മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; ഹാഫ്കുക്ക്ഡ് ചപ്പാത്തിക്കട ഉടമയ്ക്ക് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്

വാഴക്കുളം: ചപ്പാത്തിക്ക് മാവുകുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു. വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ (52) ആണ് മരിച്ചത്.

വാഴക്കുളം ബ്രില്യൻസ് സ്റ്റഡി സെന്ററിനുസമീപത്തെ സ്റ്റാർ ഹാഫ്കുക്ക്ഡ് ചപ്പാത്തിക്കട ഉടമയാണ് റെജിമോൾ. ശനിയാഴ്ച രാവിലെ ഏഴോടെ വീടിന് സമീപത്തുതന്നെ സംസ്ഥാന പാതയോരത്തുള്ള സ്ഥാപനത്തിൽ യന്ത്രസഹായത്തോടെ മാവുകുഴയ്ക്കുന്നതിനിടെയായിരുന്നു അപകടം.

ഏറെനേരം കഴിഞ്ഞിട്ടും മാതാവിനെ കാണാതെ വന്നതോടെ മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് മെഷീനിൽ കൈ കുടുങ്ങി അബോധാവസ്ഥയിലായിരുന്ന റെജിയെ കണ്ടത്. ഉടൻതന്നെ വാഴക്കുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൈകൾക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ പിന്നീട് തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് മരിച്ചത്.

മേലുകാവ് പയസ് മൗണ്ട് പാറപ്ലായ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ് ജെസ്റ്റിൻ 22 വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ചു. മക്കൾ: ജാസ്മിൻ (വിദ്യാർഥിനി, ജ്യോതിദർശന, പുല്ലുവഴി), ജെസ്റ്റോ (വിദ്യാർഥി, വിശ്വജ്യോതി എൻജിനിയറിങ് കോളേജ്, വാഴക്കുളം). സംസ്കാരം ചൊവ്വാഴ്ച 10.30-ന് വാഴക്കുളം സെയ്ൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Content Highlights: Rejimol (52), owner of a half-cooked chapati shop in Vazhakulam, died following a machine accident., Her hand got stuck in the dough-kneading machine while preparing on Saturday morning., She succumbed to her injuries on Sunday night while undergoing treatment at a hospital in Thodupuzha., Funeral scheduled for Tuesday at St. George Forane Church Cemetery, Vazhakulam.