വിദ്യയെ കുടുക്കിയത് സുഹൃത്തിന്റെ ഫോണിലെ സെല്‍ഫി; സംശയത്തിന് ഇടയാക്കിയത് പുതിയ സിം

കോഴിക്കോട്: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജരേഖ ചമച്ച കേസില്‍ ഒളിവില്‍ പോയ വിദ്യയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് സുഹൃത്തിന്റെ ഫോണിലെ സെല്‍ഫി എന്ന് വിവരം. വിദ്യയെ തിരഞ്ഞ പോലീസ് സംഘം
സുഹൃദ് വലയത്തിലുള്ള ഒരാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് നാലുദിവസംമുന്‍പ് വിദ്യ അയച്ച സെല്‍ഫി ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം വ്യാജരേഖ ചമച്ചിട്ടില്ലെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യ. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യയെയും അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
വടകര മേഖലയില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് വിദ്യയുടെ സുഹൃദ്‌വലയത്തിലുള്ള ഒരാളുടെപേരില്‍ പുതിയ ഒരു സിം ആക്ടിവേറ്റ് ആയതായി പോലീസിന് മനസ്സിലാവുന്നത്. ആ ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസ് സുഹൃത്തിന്റെ അടുത്തെത്തി.
ചോദ്യം ചെയ്യലില്‍ വിദ്യ എവിടെയുണ്ടെന്ന് അറിയില്ലെന്നാണ് ഈ സുഹൃത്ത് ആദ്യം പറഞ്ഞത്. പിന്നാലെ സുഹൃത്തിന്റെ ഫോണ്‍ പരിശോധിച്ചു. അതില്‍ വിദ്യയുമായുള്ള ഒരു സെല്‍ഫി കണ്ടു. നാലു ദിവസംമുന്‍പ് എടുത്തതായിരുന്നു അത്. അതോടെ വിദ്യ വടകര പരിസരങ്ങളില്‍ത്തന്നെയുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നു. സുഹൃത്തിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ വിദ്യ എവിടെയുണ്ടെന്ന വിവരം ലഭിച്ചു. പിന്നാലെയാണ് വിദ്യ പിടിയിലാകുന്നത്.
വ്യാജരേഖ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇത് കണ്ടെത്തുക എന്നത് പോലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം വ്യാജരേഖ ചമച്ചിട്ടില്ലെന്ന മൊഴിയില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണ് വിദ്യ. ഇത് അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പലിന്റെയും വലതുപക്ഷ അധ്യാപക സംഘടനയുടെയും ഗൂഢാലോചനയുടെ ഭാഗമാണെന്നും വിദ്യ പറയുന്നു. ഇതിന്റെ വിശദാംശങ്ങള്‍ക്കായാണ് കോളേജ് പ്രിന്‍സിപ്പലിനെയും വിദ്യയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത്.
Content Highlights: vidhya document forgery case, selfie and sim activation trapped vidhya