'വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ..’; എംഎൽഎയായുള്ള സത്യപ്രതിജ്ഞയിലും പേര് ആവർത്തിച്ച് സതീശൻ

തിരുവനന്തപുരം: പറവൂരിൽ നിന്നുള്ള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി. സതീശൻ. ദൈവനാമത്തിലാണ് സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിലും പിതാവിന്റെ പേരായ ‘ദാമോദര മേനോൻ’ അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സതീശൻ സത്യപ്രതിജ്ഞ ചെയ്തത് ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.
‘വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ’ എന്ന് പറഞ്ഞാണ് മന്ത്രിയായുള്ള സത്യപ്രതിജ്ഞ നടത്തിയത്. പിതാവിന്റെ പേരിനൊപ്പമുള്ള മേനോൻ എന്നത് സത്യവാചകത്തിനൊപ്പം പറഞ്ഞതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. പിന്നീട്, ഇക്കാര്യത്തിൽ അദ്ദേഹം മറുപടി നൽകിയിരുന്നു.
സത്യപ്രതിജ്ഞാ വേളയിൽ പിതാവിന്റെ പേര് പരാമർശിച്ചതിനേച്ചൊല്ലിയുള്ള ആരോപണങ്ങളെ തള്ളിയ സതീശൻ, തന്റെ മുഴുവൻ പേര് വായിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും പാസ്‌പോർട്ടിലും മറ്റും ഇത്തരത്തിലാണ് രേഖപ്പെടുത്താറുള്ളതെന്നും വിശദീകരിച്ചിരുന്നു.
താൻ എം.എൽ.എ ആകുന്നതിന് മുൻപുതന്നെ മാതാപിതാക്കൾ മരണപ്പെട്ടതാണെന്നും അവരോടുള്ള സ്മരണ പുതുക്കാനാണ് അച്ഛന്റെ മുഴുവൻ പേര് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പിതാവിന്റെ പേര് പറഞ്ഞതുപോലെ അമ്മയുടെ പേര് കൂടി പറയാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും അതിന് അവസരം ലഭിക്കാത്തതിലാണ് തനിക്ക് സങ്കടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാപിതാക്കളുടെ പേര് അഭിമാനത്തോടെയാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെയാണ് എംഎൽഎ ആയുള്ള സത്യപ്രതിജ്ഞയിലും അദ്ദേഹം ഇത് ആവർത്തിച്ചത്.
Content Highlights: VD Satheesan officially takes oath as Paravur MLA., Oath taken in the name of God., Satheesan clarifies the controversy regarding mentioning his father's full name., He emphasized his pride in honoring his late parents during the ceremony.