സജി ചെറിയാന്റെ പ്രസംഗ ദൃശ്യങ്ങള്‍ ഇല്ലെന്ന് CPM, ആരുതന്നാലും തെളിവായി സ്വീകരിക്കുമെന്ന് പോലീസ്|video
പത്തനംതിട്ട: മുന്‍മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശമടങ്ങിയ വീഡിയോ പോലീസിന് കൈമാറാതെ സി.പി.എം. ദൃശ്യങ്ങളില്ലെന്ന നിലപാടിലാണ് പത്തനംതിട്ട മല്ലപ്പള്ളി ഏരിയാ നേതൃത്വം. ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തെന്നും നേതൃത്വം വിശദീകരിക്കുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. പ്രസംഗത്തിന്റെ പൂര്‍ണരൂപം ആരു തന്നാലും തെളിവായി സ്വീകരിക്കുമെന്നും അന്വേഷണംസംഘം അറിയിച്ചു.
സജി ചെറിയാന് ഭരണഘടനയെ നിന്ദിച്ചെന്ന കേസില്‍ നിര്‍ണായക തെളിവാകുന്നത് മല്ലപ്പള്ളി ഏരിയാ യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങളാണ്. എന്നാല്‍ പോലീസിന്റെ കയ്യില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത് ഏകദേശം ഒന്നരമിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യമാണ്. കേസിന്റെ വിചാരണാഘട്ടത്തില്‍ കോടതി പ്രധാന തെളിവായി സ്വീകരിക്കാന്‍ പോകുന്നത് ദൃശ്യങ്ങളുടെ പൂര്‍ണരൂപമാണ്. അതിനാലാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ദൃശ്യങ്ങളുടെ പൂര്‍ണരൂപം കണ്ടെടുക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചിരിക്കുന്നത്.