ആന്റോയുടെ അറസ്റ്റിൽ സർക്കാരിന് ഡബിൾ സല്യൂട്ട്, അറിഞ്ഞോ അറിയാതെയോ കഴിഞ്ഞസർക്കാർ കൂട്ടുനിന്നു- വെള്ളാപ്പള്ളി നടേശൻ

#ന്യൂസ് ഡെസ്ക്
വെള്ളാപ്പള്ളി നടേശൻ | Photo: Mathrubhumi
വെള്ളാപ്പള്ളി നടേശൻ | Photo: Mathrubhumi

കൊച്ചി: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരായ സർക്കാർ നടപടിയെ സ്വാഗതംചെയ്ത് എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്രപ്രവർത്തനരംഗത്ത് വലിയ പാരമ്പര്യമുള്ള കേരളത്തിൽ, അടുത്തകാലത്തായി കോടീശ്വരന്മാരായ കുറ്റവാളികളും തട്ടിപ്പുകാരും പലിശക്കാരും മാധ്യമങ്ങൾ സ്വന്തമാക്കി മാന്യന്മാരാകാൻ ശ്രമിക്കുന്നതിന്റെ ദുരന്തഫലങ്ങളാണ് ഇപ്പോൾ കാണുന്നതെന്ന് അദ്ദേഹം 'യോഗനാദം' വാരികയിലെ തൻ്റെ എഡിറ്റോറിയലിൽ വിമർശിച്ചു. മാധ്യമങ്ങളുടെ മറവിൽ എന്തും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നുമുള്ള തെറ്റിദ്ധാരണയിലാണ് ഇത്തരം മാധ്യമ മുതലാളിമാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ വിവാദമായ മരംമുറി കേസിൽ ജയിൽശിക്ഷ അനുഭവിച്ചവരാണ് ആന്റോ അഗസ്റ്റിനും സഹോദരങ്ങളുമെന്നും മറ്റ് നിരവധി തട്ടിപ്പുകേസുകൾ ഇവർക്കെതിരെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന പേരിൽ കോടികളുടെ സാമ്പത്തിക വെട്ടിപ്പാണ് ഇവർ നടത്തിയത്. കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കാനെന്ന പേരിൽ കോടികൾ മുടക്കുകയും സംസ്ഥാന സ്പോർട്സ് വകുപ്പിനെയും അന്നത്തെ മന്ത്രിയെയും ദുരുപയോഗംചെയ്ത് പൊതുജനങ്ങളെ അക്ഷരാർത്ഥത്തിൽ വിഡ്ഢികളാക്കുകയുമാണ് ഇവർ ചെയ്തതെന്നും എഡിറ്റോറിയലിൽ വിമർശിക്കുന്നു. അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ സർക്കാരും ഇതിനുകൂട്ടുനിന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ചാനൽ ഓഫീസിലെ റെയ്ഡിന്റെ പേരിൽ സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം തകർന്നുവെന്ന വാദങ്ങളെ വെള്ളാപ്പള്ളി ശക്തമായി എതിർത്തു. മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ലെന്നും അത്തരം തട്ടിപ്പുകാർക്കെതിരെ പോലീസ് നടപടിയെടുക്കുമ്പോൾ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരിൽ വിലാപിക്കുന്നത് കുറ്റവാളികളെ വെള്ളപൂശുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.

ചാനലുകളിൽ പണംമുടക്കി, നിയന്ത്രണം പിടിച്ച്, വ്യാജവാർത്തകൾ നിർമ്മിച്ച് എതിരാളികളെ ഒതുക്കാൻ ശ്രമിക്കുന്ന വമ്പൻ സ്രാവുകളിൽ കള്ളപ്പണക്കാരും പലിശരാജാക്കന്മാരുമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മുൻ സർക്കാരിന്റെ കാലത്ത് ഇത്തരം മാധ്യമ മാഫിയകൾ ചില ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഒത്താശയോടെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കാര്യക്ഷമമായ അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നും ഇതിന് പിന്നിലുള്ള മറ്റ് വമ്പൻ സ്രാവുകളെക്കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.