സുകുമാരൻനായർ പറഞ്ഞതിനോട് പൂർണ യോജിപ്പ്; വെള്ളാപ്പള്ളി നടേശൻ

ശബരിമല വിഷയത്തിൽ എൻഎസ്എസ്, സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാതൃഭൂമി പ്രതിനിധി ജോസഫ് മാത്യുവുമായി സംസാരിച്ചപ്പോൾ
? ശബരിമല വിഷയത്തിൽ എൻഎസ്എസ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുകയാണ്. എന്താണ് അഭിപ്രായം
= അതിനെ സ്വാഗതം ചെയ്യുകയാണ്. ശബരിമലയുടെ വികസനമാണ് പ്രധാനം. അവർക്ക് എതിർപ്പുണ്ടായിരുന്നത് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. സർക്കാർ അതുമായി മുന്നോട്ടുപോകുന്നില്ലെന്ന് ദേവസ്വംമന്ത്രി തന്നെ ഉറപ്പുനൽകിയെന്നാണ് ജി. സുകുമാരൻനായർ പറഞ്ഞത്. അപ്പോൾ അവർ സർക്കാരിനെ പിന്തുണയ്ക്കുന്നു. എൻഎസ്എസിന്റെ നിലപാട് സർക്കാരിന് തീർച്ചയായും ഗുണംചെയ്യും.
? ഇതോടെ രണ്ടു സംഘടനകളുടെയും നിലപാട് ഒന്നായോ
= ശബരിമലയിൽ ആചാരങ്ങൾ നടപ്പാകണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതുതന്നെയാണ് ഞങ്ങളുടെ നിലപാടും. എൻഎസ്എസ് സർക്കാരിനെ എതിർത്തുകൊണ്ടിരുന്നവരല്ല. പ്രശ്നാധിഷ്ഠിതമായാണ് നിലപാട് എടുത്തിരുന്നത്. ചിലതിൽ സമദൂരം കാണും. ചിലതിൽ ശരിദൂരം കാണും. അതു സ്വാഭാവികമാണ്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ എതിർത്തു. സർക്കാർ അതിൽനിന്നു പിന്നോട്ടുപോയതോടെ പിന്നെ എതിർക്കേണ്ട കാര്യമില്ലല്ലോ.
? സർക്കാരിനോട് അടുക്കുന്ന നിലപാടാണല്ലോ എൻഎസ്എസ് സ്വീകരിച്ചിരിക്കുന്നത്
= മുന്നാക്കക്കാരിലെ പിന്നാക്കക്കാരായ പത്തുശതമാനം പേർക്ക് സംവരണം നൽകണമെന്ന എൻഎസ്എസിന്റെ ആവശ്യം സർക്കാർ കേട്ടില്ലേ? ശബരിമലയിലെ വരുമാനമാണ് ചെറുക്ഷേത്രങ്ങളെ നിലനിർത്തുന്നത്. ആത്മീയകേന്ദ്രങ്ങളെല്ലാം നന്നാകണമെന്ന് എൻഎസ്എസ് ആഗ്രഹിച്ചാൽ അതിനു തെറ്റുപറയാനാകുമോ
? എൻഎസ്എസും യോഗവും തമ്മിലുള്ള ദൂരം കുറഞ്ഞോ
= അകലം കുറയാതെ നിവൃത്തിയില്ല. ഇന്നല്ലെങ്കിൽ നാളെ അകലം കുറഞ്ഞല്ലേ പറ്റൂ