കാഴ്ചപരിമിതനായ ഭർത്താവിനെ കൃഷ്ണമണിപോലെ കാത്ത ഭാനുമതി യാത്രയായി

കാറിടിച്ച് മരിച്ച ഭാനുമതി. കൂടെയുള്ളത് ഭർത്താവ് വിശ്വനാഥൻ
കാറിടിച്ച് മരിച്ച ഭാനുമതി. കൂടെയുള്ളത് ഭർത്താവ് വിശ്വനാഥൻ

പഴയങ്ങാടി: കാഴ്ചപരിമിതനായ തന്നെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ഭാര്യയുടെ വിയോഗം പി.കെ. വിശ്വനാഥന്റെ ജീവിതത്തെ ഇരുട്ടിലാക്കി. നാലുപതിറ്റാണ്ടിലേറെയായി വിശ്വനാഥന്റെ സന്തതസഹചാരിയായിരുന്നു വെള്ളിയാഴ്ച അപകടത്തിൽ മരിച്ച ഭാര്യ വി.വി. ഭാനുമതി.

ജൻമനാ കാഴ്ചവൈകല്യമുണ്ടായിരുന്ന വിശ്വനാഥൻ ചെറുപ്രായത്തിൽ നാടൻപണിക്കൊക്കെ സുഹൃത്തുക്കൾക്കൊപ്പം പോയിരുന്നു. പ്രായം കൂടുന്തോറും കാഴ്ചയ്ക്ക് മങ്ങലേൽക്കുകയായിരുന്നു. ഇവരുടെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് വാങ്ങിനൽകിയ പശുവാണ് ഇവരുടെ വരുമാനമർഗം. രണ്ടു പശുക്കളും മൂന്നുകിടാക്കളുമായി അല്ലലില്ലാത്ത ജീവിതം നയിച്ചുകൊണ്ടിരിക്കെയാണ് ദുരന്തമുണ്ടായത്.

കറന്നെടുത്ത പാലുമായി എല്ലാ ദിവസവും പുലർച്ചെ ഭാര്യയും ഭർത്താവും പഴയ എ.ഇ.ഒ. ഓഫീസിനടുത്തുള്ള റോഡിൽ ഏഴോം പാൽ സൊസൈറ്റിയുടെ പാൽ ശേഖരിക്കാനെത്തുന്നവർക്ക് നൽകുന്നതാണ് രീതി. പതിവുപോലെ വെള്ളിയാഴ്ചയും പാൽ അളന്നുകൊടുത്ത് ഭർത്താവിനെ റോഡരികിൽ സുരക്ഷിത സ്ഥാനത്താക്കി അപ്പുറത്തുള്ള ഹോട്ടലിൽനിന്ന് പശുവിനുള്ള കഞ്ഞിവെള്ളവുമായി നടന്നു വരവേയാണ് അമിത വേഗത്തിലെത്തിയ കാർ ഭാനുമതിയെ ഇടിച്ചുവീഴ്ത്തിയത്. ഭർത്താവ് തൊട്ടടുത്തു നിൽക്കുമ്പോഴായിരുന്നു അപകടം. മരണവാർത്തയറിഞ്ഞ് ഒട്ടേറെപേർ വീട്ടിലെത്തി. വൈകീട്ട് ആറോടെ മാടായി പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കാരിച്ചു.

Content Highlights: visually impaired man lost his wife bhanumathi in a road accident