രക്തമുറയുന്ന നിഷ്ഠുരത: കാരണം പണമോ...പ്രണയമോ?; ഭാവവ്യത്യാസമില്ലാതെ കുറ്റസമ്മതം, പോലീസിനും നടുക്കം

തിരുവനന്തപുരം: മനഃസാക്ഷിയെ ഞെട്ടിച്ച അരുംകൊലകൾ നടത്താൻ യുവാവിനെ നയിച്ചതിന്റെ കാരണങ്ങൾ തേടുകയാണ് പോലീസും നാട്ടുകാരും. സാമ്പത്തികപ്രതിസന്ധിയെ തുടർന്നുള്ള അനിശ്ചിതത്വമാണ് കുടുംബാംഗങ്ങളെ ഉൾപ്പെടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് യുവാവ് പോലീസിൽ നൽകിയ ആദ്യ മൊഴിയെന്നാണ് പ്രാഥമികവിവരം. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. വിവാഹം നിരസിച്ചതിലുള്ള പകയാണ് ക്രൂരകൃത്യത്തിനു യുവാവിനെ പ്രേരിപ്പിച്ചതെന്ന സൂചന ലഭിച്ചതിനാൽ അതു സംബന്ധിച്ച അന്വേഷണവും തുടങ്ങിക്കഴിഞ്ഞു.
ഇതിനുപുറമേ, സ്വന്തമായി നടത്തിയിരുന്ന ബിസിനസ് തകർന്നതും കാരണമായി പറയപ്പെടുന്നു. ഇങ്ങനെ, പലതരം നിഗമനങ്ങളുള്ളതിനാൽ കൊലപാതകങ്ങളുടെ ചുരുളഴിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. 75 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പ്രതി പോലീസിനു നൽകിയ മൊഴിയിലുള്ളതെന്നാണ് വിവരം. വിദേശത്ത് ബിസിനസ് നടത്തിയത് നഷ്ടത്തിലായി. നാട്ടുകാരിൽനിന്ന് കുറേ പണം വാങ്ങിയത് വീട്ടാനുണ്ട്.
ഇങ്ങനെ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ വീട്ടിൽ കൂട്ട ആത്മഹത്യക്കു പദ്ധതിയിട്ടിരുന്നതായി യുവാവ് പോലീസിനോടു പറഞ്ഞെന്നാണ് വിവരം. മാതാവിനെ ആദ്യം കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന്, എല്ലാവരുംകൂടി വിഷം കഴിച്ചു മരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. മരിക്കാതെ ആരെങ്കിലും രക്ഷപ്പെട്ടാലോയെന്നു കരുതി വേണ്ടെന്നുവെച്ചു. തുടർന്ന്, വെഞ്ഞാറമൂട്ടിൽ പോയി ചുറ്റിക വാങ്ങി. വീട്ടിലെത്തി മാതാവിന്റെ തലയ്ക്കടിച്ചു.
പിന്നീടാണ്, മുത്തശ്ശിയെയും അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. വീട്ടിൽ തിരിച്ചെത്തിയ അഫാൻ അവിടെയുണ്ടായിരുന്ന സഹോദരനെ കൊലപ്പെടുത്തി. തങ്ങളെല്ലാം മരിച്ചാൽ അനാഥയാകുമെന്നു കരുതി പെൺസുഹൃത്തിനെ വീട്ടിലേക്കു വിളിച്ചു കൊലപ്പെടുത്തിയതെന്നും യുവാവ് മൊഴിനൽകിയെന്നാണ് വിവരം. സ്വയം വിഷം കഴിച്ച ശേഷം ഓട്ടോറിക്ഷയിൽ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു.
ഭാവവ്യത്യാസമില്ലാതെ കുറ്റസമ്മതം; നടുക്കമൊഴിയാതെ നാട്ടുകാർ
താൻ ‘ആറു പേരെ’ കൊലപ്പെടുത്തിയെന്ന് അഫാൻ പോലീസിനോടു തുറന്നുപറഞ്ഞത് ഒരു ഭാവവ്യത്യാസവുമില്ലാതെ. സഹോദരനടക്കം സ്വന്തം വീട്ടുകാരെയും പെൺസുഹൃത്തിനെയുമെക്കെ കൂട്ടക്കൊല നടത്തിയതിനെക്കുറിച്ച് ഒരു കൂസലുമില്ലാതെയുള്ള കുറ്റസമ്മതം കേട്ട് പോലീസും നടുങ്ങി. രണ്ടു മണിക്കൂറിനുള്ളിൽ മൂന്നു വീടുകളിലായെത്തി നടത്തിയ ഈ ക്രൂരതയാണ് യുവാവ് ലഹരിക്കടിമയാണെന്ന് പോലീസ് കരുതാനുള്ള കാരണം.
ആളുകളുമായി വലിയ സമ്പർക്കമൊന്നുമില്ലെങ്കിലും വലിയ കുഴപ്പക്കാരനായിട്ടൊന്നും ഇതുവരെ കണ്ടിട്ടില്ലാത്ത ചെറുപ്പക്കാരൻ ഇത്രയും ഹീനകൃത്യം നടത്തിയതിന്റെ നടുക്കത്തിലാണ് നാട്ടുകാർ. സാമ്പത്തികപ്രതിസന്ധിയാണ് കൊലപാതകങ്ങൾക്കു കാരണമെന്ന് നാട്ടുകാരും വിശ്വസിക്കുന്നില്ല. അങ്ങനെയെങ്കിൽ ഒരാൾ ആത്മഹത്യചെയ്യുകയല്ലേയുള്ളൂവെന്ന് നാട്ടുകാരിലൊരാൾ മാധ്യമങ്ങളോടു ചോദിച്ചു. സ്വബോധമുള്ള ഒരാൾക്കും സ്വന്തം വീട്ടുകാരെ കൂട്ടത്തോടെ ഇങ്ങനെ കൊലപ്പെടുത്താൻ കഴിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
ഒരു ചെറുപ്പക്കാരന്റെ മനസ്സിൽ ഇത്രമാത്രം ക്രൂരത കയറിക്കൂടിയതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വീടുകൾ സന്ദർശിച്ചശേഷം ഡി.കെ.മുരളി എം.എൽ.എ. ആവശ്യപ്പെട്ടു. ലഹരിയുടെ ഉപയോഗമുൾപ്പെടെയുള്ള കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കേണ്ടതുണ്ടെന്നും പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ തിരക്കിയ ശേഷം അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
Content Highlights: venjaramoodu mass murder-affan-Confession, the police are also confused