വെള്ളാപ്പള്ളിയുടെ പ്രസ്താവന പരിശോധിക്കും, എൻഎസ്എസിന് തന്നോട് അകൽച്ചയുള്ളതായി തോന്നിയിട്ടില്ല-സതീശൻ

വെള്ളാപ്പള്ളി നടേശന്‍, വി.ഡി. സതീശന്‍, ജി. സുകുമാരൻ നായർ| Photo: Mathrubhumi archives
വെള്ളാപ്പള്ളി നടേശന്‍, വി.ഡി. സതീശന്‍, ജി. സുകുമാരൻ നായർ| Photo: Mathrubhumi archives

തിരുവനന്തപുരം: എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിമർശിക്കുന്നതുപോലെ പ്രതിപക്ഷ നേതാവിനേയും ആർക്കും വിമർശിക്കാം. വെള്ളാപ്പള്ളിയുടെ പ്രസ്താവന പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണോ അതോ താൻ തിരുത്തുന്നതിനായാണോ എന്ന് ശ്രദ്ധിക്കുമെന്നും 
സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി. 

അടുത്ത കാലത്തായി നാക്കുപിഴയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ തിരുത്തും. തെറ്റുകൾ മനുഷ്യസഹജമല്ലേയെന്നും താൻ ആരുമായും പിണക്കത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയുടെ പ്രസ്താവന സന്തോഷവും അഭിമാനവുമുണ്ടാക്കി. കഴിഞ്ഞമാസം അദ്ദേഹം പറഞ്ഞത് മൂന്നാമതും പിണറായി വിജയൻ അധികാരത്തിൽ വരുമെന്നാണ്. 2026-ൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകുമെന്നുമാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. ഇതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമുണ്ട്, പ്രതിപക്ഷനേതാവ് പറഞ്ഞു.  

മന്നം ജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ എൻഎസ്എസ് ക്ഷണിച്ചതിലും സതീശൻ നിലപാട് വ്യക്തമാക്കി. 'എന്‍.എസ്.എസ് രമേശ് ചെന്നിത്തലയെ വിളിച്ചത് നല്ല കാര്യമല്ലേ. കഴിഞ്ഞ തവണ ശശി തരൂരിനെ വിളിച്ചു. നേരത്തെ കെ. മുരളീധരനെയും ഉമ്മന്‍ ചാണ്ടിയെയും വിളിച്ചിട്ടുണ്ട്. ഒരു പ്രധാനപ്പെട്ട പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യം ഉണ്ടാകുന്നതില്‍ ഞങ്ങള്‍ക്കല്ലേ അതിന്റെ സന്തോഷം. കോൺ​ഗ്രസിന്റേയോ യുഡിഎഫിന്റെയോ ഏതൊരു നേതാവും ഏത് സാമുദായിക സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാൽ അതിന്റെ ​ഗുണം ലഭിക്കുന്നത് കോൺ​ഗ്രസിനും യുഡിഎഫിനുമാണ്. എല്ലാ കോൺ​ഗ്രസ് നേതാക്കൾക്കും വിവിധ സാമുദിക സംഘടനകളുമായി ബന്ധമുണ്ട്. എനിക്ക് മാത്രം പോരല്ലോ ബന്ധം, എല്ലാവർക്കും വേണ്ടേ. ഒരു പരിപാടിയിൽതന്നെ എല്ലാവർക്കും പങ്കെടുക്കാൻ പറ്റുമോ. സമുദായ സംഘടനകൾക്ക് അവർക്ക് കൂടുതൽ അടുപ്പവും ബന്ധവും ഉള്ളവരെ വിളിക്കും. കോൺ​ഗ്രസ് നേതാക്കന്മാരെയല്ലേ വിളിക്കുന്നത്. ഏത് കോൺ​ഗ്രസ് നേതാവും മത സംഘടനകളുമായും സമൂഹത്തിലെ ആരുമായും കൂടുതൽ ബന്ധം സ്ഥാപിച്ചാൽ കൂട്ടത്തിൽ ഏറ്റവും സന്തോഷിക്കുന്ന ഒരാൾ താനായിരിക്കും', സതീശൻ പറഞ്ഞു. 

എൻഎസ്എസിന് തന്നോട് അകൽച്ചുള്ളതായി തോന്നിയിട്ടില്ലെന്നും എല്ലാവരുമായും നല്ല ബന്ധമാണുള്ളതെന്നും വ്യക്തമാക്കിയ അദ്ദേഹം, രാഷ്ട്രീയവും മതവും തമ്മിൽ പ്രത്യേകമായൊരു അകലം വേണമെന്നതാണ് തന്റെ നിലപാടെന്നും കൂട്ടിച്ചേർത്തു.  

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ചും കഴിഞ്ഞദിവസം എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രം​ഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണെന്നുമായിരുന്നു ആരോപണം. മന്നം ജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ എൻഎസ്എസ് ക്ഷണിച്ചതിന് പിന്നാലെയായിരുന്നു ഇത്.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി ചെന്നിത്തല കുറച്ചുദിവസങ്ങൾക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ മന്നം ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി എൻ.എസ്.എസ്. ചെന്നിത്തലയെ ക്ഷണിക്കുകയും ചെയ്തു.

ഇതിനെ പിന്തുണച്ചുകൊണ്ടാണ് വെള്ളാപ്പള്ളി വെള്ളിയാഴ്ച സംസാരിച്ചത്. 'സമുദായ സംഘടനകളോട് രാഷ്ട്രീയ നേതാക്കൾ എപ്പോഴും അടുപ്പം പുലർത്തണം. സാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് പറഞ്ഞ് അവസാനിപ്പിക്കണം. അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണം,' വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ചെന്നിത്തല ഇരുത്തംവന്ന നേതാവാണെന്നും അത്തരത്തിലാണ് ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'എൻ.എസ്.എസുമായി ചെന്നിത്തല അകന്നുനിൽക്കാൻ പാടില്ല. പിണക്കങ്ങൾ തീർത്ത് ഇണങ്ങി പോകുന്നതാണ് എല്ലാ രാഷ്ട്രീയ നേതാക്കൾക്കും നല്ലത്. ചെന്നിത്തല അതിനുവേണ്ട കാര്യങ്ങൾ ചെയ്തുകഴിഞ്ഞു, അത് മികച്ച തീരുമാനമാണ്,' വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി.-എൻ.എസ്.എസ്. നേതൃത്വത്തോട് സതീശനെക്കാളും അടുപ്പം ചെന്നിത്തലയ്ക്കാണ്. എൻ.എസ്.എസിനോട് അടുത്ത് നിൽക്കേണ്ടയാളാണ് രമേശ് ചെന്നിത്തലയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇതിനിടെ വി.ഡി. സതീശനെതിരായ പ്രസ്താവനകളും വെള്ളാപ്പള്ളി നടത്തി.

'പ്രതിപക്ഷ നേതാവിനുവേണ്ട മെയ്‌വഴക്കം വി.ഡി. സതീശനില്ല. അദ്ദേഹത്തിന്റെ നാക്ക് മോശമാണ്. പക്വതയില്ലാതെ, വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണ് പ്രതിപക്ഷ നേതാവ്', എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. എസ്.എൻ.ഡി.പി., എൻ.എസ്.എസ്. ജനറൽ സെക്രട്ടറിമാരുമായി ഇപ്പോൾ വി.ഡി. സതീശൻ അത്ര നല്ല ബന്ധത്തിലല്ല. മാത്രമല്ല, എതിർപക്ഷത്ത് നിന്നുകൊണ്ട് ഇരുസംഘടകൾക്കും എതിരെ പരസ്യമായ പ്രസ്താവനകൾ നടത്തുന്നുമുണ്ട്. പ്രതിപക്ഷ നേതാവിനോട് ഇരുസംഘടനകൾക്കുമുള്ള താൽപര്യമില്ലായ്മ കൂടിയാവാം രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോൾ നൽകുന്ന പരസ്യപിന്തുണയ്ക്ക് പിന്നിലുള്ള കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

 
 

Content Highlights: vd satheesan replied to vellapally natesans criticism