മാരാമൺ കൺവെൻഷനിൽ വി.ഡി.സതീശനെ ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകർ

#സി.കെ.അഭിലാൽ/ മാതൃഭൂമി ന്യൂസ്
വി.ഡി.സതീശൻ,എബി കെ ജോഷ്വാ | Photo: Mathrubhumi
വി.ഡി.സതീശൻ,എബി കെ ജോഷ്വാ | Photo: Mathrubhumi

തിരുവല്ല: മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് കൺവെൻഷന്റെ സംഘാടകരായ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി എബി കെ ജോഷ്വാ. കണ്‍വെന്‍ഷനില്‍ നിന്ന് വി.ഡി. സതീശനെ ഒഴിവാക്കിയെന്ന വിവാദത്തിലാണ് പ്രതികരണം. പത്തനംതിട്ട പ്രസ്‌ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം ക്ഷണം ലഭിച്ചെന്നും പങ്കെടുക്കേണ്ടെന്ന അറിയിപ്പ് ലഭിച്ചില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ വിശദീകരണം.

സഭയ്‌ക്കോ സുവിശേഷ സംഘത്തിനോ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചതായി അറിവില്ല. യുവവേദിയിൽ പങ്കെടുക്കേണ്ടവരെക്കുറിച്ച് അന്തിമ തീരുമാനമെടുത്തതിനുശേഷം മാര്‍ത്തോമ മെത്രോപോളിത്ത അറിയിക്കും.  മാര്‍ത്തോമാ സഭയുടെ മെത്രാപൊളിത്തയും സുവിശേഷ പ്രസംഗ സംഘത്തിന്റെ പ്രസിഡന്റും കൂടിയാലോചന നടത്തിയാണ് മാരാമണ്‍ കണ്‍വെന്‍ഷന്റെ ക്രമീകരണം നടത്തുന്നത്- എബി കെ ജോഷ്വാ വ്യക്തമാക്കി.

കണ്‍വന്‍ഷനിൽ ആരൊക്കെ , ഏതൊക്കെ പരിപാടികളില്‍ പ്രസംഗിക്കണമെന്നത് സംബന്ധിച്ച് ഒരു പാനല്‍ തയ്യാറാക്കുകയാണ് സാധാരണ ചെയ്യുന്നത്. അതിന് അന്തിമമായി അംഗീകാരം നല്‍കുന്നത് സഭയുടെ അധ്യക്ഷനാണ്. 

കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് കണ്‍വെന്‍ഷന്റെ വേദിയില്‍ പ്രാസംഗികനായി എത്തുന്നത് വരാനിരിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന സംശയം മാർത്തോമാ സഭയിലെ ഇടത് അനുകൂലികൾ ഉന്നയിച്ചിരുന്നു. ഇടതുപക്ഷത്തുനിന്നുള്ള ഒരു നേതാവ് കൂടി വേദിയിലുണ്ടാകണമെന്ന് സഭയ്ക്കുള്ളില്‍ നിന്ന് അഭിപ്രായമുയര്‍ന്നു. ഇതോടെ സമവായ നയമെന്ന നിലയില്‍ സഭ വിഡി സതീശനെ ഒഴിവാക്കിയതാകാമെന്നാണ് നിഗമനം. അതേസമയം പ്രതിപക്ഷനേതാവിനെ ക്ഷണിച്ചത് മാധ്യമവാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നാണ് സഭ പ്രതിനിധികളുടെ വിശദീകരണം. യുവജനവേദിയില്‍ മറ്റാരെങ്കിലും പങ്കെടുക്കുന്നുണ്ടോയെന്നത് വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയില്ല.


 

Content Highlights: Maramon Convention organizers deny officially inviting opposition leader VD Satheesan