ജനാധിപത്യം ശക്തമാക്കാന്‍ വീരേന്ദ്രകുമാര്‍ പകര്‍ന്ന വഴികളിലൂടെ സഞ്ചരിക്കണം -അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നും ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും പ്രാവര്‍ത്തികമാക്കാന്‍ എം.പി. വീരേന്ദ്രകുമാറിനെപ്പോലുള്ളവര്‍ പകര്‍ന്നുതന്ന ആശയവഴികളിലൂടെ സഞ്ചരിക്കണമെന്നും സമാജ് വാദി പാര്‍ട്ടിയധ്യക്ഷന്‍ അഖിലേഷ് യാദവ്.
മാതൃഭൂമി മുന്‍ മാനേജിങ് ഡയറക്ടറും സോഷ്യലിസ്റ്റ് നേതാവുമായ എം.പി. വീരേന്ദ്രകുമാറിന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ 'ഇന്ത്യയിലെ ജനാധിപത്യം-സമകാലീന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം വെല്ലുവിളികള്‍ നേരിടുകയാണ്. സോഷ്യലിസമില്ലാതെയും മതേതരത്വമില്ലാതെയും ജനാധിപത്യമുണ്ടാകില്ല. ഈ മൂന്നുകാര്യങ്ങള്‍ക്കും വേണ്ടിയാണ് വീരേന്ദ്രകുമാര്‍ നിലകൊണ്ടത്. സോഷ്യലിസ്റ്റ് നേതാക്കളായ രാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍, മുലായം സിങ് യാദവ് എന്നിവര്‍ക്കൊപ്പം അടുത്തു പ്രവര്‍ത്തിച്ചതാണദ്ദേഹം. മൂന്ന് ആശയങ്ങള്‍ക്കുമായി അവരെല്ലാം യോജിച്ചുപോരാടി.
ഇപ്പോള്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്കായി നയം മാറ്റുകയാണ്. വീരേന്ദ്രകുമാര്‍ കുടിവെള്ളത്തിനായി ബഹുരാഷ്ട്രകമ്പനിക്കെതിരേ പോരാടി. ആഗോളീകരണത്തിനെതിരേ സമരം നയിച്ചു. നമ്മള്‍ എത്ര വാണിജ്യവത്കരിക്കുന്നുവോ, അത്രയും ദുര്‍ബലമാവുകയും ലോകത്തിനുമുന്നില്‍ കുനിയേണ്ടിവരികയും ചെയ്യും. എന്നാല്‍, ലോകത്തിനു മുന്നില്‍ ശക്തിയോടെ നില്‍ക്കാനുള്ള വഴികളാണ് വീരേന്ദ്രകുമാറിനെപ്പോലുള്ളവര്‍ കാട്ടിത്തന്നത്. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങള്‍ക്കും വഴങ്ങേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യം ജനങ്ങളെ പുറന്തള്ളാനല്ലെന്നും ഉള്‍ക്കൊള്ളാനുള്ളതാണെന്നും ആര്‍ജെഡി നേതാവും എംപിയുമായ സഞ്ജയ് യാദവ് പറഞ്ഞു. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് അധ്യക്ഷനായി. ഉപരാഷ്ട്രപതി രാജിവെച്ചത് ആരോഗ്യകാരണങ്ങളാലാണെന്ന വിവരം അദ്ഭുതപ്പെടുത്തുന്നതാണെന്ന് കെ.വി. തോമസ് പറഞ്ഞു. കഴിഞ്ഞയാഴ്ച നേരിട്ടുകണ്ടപ്പോള്‍ ഒരു ആരോഗ്യ പ്രശ്‌നവും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതൃഭൂമി ന്യൂഡല്‍ഹി പ്രത്യേക പ്രതിനിധിയും വീരേന്ദ്രകുമാര്‍ അനുസ്മരണസമിതി സെക്രട്ടറിയുമായ എന്‍. അശോകന്‍ സ്വാഗതവും പ്രസിഡന്റ് ബാബു പണിക്കര്‍ നന്ദിയും പറഞ്ഞു.
Content Highlights: India`s Democracy: Challenges & Socialist Ideals