പ്രവർത്തകർ ആക്രമിച്ചില്ല, മന്ത്രിയും ഗൺമാനും പെരുപ്പിച്ചുകാണിച്ചു; വീണാ ജോർജിനെതിരായ വധശ്രമക്കേസിൽ KSU-വിന് ക്ലീൻചിറ്റ്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) പുനരന്വേഷണ റിപ്പോർട്ട് ഡി.ജി.പി.ക്ക് സമർപ്പിച്ചു. ആയുധങ്ങളൊന്നുമില്ലാതെ കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തതെന്നാണ് റിപ്പോർട്ടിന്റെ അന്തസ്സത്ത.
കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. വീണാ ജോർജും ഗൺമാനും പെരുപ്പിച്ചുകാണിച്ച രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോയത്. ഗൺമാനെതിരായ നടപടി ഡി.ജി.പി.യുടെ വിവേചനാധികാരം ഉപയോഗിച്ച് എടുക്കാവുന്നതാണെന്ന് റിപ്പോർട്ടിലുണ്ട്.
വീണാ ജോർജിനെതിരേയും ഗൺമാൻ എം.എസ്. അഭിലാഷിനെതിരേയും ടി.ഒ. മോഹനൻ എം.എൽ.എ. കോടതിയിൽ നൽകിയ സ്വകാര്യ ഹർജി നിലനിൽക്കുന്നതിനാൽ റിപ്പോർട്ടിൽ നടപടികളൊന്നും ശുപാർശ ചെയ്തിട്ടില്ലെന്നാണറിയുന്നത്. കെ.എ.പി. നാലാം ബറ്റാലിയൻ കമൻഡാന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് ഒപ്പിട്ട് കൈമാറിയതിന് തൊട്ടുപിന്നാലെ പ്രേമൻ സർവീസിൽനിന്ന് വിരമിച്ചു.
അഞ്ച് കെ.എസ്.യു. പ്രവർത്തകർ വീണാ ജോർജിന് നേരേ ചാടിവീണ് കഴുത്തിന് ആക്രമിച്ചതായുള്ള എഫ്.ഐ.ആറിനെ സാധൂകരിക്കുന്ന മൊഴികളും തെളിവുകളും ഇല്ലാതെയാണ് എസ്.ഐ.ടി. റിപ്പോർട്ട് നൽകിയത്. ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരേ കെ.എസ്.യു. പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്.
Content Highlights: SIT submitted its re-investigation report to the DGP giving a clean chit to KSU workers in the Kannur railway station protest case, stating they held black cloth without weapons and that allegations were exaggerated.