ലീഗിന് കിട്ടിയ അംഗീകാരമാണോയെന്ന് ചോദ്യം; ജനവിധി മാനിച്ച തീരുമാനമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: ജനവിധി മാനിച്ചുകൊണ്ടുള്ള തീരുമാനമാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. നല്ല ഭരണം കാഴ്ചവെക്കാൻ വി.ഡി. സതീശന് സാധിക്കും. അടുത്ത അഞ്ചുവർഷക്കാലം ടീം യുഡിഎഫിന്റെ ഭരണമായിരിക്കുമെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. ലീഗ് മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
'വലിയ സന്തോഷം. വി.ഡി. സതീശന് അഭിനന്ദനങ്ങൾ. ഹൈക്കമാൻഡ് തീരുമാനമാണ് പ്രധാനമെന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നതാണ്. ഹൈക്കമാൻഡ് തീരുമാനം കേരള ജനതയ്‌ക്കൊപ്പം മുസ്ലിം ലീഗും പരിപൂർണ്ണമായി അംഗീകരിക്കുന്നു. നല്ല ഭരണം നടത്താൻ സതീശന് സാധിക്കും. ടീം യുഡിഎഫ് എന്നാണ് തിരഞ്ഞെടുപ്പിന്റെ എല്ലാ സമയത്തും സതീശൻ പറഞ്ഞത്. ടീം യുഡിഎഫിന്റെ ഭരണമായിരിക്കും അടുത്ത അഞ്ചുവർഷക്കാലം', സാദിഖലി തങ്ങളുടെ വാക്കുകൾ.
'എഐസിസിയാണ് അന്തിമതീരുമാനം എടുത്തത്. ഹൈക്കമാൻഡ് ജനാധിപത്യപരമായ എല്ലാകാര്യങ്ങളും പരിശോധിച്ചു. എല്ലാ ജനാധിപത്യപ്രക്രിയകളും ചർച്ച ചെയ്തു. ഘടകകക്ഷികളുടെ അഭിപ്രായം ഒന്നിലേറെ തവണ ഞങ്ങളോട് ചോദിച്ചു. ഇന്നും ഖാർഗെ ജി ഞങ്ങളെ വിളിച്ചു. അഭിപ്രായങ്ങൾ പറഞ്ഞു. ജനാധിപത്യപ്രക്രിയ പൂർത്തീകരിക്കാൻ അല്പം സമയമെടുത്തു. മറ്റ് ബുദ്ധിമുട്ടൊന്നുമില്ല', അദ്ദേഹം പറഞ്ഞു.
സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ലീഗിന് കിട്ടിയ അംഗീകാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും സാദിഖലി തങ്ങൾ പ്രതികരിച്ചു. കേരള ജനതയുടെ ജനവിധി മാനിച്ചുകൊണ്ടുള്ള തീരുമാനമാണ് കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചത് എന്നായിരുന്നു മറുപടി.
Content Highlights: Sadiqali Thangal confirms full support for VD Satheesan as Kerala CM. The upcoming 5-year term is officially declared as Team UDF governance. AICC and Congress High Command consulted allies before finalizing the decision. Muslim League to announce their cabinet ministers shortly