പാർട്ടികോൺഗ്രസിനിടെ മാസപ്പടിയിൽ തിരിച്ചടി; വിചാരണനേരിടാൻ മുഖ്യമന്ത്രിയുടെ മകൾ, വെട്ടിലാകുമോ സിപിഎം?

കോഴിക്കോട്: ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി പ്രതിഫലം വാങ്ങിയെന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം എന്ന ആവശ്യം തള്ളിയതിന്റെ ആശ്വാസത്തിലാണ് കേരള സര്‍ക്കാരും സര്‍ക്കാരിനെ ഭരിക്കുന്ന സിപിഎമ്മും മധുരയിലെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയിലേക്ക് പോയത്. തുടര്‍ഭരണം സംസ്ഥാനത്തെ പാര്‍ട്ടിയുടെ വിജയമാണെന്ന് മറ്റ് സംസ്ഥാന ഘടകങ്ങളുടെ പ്രശംസലഭിച്ച അതേദിവസമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി മാസപ്പടി കേസിൽ നിർണായക നടപടിയുണ്ടായത്. സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് നടത്തിയ അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ പ്രതിചേര്‍ത്തിരിക്കുന്നു. വിചാരണ ചെയ്യാന്‍ കേന്ദ്ര കമ്പനികാര്യമന്ത്രാലയം അനുമതിയും നല്‍കി.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനിടെയാണ് സിപിഎമ്മിനേയും സര്‍ക്കാരിനേയും ഒരുപോലെ പ്രതിരോധത്തിലാക്കി 'മാസപ്പടി'യുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്. വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍, കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂടെയ്ല്‍സ് ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനിയില്‍നിന്ന് ഇല്ലാത്ത സേവനത്തിന് പണം കൈപ്പറ്റിയതായി ആദായനികുതി വകുപ്പിന് കീഴിലുള്ള ഇന്‍ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. 2017-നും 2020-നും ഇടയില്‍ 1.72 കോടിയോളം രൂപ വീണയുടെ കമ്പനി കൈപ്പറ്റി എന്നായിരുന്നു പുറത്തുവന്ന വിവരം.
ഉന്നതവ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് പണം നല്‍കിയതെന്ന് കമ്പനി പ്രതിനിധികളുടെ മൊഴികളുണ്ടായിരുന്നു. നിയമവിരുദ്ധമായി പണം നല്‍കിയ രാഷ്ട്രീയ നേതാക്കളുടെ പേരെഴുതിയ കരിമണല്‍ കമ്പനിയുടെ പറ്റുബുക്കില്‍ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുമുണ്ടെന്ന് ആരോപണമുയർന്നു. മുഖ്യമന്ത്രിയും, വീണയുടെ ജീവിതപങ്കാളിയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും വിവാദങ്ങളില്‍ മൗനം പാലിച്ചപ്പോള്‍, മുൻപില്ലാത്തവിധം പാര്‍ട്ടിതന്നെ ആരോപിതയെ സംരക്ഷിക്കാന്‍ രംഗത്തെത്തി. വീണയുടെ കമ്പനിയും സിഎംആര്‍എല്ലും തമ്മിൽ നിയമപരമായ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇടപാട് എന്നായിരുന്നു സിപിഎമ്മിന്റെ വാദം.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണത്തെ പ്രതിപക്ഷം ആയുധമാക്കി. എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവായ ഷോണ്‍ ജോര്‍ജാണ് കോടതിയെ സമീപിച്ചത്. എസ്എഫ്‌ഐഒയുടെ പരാതിയില്‍ ഇഡിയും അന്വേഷണത്തിനായെത്തി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വീണാ വിജയനെ ചെന്നൈയില്‍വെച്ച് എസ്എഫ്‌ഐഒ ചോദ്യംചെയ്തു.
ഇതിനിടെ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ വിഷയം ഏറ്റെടുത്തത് നിയമപ്പോരാട്ടവുമായി മുന്നോട്ടുപോയി. ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ആവശ്യം തള്ളിയത്. അപ്പീലുമായി അദ്ദേഹം കേരള ഹൈക്കോടതിയെ സമീപിച്ചു. പരാതിയിലുള്ളത് സംശയം മാത്രമാണെന്നും ആരോപണം തെളിയിക്കുന്ന വസ്തുതകളില്ലന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് തള്ളി. ഇതിനിടെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. വിജിലന്‍സ് അന്വേഷണമെന്ന ഗിരീഷിന്റെ ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ഹൈക്കോടതിയിലെ അപ്പീലും തള്ളിപ്പോയി. ഇതിനിടെ ഗിരീഷ് ബാബു മരിച്ചു.
യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്പനിയായ എക്‌സാലോജിക് സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്‌ഐഒ അന്വേഷണത്തിലെ കണ്ടെത്തല്‍. വീണയെ കൂടാതെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്ലിലെ മറ്റുചില ഉദ്യോഗസ്ഥര്‍, സിഎംആര്‍എല്‍, എക്സാലോജിക് കമ്പനി എന്നിവരും കേസില്‍ പ്രതികളാണ്. പത്തുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് കമ്പനി വകമാറ്റി നല്‍കിയെന്നും എസ്എഫ്‌ഐഒ കണ്ടെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മകള്‍ പ്രതിചേര്‍ക്കപ്പെടുന്നതോടെ വീണ്ടും സിപിഎം പ്രതിരോധത്തിലാകുകയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കളും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ധാര്‍മികതയുടെ പേരിലാണ് മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 'ഉന്നതവ്യക്തിയുമായുള്ള' ബന്ധം എന്ന സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശവും ആയുധമാക്കപ്പെടും. വിജിലന്‍സ് അന്വേഷണ ആവശ്യം കോടതി തള്ളിയതോടെ പ്രതിരോധത്തിലായ പ്രതിപക്ഷത്തിന് എസ്എഫ്‌ഐഒയുടെ കണ്ടെത്തല്‍ കച്ചിത്തുരുമ്പാവും. കേരളത്തില്‍ മൂന്നാംഭരണം ലക്ഷ്യമിട്ട് പാര്‍ട്ടി കോണ്‍ഗ്രസിലടക്കം ചര്‍ച്ച നടക്കുമ്പോൾ, കേസിനെ സിപിഎം എങ്ങനെ രാഷ്ട്രീയമായും നിയമപരമായും നേരിടുന്നമെന്നതാണ് ശ്രദ്ധേയം.
Content Highlights: Investigation into allegations against Veena Vijayan`s company, Exalogic: SFIO findings