വീണാ ജോർജിനുനേരേയുള്ള പ്രതിഷേധം: തൊണ്ടിയായി കിട്ടിയത് കരിന്തുണി മാത്രം, തുടരന്വേഷണ റിപ്പോർട്ട് ഉടൻ

കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക സംഘത്തിന്റെ തുടരന്വേഷണ റിപ്പോർട്ട് ഉടൻ ഡി.ജി.പി.ക്ക് കൈമാറും. അന്വേഷണം അവസാനഘട്ടത്തിലാണ്. കെ.എ.പി. നാലാം ബറ്റാലിയൻ കമൻഡാന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രാഥമികാന്വേഷണത്തിലെ വീഴ്ചകളും റിപ്പോർട്ടിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴി എസ്.െഎ.ടി. സംഘം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ മൊഴിയുമെടുത്തിയിരുന്നു. വീണാ ജോർജിന്റെ ഗൺമാൻ അഭിലാഷിന്റെ മൊഴിയാണ് നിർണായകമായത്.
വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് ആക്രമിച്ചെന്ന മൊഴിനൽകിയതെന്നും ഗൺമാൻ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി തിരുത്തിനൽകിയിരുന്നു.
സമരക്കാർ തന്നെ വധിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വീണാ ജോർജും എസ്.െഎ.ടി.ക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. ഗൺമാന്റെ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കെ.എസ്.യു. പ്രവർത്തകരുടെ പേരിൽ വധശ്രമത്തിന് കേസെടുത്തത്.
റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാചുമതലയിലുണ്ടായിരുന്ന കണ്ണൂർ ടൗൺ മുൻ എസ്.ഐ. വി.വി. ദീപ്തി തന്റെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്നത് കള്ളമൊഴിയാണെന്നും അന്വേഷണസംഘത്തിന് മൊഴി നൽകി.
കെ.എസ്.യു. ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയി എന്ന് അന്വേഷണസംഘം വ്യാജമായി എഴുതിച്ചേർത്തതാണെന്നും ആദ്യ അന്വേഷണസംഘം തന്റെ മൊഴിയെടുത്തിട്ടേയില്ലെന്നുമാണ് അവർ അറിയിച്ചത്.
തൊണ്ടിയായി കിട്ടിയത് കരിന്തുണി മാത്രം
കേസിൽ കെ.എസ്.യു. നേതാക്കളെ തെളിവെടുപ്പിന് എത്തിച്ചിട്ടും ആക്രമിച്ച ആയുധം കണ്ടെത്താനായില്ല. മന്ത്രിക്കുനേരേ വീശിയ കരിന്തുണി വാങ്ങിയ കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയതല്ലാതെ കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
സംഭവത്തിൽ സാക്ഷികളില്ല. റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചില്ല. വീണാ ജോർജിന്റെ കഴുത്തിൽ ആക്രമിച്ചതിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ചികിത്സിച്ച കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരും അന്വേഷണസംഘത്തിന് മൊഴിനൽകിട്ടുണ്ട്. ഇത്തരത്തിൽ നിരവധി തിരുത്തലുകളും കൂട്ടിച്ചേർക്കലും അന്വേഷണസംഘത്തിന് മുന്നിലെത്തി.
കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ട്രഷറർ വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, വടകര സ്വദേശി ബിതുൽ ബാലൻ, അഹമ്മദ് യാസിന് എന്നിവരാണ് കേസിലെ പ്രതികൾ.
Content Highlights: The Special Investigation Team is finalizing its re-investigation report regarding the protest against former Minister Veena George, which revealed key statements including the gunner's revised testimony.