സ്വാതന്ത്ര്യത്തിന് മുമ്പെ നിരത്തില്‍ ചീറിപ്പാഞ്ഞവര്‍; ഇവിടെയുണ്ട് അമ്പരപ്പിക്കുന്ന വാഹനശേഖരം

ഹൈലൈറ്റ് മാളില്‍ തുടങ്ങിയ വിന്റേജ് കാര്‍ ഷോയില്‍ നിന്ന്‌
ഹൈലൈറ്റ് മാളില്‍ തുടങ്ങിയ വിന്റേജ് കാര്‍ ഷോയില്‍ നിന്ന്‌

കോഴിക്കോട് : സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പും അതിനുശേഷവും നിരത്തുകളില്‍ ചീറിപ്പാഞ്ഞ് വിസ്മയങ്ങള്‍തീര്‍ത്ത വിന്റേജ് രാജാക്കന്മാരുടെ ഒത്തുചേരല്‍ കാണണമെങ്കില്‍ ഹൈലൈറ്റ് മാളിലെത്തണം. കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന വാഹനശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

1928-ലെ ഫിയറ്റ് സ്‌പൈഡര്‍ റോഡ്സ്റ്റര്‍, 1930-ലെ ഫോര്‍ഡ് റോഡ്സ്റ്റര്‍, 1936-ലെ ഷവര്‍ലേ മാസ്റ്റര്‍ ഡീലക്‌സ്, 1951-ലെ ബുള്ളറ്റ് നോസ് കമാന്‍ഡര്‍, 1957-ലെ പ്ലിമോത്ത് സബര്‍ബന്‍, അംബാസഡര്‍ ലിമോസിന്‍ തുടങ്ങി പുതുതലമുറയ്ക്ക് പരിചിതമല്ലാത്ത വാഹനങ്ങളുടെ ശേഖരമാണ് വിന്റേജ് കാര്‍ ഷോയില്‍ ഒരുക്കിയിട്ടുള്ളത്.

വിന്റേജ് കാറുകളിലെ ഫീച്ചറുകള്‍ കാഴ്ചക്കാരെ ആവേശത്തിലാക്കുകയാണ്. കാറുകളുടെ ഇന്റിക്കേറ്ററുകള്‍, മിററുകള്‍ എല്ലാം വ്യത്യസ്തമാണ്. കാറുകളുടെ ബോഡി ഷെയ്പ്പും അതിന്റെ ഇന്റീരിയലുമെല്ലാം പുത്തന്‍തലമുറയെ അതിശയിപ്പിക്കുകയാണ്. ഞായറാഴ്ചവരെയാണ് പ്രദര്‍ശനം. വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും വാഹനങ്ങളെല്ലാം മുഖംമിനുക്കിയാണ് പ്രദര്‍ശനത്തിനെത്തിച്ചിട്ടുള്ളത്. പാലക്കാട്ടുനിന്നാണ് വാഹനങ്ങള്‍ പ്രദര്‍ശനത്തിനായി എത്തിച്ചിരിക്കുന്നത്.

ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും പ്രത്യേകതയുള്ള പരിപാടിനടത്തണമെന്നുള്ള ഉദ്ദേശ്യത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു വിന്റേജ് കാര്‍ പ്രദര്‍ശനം നടത്തുന്നതെന്ന് ഹൈലൈറ്റ് മാള്‍ മാര്‍ക്കറ്റിങ് ഹെഡ് തന്‍വീര്‍ പറഞ്ഞു.

Content Highlights: Vintage Car collection and expo in Hilite Mall Kozhikode