വീണ വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതം, മുഖ്യമന്ത്രിയെ ആക്രമിക്കുക എന്നതാണ് ലക്ഷ്യം - MV ഗോവിന്ദൻ

തിരുവനന്തപുരം: വീണ വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രിയെ ആക്രമിക്കുക എന്നതാണ് ലക്ഷ്യമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്ര സർക്കാരും ബിജെപിയിൽ ചേർന്ന പുത്തൻ കൂറ്റുകാരും മാത്യു കുഴൽനാടനും നിരവധി മേഖലയിൽ കേസുകൾ നൽകി. മൂന്ന് വിജിലൻസ് കോടതികളും ആ കേസുകൾ തള്ളി. അപ്പീൽ നൽകി ഹൈക്കോടതിയിലെത്തിയപ്പോൾ അവിടെയും നിരാകരിക്കപ്പെട്ടു.
കോടതിയിയുടെ മുന്നിൽ നിൽക്കുന്ന ഒരു പ്രശ്നത്തിൽ ധൃതിപിടിച്ച് നടപടി സ്വീകരിച്ച് മുന്നോട്ട് പോകേണ്ട ഒരു സാഹചര്യവുമില്ല. കോടതി വിധി വരുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിക്കുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അതിന്റെ തുടർച്ചയായി വരാൻപോകുന്ന നിയമസഭ തിരഞ്ഞെടുപ്പും മുന്നിൽവച്ചുക്കൊണ്ടാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയതുപോലെ കേരളത്തിൽ പുതിയ ബിജെപി പ്രസിഡന്റ് കൂടി രംഗത്തുവന്ന അവസരം കൂടി ഉപയോഗപ്പെടുത്തി കാര്യങ്ങൾ പൊലിപ്പിച്ചെടുക്കാനാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ ശ്രമിക്കുന്നത്.
കേന്ദ്ര ഏജൻസികൾ പലപ്പോഴും എടുക്കുന്ന സമീപനം ഏകപക്ഷീയമായ രീതിയിൽ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഗവൺമെന്റിനും എതിരായിട്ടുള്ളതാണ്. കൊടകര കുഴൽപ്പണ കേസിൽ കേന്ദ്ര ഏജൻസിയുടെ പരിഹാസ്യമായ നിലപാട് എന്തായിരുന്നു ലക്ഷ്യംവച്ചതെന്ന് കേരളത്തിലെ ജനങ്ങൾക്ക് പകൽവെളിച്ചം പോലെ മനസിലായതാണ്. ഹൈക്കോടതിയുടെ നിർബന്ധത്തിന് വഴങ്ങി കൊടകര കുഴൽപ്പണ കേസ് അന്വേഷിച്ചപ്പോൾ പരിഹാസ്യമായ രീതിയിൽ ബിജെപി നേതൃത്വത്തെ സംരക്ഷിക്കാൻ പാകത്തിനാണ് കുറ്റപത്രം സമർപ്പിച്ചത്. കരിവന്നൂർ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിശിതമായ വിമർശനമാണ് പക്ഷാപാതപരമായ നിലപാട് സ്വീകരിച്ച കേന്ദ്ര ഏജൻസികൾക്കെതിരെ ഉയർത്തിയത്.
സ്വർണ്ണ കള്ളകടത്ത്, ബിരിയാണി ചെമ്പിൽ സ്വർണ കടത്ത് തുടങ്ങിയ കള്ളകഥകളുമായി രംഗത്തുവന്നവർ ഉന്നയിച്ച ആരോപണങ്ങൾ എങ്ങനെയാണോ അവസാനം ഇല്ലാതായത്, രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായിട്ടുയർന്ന ഈ കാര്യവും ആവിയായി മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രിയെയും തകർക്കുന്നതിന് വേണ്ടി രാഷ്ട്രീയമായ ഉദ്ദേശത്തോടെ വൻ പ്രചാരണം നടത്തി കൈകാര്യം ചെയ്യുന്ന ഈ പ്രശ്നത്തെ ഫലപ്രദമായ നിയമയുദ്ധത്തിന്റെയും അതുപോലെ രാഷ്ട്രീയ നിലപാടിന്റെയും ഭാഗമായി നേരിടാൻ സാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: CPM state secretary MV Govindan claims the case against Veena Vijayan is politically motivated