വികാസ് ദുബെയ്ക്ക് ജാമ്യം ലഭിച്ചത് വ്യവസ്ഥിതിയുടെ പരാജയമെന്ന് സുപ്രീം കോടതി

വികാസ് ദുബെ
വികാസ് ദുബെ

ന്യൂഡല്‍ഹി:  പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട വികാസ് ദുബെയ്ക്ക് ജാമ്യം കിട്ടാനിടയായത് വ്യവസ്ഥിതിയുടെ പരാജയമാണെന്ന്‌ സുപ്രീം കോടതി. ദുബെയെപ്പോലെ ഒരാള്‍ക്ക് എങ്ങനെയാണ് ജാമ്യം കിട്ടിയതെന്ന് പരിശോധിക്കുമെന്നും ദുബെയ്ക്ക് ജാമ്യം ലഭിച്ചത് ഞെട്ടിക്കുന്ന കാര്യമാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. 

വികാസ് ദുബെ പോലീസ് വെടിയേറ്റ് മരിച്ച സഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. എട്ട് പോലീസുകാരെ വികാസ് ദുബെയും കൂട്ടാളികളും ചേര്‍ന്ന് വധിച്ചിരുന്നു. ഈ വിഷയവും അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജി പരിഗണിച്ച കോടതി വികാസ് ദുബെ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്ന അന്വേഷണ സമിതിയില്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയേയും ഒരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെയും നിയമിക്കണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോടതിയുടെ നിര്‍ദ്ദേശം അംഗീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

നിലവിലെ അന്വേഷണ സമിതിയില്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ഒരു ജഡജിയുണ്ട്. ഇതിന് പുറമേയാണ് സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയും എത്തുന്നത്. അന്വേഷണ സമിതിയിലേക്ക് നിലവിലെ സാഹചര്യത്തില്‍ സിറ്റിങ് ജഡ്ജിയെ നിയോഗിക്കാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു.

ജൂലൈ 10-നാണ് വികാസ് ദുബെയെ പോലീസ്  വെടിവെച്ച് കൊന്നത്. കസറ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനേ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച അന്വേഷണ സമിതി കോടതി ഉത്തരവ് പ്രകാരം പുനഃസഘടിപ്പിച്ച് അതിന്റെ വിശദാംശങ്ങള്‍ ബുധനാഴ്ച സമര്‍പ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Content Highlights: Vikas Dubey Was Out On Bail, This is a failure of an institution: Supreme Court

Content Highlights: