മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി, തുലാഭാരം നടത്തി

#കല്ലൂർ ഉണ്ണികൃഷ്ണൻ
ഗുരുവായൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വെണ്ണ കൊണ്ട് തുലാഭാരം നടത്തുന്നു
ഗുരുവായൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വെണ്ണ കൊണ്ട് തുലാഭാരം നടത്തുന്നു

ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ ദർശനം നടത്തി. രാവിലെ 6. 40 ന് ശ്രീവത്സം ഗസ്റ്റ് ഹൗസിനു മുന്നിൽ കാറിൽ വന്നിറങ്ങിയ മുഖ്യമന്ത്രി റവന്യൂ മന്ത്രി എ.പി അനിൽ കുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.

താലിക്കെട്ട് കഴിഞ്ഞെങ്കിലും വധൂവരൻമാരെ ആശീർവദിച്ചും ഫോട്ടോ എടുത്തും അവർക്കൊപ്പം പത്തു മിനിറ്റ് ചെലവഴിച്ചു. 6:50 ന് ക്ഷേത്രത്തിലേക്ക് കടന്നു.

മന്ത്രി എ.പി അനിൽ കുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പങ്കെടുത്തപ്പോൾ

കിഴക്ക ഗോപുരകവാടത്തിലെ ഡോർ മെറ്റൽ ഡിറ്റക്ടറിനു മുൻപിൽ വെച്ച്, നീല വരയുള്ള ഷർട്ടൂരി , കസവു വേഷ്ടിയണിഞ്ഞു. ക്ഷേത്രത്തിൽ ശീവേലി സമയമായിരുന്നു. സോപാനത്തിനു മുൻപിൽ വെണ്ണയും കദളിപ്പഴവും സമർപ്പിച്ചു. മേൽശാന്തിയിൽ നിന്ന് പ്രസാദം വാങ്ങി. ദർശനത്തിനു ശേഷം വെണ്ണയും തീർഥവും കൊണ്ട് തുലാഭാരവും നടത്തി. 7:35 ന് പുറത്തുകടന്നു .കിഴക്കേ നടയിലെ ഗണപതിയ്ക്ക് നാളികേരമുടച്ചു പ്രാർഥിച്ചു. ശ്രീവത്സത്തിൽ കളക്ടർ ശിഖ സുരേന്ദ്രൻ ,ദേവസ്വം ചെയർമാൻ വി.കെ. ഗോപിനാഥൻ, അഡ്മിനിസ്ട്രറ്റർ ഒ.ബി. അരുൺ കുമാർ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. കെ. കരുണാകരനു ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. ക്ഷേത്രത്തിനകത്തും പുറത്തും ഭക്തജനങ്ങൾ ആർപ്പുവിളിച്ചും കരഘോഷം മുഴക്കിയും വി.ഡി. സതീശനോടുള്ള സ്നേഹം പ്രകടിപ്പിച്ചു.

Content Highlights: VD Satheesan becomes the first Kerala CM to visit Guruvayur Temple since K. Karunakaran., The CM attended a wedding ceremony before proceeding to the temple., He performed Thulabharam and offered prayers at the Sopanam.