വെള്ളാപ്പള്ളി പറഞ്ഞത് ജനം കേട്ടതാണ്, മുഖ്യമന്ത്രി ന്യായീകരിക്കരുതായിരുന്നു- പി.കെ. കുഞ്ഞാലിക്കുട്ടി

പിണറായി വിജയന്‍, പി.കെ. കുഞ്ഞാലിക്കുട്ടി | ഫയല്‍ചിത്രം
പിണറായി വിജയന്‍, പി.കെ. കുഞ്ഞാലിക്കുട്ടി | ഫയല്‍ചിത്രം

കോഴിക്കോട്:   വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശം മുഖ്യമന്ത്രി ന്യായീകരിക്കരുതായിരുന്നുവെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടെ പ്രസ്താവന ന്യായീകരിച്ചാല്‍ അവര്‍ മോശമാകും. മുഖ്യമന്ത്രി അത് ന്യായീകരിക്കരുതായിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന ന്യായീകരിക്കുന്നത് തെങ്ങില്‍ തേങ്ങ കക്കാന്‍ കയറി പിടിക്കപ്പെട്ടാല്‍ അപ്പുറത്തെ പറമ്പിലെ കുറുന്തോട്ടി നോക്കിയതാണെന്ന് പറഞ്ഞ പോലെയാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ കേട്ട പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടേത്. ആ പ്രസ്താവന പാര്‍ട്ടിയെക്കുറിച്ചല്ല. പറഞ്ഞത് ജനം കേട്ടു. ഇനി വ്യാഖാനം കൊണ്ട് അത് മാറ്റാനാവില്ല. ലീഗിന്റെ മതേതരത്വം വെളിപ്പെടുത്താന്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ലീഗിനെക്കുറിച്ചാണ് പ്രസ്താവനയെന്ന് കേട്ടാല്‍ ഭയപ്പെടുകയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

വെള്ളാപ്പള്ളി നടേശന്റെ വിവാദമായ മലപ്പുറം പരാമര്‍ശം ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്നുപതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളിയെ ആദരിക്കാന്‍ ചേര്‍ത്തലയില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

ഏതെങ്കിലും മതവിഭാഗത്തിനെതിരേ നിലപാടു സ്വീകരിക്കുന്നയാളല്ല വെള്ളാപ്പള്ളി നടേശനെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം. വിവിധ മതവിഭാഗങ്ങളെ യോജിപ്പിച്ചു കൊണ്ടുപോകുന്നതില്‍ അദ്ദേഹം മുന്നില്‍നിന്നിട്ടുണ്ട്. കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാനുള്ള പ്രത്യേകശേഷി വെള്ളാപ്പള്ളിക്കുണ്ട്. നാട്ടുഭാഷയില്‍ പറഞ്ഞാല്‍, സരസ്വതീവിലാസം നാക്കിലുണ്ട്. എന്നാല്‍, തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കുന്ന സാഹചര്യം ഒരു പ്രസംഗത്തില്‍ വന്നു. ഇക്കാര്യത്തില്‍ അവധാനതയോടെ അദ്ദേഹം നീങ്ങണം. വെള്ളാപ്പള്ളി എന്തെങ്കിലും തെറ്റു ചെയ്തു എന്ന അര്‍ഥത്തിലല്ല ഇക്കാര്യം പറയുന്നത്.

എന്തിനെയും വക്രീകരിക്കാന്‍ നോക്കുന്ന കാലമാണിത്. വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്ട്രീയപ്രസ്ഥാനത്തെക്കുറിച്ചാണ്. അവരെ സംരക്ഷിക്കാന്‍ വന്നവര്‍ ഒന്നിച്ച് വെള്ളാപ്പള്ളിക്കെതിരേ രംഗത്തുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

Content Highlights: vellappally natesan malappuram speech pk kunhalikutty respone to pinarayi vijayan