വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഹൈക്കോടതിയാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഉത്തരവിട്ടത്. കമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കിയിട്ടുണ്ട്. എസ്എൻഡിപി യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഉത്തരവിട്ടു. ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
എസ്എൻഡിപി യോഗം കമ്പനി ആക്ട് പ്രകാരം രജിസ്റ്റർചെയ്ത സംഘടനയാണ്. ഇതിലെ ഡയറക്ടർമാരാണ് വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും ഉൾപ്പെടെയുള്ളവർ. കമ്പനി ഡയറക്ടർമാർക്ക് ഡിൻ(ഡയറക്ടേഴ്സ് ഐഡന്റിഫിക്കേഷൻ നമ്പർ) അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ, ഇവരുടെ ഡിൻ അക്കൗണ്ടിന് സാധുതയില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. തുടർന്നാണ് കമ്പനി ആക്ടിന്റെ 164(2) പ്രകാരം വെള്ളാപ്പള്ളി അടക്കമുള്ളവരെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. തുടർച്ചയായ മൂന്നു വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതിക്ക് വീഴ്ചവരുത്തിയെന്നും ഇത് കമ്പനി ആക്ടിന്റെ ലംഘനമാണെന്നും ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്.
നിലവിലെ ഭാരവാഹികൾ 2014 മുതൽ ഐജി രജിസ്ട്രേഷന് വാർഷിക അക്കൗണ്ട്സ് സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടില്ല. മൂന്നു വർഷം തുടർച്ചയായി സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടില്ലെങ്കിൽ നടപടി എടുക്കാവുന്നതാണ്. എന്നാൽ, എസ്എൻഡിപി യോഗം സർക്കാരിനെ സമീപിക്കുകയും ഫൈൻ അടക്കുകയും ചെയ്തു. ഇതോടെ, യോഗത്തിന് സർക്കാർ മാപ്പു നൽകുകയും തുടരാൻ അനുവദിക്കുകയും ചെയ്തു.
ഇതിനെ ചോദ്യം ചെയ്താണ് അന്തരിച്ച എഴുത്തുകാരൻ എം.കെ. സാനുവും എസ്എൻഡിപി യോഗം സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനനും ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ കൊടുത്തത്. കമ്പനി നിയമപ്രകാരം കമ്പനികൾക്കു മാത്രമേ ഇത്തരം പിഴവുകളിൽ മാപ്പു കൊടുക്കാനാവൂ എന്നും വ്യക്തികൾക്ക് മാപ്പു കൊടുക്കാൻ സർക്കാരിനു സാധിക്കില്ലെന്നും ഇവർ കോടതിയിൽ വാദിച്ചു.
2024-ലാണ് എം.കെ. സാനുവും അഡ്വ. എസ്. ചന്ദ്രസേനനും കേസ് കൊടുത്തത്. പകരം സംവിധാനമെന്ന നിലയിൽ എസ്എൻഡിപി യോഗത്തിനു ഡയറക്ടർമാരെ നിയമിക്കാൻ സർക്കാരിനു ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് അറിഞ്ഞതായി വെള്ളാപ്പള്ളി സ്ഥിരീകരിച്ചു. തന്നെ മാത്രമല്ല, മുഴുവൻ ഭാരവാഹികളെയും കോടതി നീക്കിയിട്ടുണ്ടെന്നും വിധി വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kerala High Court disqualified Vellappally Natesan from the SNDP General Secretary post., The ruling is based on provisions of the Companies Act., DIN accounts of Vellappally Natesan and Tushar Vellappally were found invalid., Justice T.R. Ravi issued the order via a single bench.