വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം; അഞ്ചരമാസത്തിനുശേഷം വിനോദിനി ഇന്ന് സ്‌കൂളിലെത്തും

#ന്യൂസ് ഡെസ്‌ക്
അമ്മയ്ക്കൊപ്പം വിനോ​ദിനി
അമ്മയ്ക്കൊപ്പം വിനോ​ദിനി

കൊല്ലങ്കോട്: വീട്ടുമുറ്റത്തുണ്ടായ വീഴ്ചയെത്തുടർന്നുള്ള ചികിത്സയ്ക്കിടെ വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശന ഒഴിവുപാറയിലെ ഒൻപതുവയസ്സുകാരി വിനോദിനി അഞ്ചര മാസത്തിനുശേഷം തിങ്കളാഴ്ച പല്ലശ്ശനയിലെ സ്‌കൂളിലെത്തും.

2025 സെപ്റ്റംബർ 24-നാണ് സഹോദരനുമൊത്ത് കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയിൽ വിനോദിനിയുടെ വലതുകൈയിലെ എല്ല് പൊട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സപ്പിഴവിനെത്തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും വീട്ടിലുമായി ചികിത്സയിൽ കഴിയേണ്ടിവന്നതോടെയാണ് പല്ലശ്ശന ഒഴിവുപാറ എ.എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ വിനോദിനിയുടെ പഠനം തടസ്സപ്പെട്ടത്. ക്ലാസുകൾ കുറേ നഷ്ടപ്പെട്ടെങ്കിലും വാർഷികപരീക്ഷയ്ക്കു മുൻപ് സ്‌കൂളിലെത്താനും സഹപാഠികളെ കാണാനുമുള്ള ഒരുക്കത്തിലാണ് വിനോദിനി.

നിർമാണത്തൊഴിലാളിയായ വിനോദിന്റെയും പ്രസീതയുടെയും മകളാണ് വിനോദിനി. കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് വിനോദും കുടുംബവും താമസിക്കുന്ന വാടകവീടിന്റെ മുറ്റത്തുവെച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെ കുടുംബാംഗങ്ങൾക്കൊപ്പം വിനോദിനി സ്‌കൂളിലെത്തും.

വിനോദിന്റെ കുടുംബത്തിനായി പല്ലാവൂരിൽ കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ വാങ്ങിനൽകിയ അഞ്ചുസെന്റ് സ്ഥലത്ത് മറ്റൊരു സന്നദ്ധ സംഘടന വീട് നിർമിച്ചുനൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. പല്ലാവൂർകാട്ടിലെ ഈ സ്ഥലത്ത് സ്വന്തമായി വീടൊരുങ്ങുന്നതുവരെ കുട്ടിയുടെ പഠനസൗകര്യാർഥം വാടകയ്ക്ക് വീടെടുത്ത് താമസിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിനോദ് പറഞ്ഞു.

Content Highlights: Vinodini returns to school after 5.5 months of medical treatment., The incident followed a bone fracture and subsequent medical negligence., Community support includes land donation and plans for a new house., The student is determined to continue her 4th-grade studies.