'CPM വാരിക്കുന്തവുമായി പ്രതിക്ക് കാവൽനിൽക്കുന്നു; ഉന്നാവോ പോലെ വണ്ടിപ്പെരിയാർ കേസ് ഇല്ലാതാക്കുന്നു'

വി.ഡി. സതീശന്‍ | Photo: Screen grab/ Sabha TV
വി.ഡി. സതീശന്‍ | Photo: Screen grab/ Sabha TV

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എന്ത് നീതിയാണ് നടപ്പാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംഭവം നടന്ന അന്നു മുതല്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് വിധി പ്രസ്താവത്തില്‍ പറയുന്നത്. അന്വേഷണത്തില്‍, പ്രോസിക്യൂഷനില്‍ എല്ലായിടത്തും തെളിവുകളും നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ട നടപടിയില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് നടത്തിയ വാക്ക് ഔട്ട് പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൂരമായ ഹീനകൃത്യം തെളിയിക്കപ്പെടേണ്ടത്. അത് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്വേഷണ ഉദ്യോഗസ്ഥന്‍ തുടക്കം മുതല്‍ക്കെ അടച്ചു. ആദ്യം ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ചു. എന്റെ കൊച്ചിനെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതി നിലവിളിക്കുകയാണ്. അതിനൊപ്പം ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ട് പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാനുള്ള ശ്രമം നടത്തിയത് ലജ്ജിപ്പിക്കുന്ന സംഭവമാണ്. പ്രതിയാണ് മൃതശരീരം ഏറ്റുവാങ്ങിയത്. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് ജനല്‍ തുറന്നു കിടക്കുകയായിരുന്നെന്ന് ദൃക്സാക്ഷി മൊഴിയുണ്ട്. ജനലില്‍ കൂടിയാണ് പ്രതി രക്ഷപ്പെട്ടത്. രണ്ടാമത് വീടിനുള്ളില്‍ കയറിയ പ്രതി ജനലിന്റെ കൊളുത്തിട്ടു. എന്നാല്‍ ജനലിന്റെ കൊളുത്ത് ഇട്ടിട്ടുണ്ടെന്നും പ്രതിക്ക് വീട്ടിനുള്ളില്‍ കയറാനുള്ള ഒരു സാധ്യതയും ഇല്ലെന്നാണ് പോലീസ് കണ്ടെത്തല്‍. പ്രതിയെ ചോദ്യം ചെയ്തിരുന്നെങ്കില്‍ കൃത്യമായ വിവരം ലഭിച്ചേനെ. പ്രതി ആരാണെന്ന് അറിഞ്ഞിട്ടും തെളിവ് നശിപ്പിക്കാന്‍ പൊലീസ് കൂട്ടു നിന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

വിധി വന്നതിനു ശേഷം കുട്ടിയുടെ അച്ഛനും മുത്തച്ഛനും ആക്രമിക്കപ്പെട്ടു. ഇന്ത്യയില്‍ നടന്ന ഏറ്റവും ഹീനമായ കേസായ ഉന്നാവോയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ തീകൊളുത്തിക്കൊന്നു. അച്ഛന്‍ തടവറയില്‍ മരിച്ചു. പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയ രണ്ട് ബന്ധുക്കള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അതോടെ കേസ് തന്നെ ഇല്ലാതായി. അതു പോലെയാണ് പ്രതിയെ വെറുതെ വിട്ടതിനു പിന്നാലെ വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനും ആക്രമിക്കപ്പെട്ടത്. ആക്രമിച്ച പ്രതി ഓടിക്കയറിയത് സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസിലേക്കും. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ ബിയര്‍ കുപ്പികളും വാരിക്കുന്തവുമായാണ് സി.പി.എം നേരിട്ടത്. സര്‍ സി.പിക്കെതിരെ വാരിക്കുന്തവുമായി സമരം നടത്തിയ പാര്‍ട്ടിയാണ് സി.പി.എം എന്നത് ശരിയാണ്. എന്നാല്‍ ഇന്നത്തെ സി.പി.എം വാരിക്കുന്തവുമായി കാവല്‍ നിന്നത് പ്രതിയെ സംരക്ഷിക്കാനാണ്. തുടക്കെ മുതല്‍ക്കെ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വാളയാറിലും അട്ടപ്പാടിയിലും ഉണ്ടായത് സംഭവിക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അട്ടപ്പാടിയില്‍ വിശപ്പ് കൊണ്ട് ഭക്ഷണം എടുത്ത് കഴിച്ച മധുവിനെ കൊലപ്പെടുത്തി. വാളയാറില്‍ ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കി. ആ കേസൊക്കെ എവിടെപ്പോയി? ആ കേസിലൊക്കെ നിങ്ങളുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കാരും പ്രവര്‍ത്തകരും ഉണ്ടായിരുന്നു. അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിക്കാര്‍ എന്ത് ഹീനകൃത്യം ചെയ്താലും എന്ത് വിലകൊടുത്തും അവരെ സംരക്ഷിക്കും.  തെളിവ് നിയമത്തിന്റെ പ്രാഥമിക കാര്യങ്ങള്‍ പോലും അറിയാത്തെ ഉദ്യോഗസ്ഥനെയാണോ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. സീല്‍ ചെയ്യാതെയാണ് തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയത്. ഇത്രയും വലിയ സംഭവം നടന്നിട്ടും പിറ്റേ ദിവസമാണ് ആ വീട്ടില്‍ പോയത്. എന്നിട്ടാണ് മുഖ്യമന്ത്രി പോലീസിനെ പ്രശംസിക്കുന്നത്. ഇത് നാടിന് മുഴുവന്‍ അപമാനമാണ്. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയിട്ട് പോലീസ് ഇതുപോലെയാണ് അന്വേഷണം നടത്തുന്നതെങ്കില്‍ ഈ നാട്ടില്‍ എവിടെ നീതി കിട്ടും? അട്ടപ്പാടിയും വാളയാറും തന്നെയാണ് വണ്ടിപ്പെരിയാറിലും ആവര്‍ത്തിക്കപ്പെട്ടതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

വിധി വന്ന് ഒന്നര മാസമായിട്ടുംഒരു നടപടിയും എടുത്തില്ല. അപ്പീല്‍ പോയെന്നാണ് പറയുന്നത്. ഇതേ തെളിവുകളുമായല്ലേ അപ്പീലിന് പോകുന്നത്. നേരത്തെ വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചപ്പോഴാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. അപ്പീല്‍ പോകുന്നത് മാത്രമല്ല നടപടി. എന്ത് നിയമോപദേശമാണ് സ്വീകരിച്ചത്. ഇതേ തെളിവും വിധിയും വച്ച് ആ കുടുംബത്തിന് എന്ത് നീതി ലഭിക്കും. പുനരന്വേഷണത്തിന് പോലും മനഃപൂര്‍വം തയാറായില്ല. പാര്‍ട്ടിയുടെ ആവശ്യപ്രകാരം പ്രതിയെരക്ഷിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമം കേരളത്തിന് മുഴുവന്‍ അപമാനമാണ്. ഈ കേസിലെ ഒന്നാം പ്രതി സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlights: Opposition walks out accusing State police of failing to secure conviction Vandiperiyar rape