നൂറുകൂട്ടം തർക്കം, നൂറുദിന ഒരുക്കം; വി.ഡി. സതീശൻ സർക്കാരിന്റെ നൂറാം ദിനം നാളെ

#ബിജു പരവത്ത്
വി.ഡി. സതീശൻ | Photo: Mathrubhumi
വി.ഡി. സതീശൻ | Photo: Mathrubhumi

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റിട്ട് ചൊവ്വാഴ്ച നൂറുദിവസം പൂർത്തിയാകുന്നു. മേയ് 18-ന് സത്യപ്രതിജ്ഞ. അന്നുമുതൽ വാഗ്ദാനങ്ങൾ പാലിക്കാനുള്ള വഴിയൊരുക്കം. പിന്നാലെ, ഒട്ടുംകുറയാതെയുണ്ട് വിവാദങ്ങളും വിമർശനങ്ങളും. പിണറായി എങ്ങനെയായിരുന്നോ, അങ്ങനെയാവാതിരിക്കുകയാണ് തന്റെ രാഷ്ട്രീയവിജയമെന്ന് സതീശൻ നന്നായി തിരിച്ചറിയുന്നുണ്ട്. സെക്രട്ടേറിയറ്റിനുമുൻപിൽ ഉദ്യോഗാർഥികളുടെ സമരം നീണ്ടപ്പോൾ, ‘ഇനിയും ചർച്ച നടത്തും, ഞാൻതന്നെ കാണും’ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനുപിന്നിൽ ഈ ബോധ്യമുണ്ട്. മന്ത്രിസഭാതീരുമാനം വിശദീകരിക്കാൻ പത്രസമ്മേളനം നടത്തുന്ന രീതിയും അദ്ദേഹം തിരിച്ചുകൊണ്ടുവന്നു.

‘തൂഫാനു’മായി ഇറങ്ങിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നൂറുദിവസത്തെ സർക്കാരിന്റെ മാർക്കിൽ മുൻപിലുള്ളതും കൈയടിനേടിയതും. കെ. മുരളീധരനാണ് വകുപ്പിൽ ക്രിയാത്മകമായി ഇടപെടുന്നതിൽ മാർക്കുനേടിയ മറ്റൊരാൾ. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ തുടങ്ങിയ ശീതസമരവും തർക്കവും മാറാത്ത പോറലായി ഇപ്പോഴുമുണ്ട്. പലവകുപ്പുകൾക്കും ഇനിയും ട്രാക്കിൽ കയറാനായിട്ടില്ല. രണ്ടുമന്ത്രിമാർക്ക് പ്രൈവറ്റ് സെക്രട്ടറിമാരെ നിശ്ചയിക്കാൻ 90 ദിവസം വേണ്ടിവന്നു.

ബോർഡ്-കോർപ്പറേഷനുകളിൽ ഇപ്പോഴും നിയമനം നടന്നിട്ടില്ല. പേഴ്‌സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ച് മന്ത്രി സണ്ണിജോസഫ് പേരുദോഷത്തിന് തുടക്കമിട്ടു. പ്ലീഡർ നിയമനത്തിൽ അടിമുടി ആരോപണങ്ങളുണ്ടായി. ദേവസ്വം വകുപ്പിന്റെ പ്ലീഡറായി ശബരിമലക്കേസിലെ പ്രതിഭാഗം അഭിഭാഷകനെ നിശ്ചയിച്ചത് അതിലേറെ കുരിശ്ശായി. ‘സംഘിവത്‌കരണം’ എന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതേ ആരോപണം കെ.പി.സി.സി. ഭാരവാഹിയും ഉന്നയിച്ചു. പടലപ്പിണക്കത്തിന്റെ തീയണഞ്ഞിട്ടില്ലെന്ന് അതോടെ ബോധ്യമായി.

ഭരണകാലത്തെ ചെയ്തികളുടെ കണക്കുചോദിക്കപ്പെടുന്നതിന്റെയും അന്വേഷണത്തിന്റെ മുനകുത്തിയിറങ്ങുന്നതിന്റെയും നീറ്റൽ പ്രതിപക്ഷത്തിനുണ്ടെന്നതും ഈ 100 ദിവസത്തെ കണക്കിൽപ്പെടും. മുഖ്യമന്ത്രിക്ക് വാക്കാണ് ആയുധമെന്നതിനാൽ, ആ വാക്കിന്റെ വിശ്വാസ്യതയെ തകർക്കുക എന്നതാണ് പ്രതിപക്ഷദൗത്യം. ഇതുവരെയുള്ള 100 ദിവസം, ഇടതുസർക്കാർചെയ്ത കാര്യങ്ങളുമായി തുലനംചെയ്ത് പിടിച്ചുനിൽക്കാനായിട്ടുണ്ടാകും. പക്ഷേ, ഇനിയുള്ള ദിനങ്ങൾ ഈ സർക്കാർമാത്രം വിലയിരുത്തപ്പെടുന്ന നാളുകളാകും.

Content Highlights: VD Satheesan government completes 100 days in office. Read an analysis of achievements, controversies, and political challenges.