായി.

പുലിക്കളിയിലും പുലിവേഷത്തിലും രണ്ടാംസ്ഥാനം നേടിയ സീതാറാം മിൽ ദേശം ടാബ്ലോയിലും ചമയത്തിലും മൂന്നാം സ്ഥാനത്തുമെത്തി. പുലികൊട്ട്, ടാബ്ലോ, ഹരിതവണ്ടി, ചമയം എന്നിവയിൽ നായ്ക്കനാൽ ദേശമാണ് രണ്ടാംസ്ഥാനത്ത്. പുലിക്കളിയിലും പുലിവേഷത്തിലും ഇവർക്ക് മൂന്നാംസ്ഥാനവുമുണ്ട്. പുലിവണ്ടിയിൽ രണ്ടാംസ്ഥാനം പാട്ടുരായ്ക്കൽ ദേശത്തിനാണ്. പുലിവരയിൽ മൂന്നാംസ്ഥാനം കുട്ടൻകുളങ്ങര ദേശവും സ്വന്തമാക്കി.

പുലിക്കളിയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവർക്ക് 62,500 രൂപ, 50,000 രൂപ, 43,750 രൂപ വീതം സമ്മാനിക്കും. നിശ്ചലദൃശ്യത്തിന് 50,000 രൂപ, 43,750 രൂപ, 37,500 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. പുലികൊട്ടിനും പുലിവേഷത്തിനും പുലിവണ്ടിക്കും യഥാക്രമം 12,500, 9375, 6250 എന്നിങ്ങനെ ലഭിക്കും. മികച്ച അച്ചടക്കം പാലിക്കുന്ന ടീമിന് 18,750 രൂപയാണ് സമ്മാനം. പുലിവരയ്ക്ക് യഥാക്രമം 12,500 രൂപ, 93,75 രൂപ, 6250 രൂപ സമ്മാനം ലഭിക്കും.
 

Content Highlights: viyoor yuvajana sangam wins in pulikali