KSU കരിങ്കൊടി പ്രതിഷേധം; വീണയെ മൂന്നര മണിക്കൂർ വിസ്തരിച്ചു, വധശ്രമം സംബന്ധിച്ച് മൊഴിയിലില്ലെന്ന് സൂചന

#ന്യൂസ് ഡെസ്ക്
Photo: mathrubhumi
Photo: mathrubhumi

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രേഖപ്പെടുത്തി. പത്തനംതിട്ട കൊടുമണിലെ വീട്ടിൽ ശനിയാഴ്ചയാണ് കെ.എ.പി. നാലാം ബറ്റാലിയൻ കമൻഡാന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നരമണിക്കൂറോളം ചെലവഴിച്ച് മൊഴിയെടുത്തത്. പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു. പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്നതിനുള്ള സൂചനകളൊന്നും വീണാ ജോർജിന്റെ മൊഴിയിലുമില്ലെന്നാണ് അറിയുന്നത്. അടിക്കുന്നത് കണ്ടോയെന്ന ചോദ്യത്തിനും മുൻ മന്ത്രി വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് സൂചന.

വീണാ ജോർജിന്റെ ഗൺമാൻ എം.എസ്. അഭിലാഷിന്റെയും സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് പോലീസുകാരുടെയും മൊഴി എസ്.ഐ.ടി. നേരത്തേ രേഖപ്പെടുത്തിയിരുന്നു. കെ.എസ്.യു. പ്രവർത്തകർ അടിക്കുന്നത് കണ്ടില്ലെന്നാണ് പോലീസുകാരും മൊഴി നൽകിയതെന്നാണ് അറിയുന്നത്.

കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവർക്കെതിരേയാണ് വധശ്രമം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മന്ത്രിക്ക് പ്രതിഷേധത്തിനിടയിൽ പരിക്കേറ്റതിനെ തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് റെയിൽവേ പോലീസ് ആദ്യം കേസെടുത്തത്. കണ്ണൂർ സബ് ജയിലിൽ 16 ദിവസത്തെ റിമാൻഡിന് ശേഷമാണ് കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്.

2026 ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരേ കെ.എസ്.യു. പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ’കൊല്ലെടാ’ എന്ന് ആക്രോശിച്ച് എന്തോ ആയുധം ഉപയോഗിച്ച് അഞ്ച് കെ.എസ്.യു. പ്രവർത്തകർ മന്ത്രിക്കുനേരേ ചാടിവീണ് കഴുത്തിന് ആക്രമിച്ചു എന്നായിരുന്നു എഫ്.ഐ.ആർ. ഒപ്പം മന്ത്രിയുടെയും ഗൺമാന്റെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും റെയിൽവേ സ്റ്റേഷൻ പരിസരത്ത് അതിക്രമിച്ച്‌ കയറി പ്രശ്‌നങ്ങളുണ്ടാക്കിയതിനും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വകുപ്പുകൾ ചുമത്തിയിരുന്നു. എന്നാൽ, കുറ്റപത്രം നൽകുമ്പോൾ വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ ഗുരുതര വകുപ്പുകൾ ഒഴിവാക്കുകയായിരുന്നു. കണ്ണൂർ എ.സി.പി. എം.പി. ആസാദും എസ്.ഐ.ടി. അംഗമാണ്.